'ബുർഖ അഴിച്ചിട്ട് കയറിയാൽ മതി'; ഡൽഹിയിലെ സർക്കാർ ആശുപത്രിയിൽ മുസ്‌ലിം യുവതിക്ക് പ്രവേശനം നിഷേധിച്ചെന്ന് പരാതി
'ഗേറ്റ് പാസ് കാണിച്ചെങ്കിലും സുരക്ഷാ ജീവനക്കാരി അവഗണിച്ചു. എന്നാൽ മറ്റുള്ളവരെ അകത്തേക്ക് കടക്കാൻ അനുവദിച്ചു'.

Photo| Special Arrangement
ന്യൂഡൽഹി: ബുർഖയണിഞ്ഞെത്തിയ മുസ്‌ലിം യുവതിക്ക് ഡൽഹിയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശനം നിഷേധിച്ചെന്ന് പരാതി. ഡൽഹി സ്വദേശിനിയായ തബസ്സുമാണ് ആവശ്യമായ പാസുണ്ടായിട്ടും ഡൽഹി ഗുരു തേജ് ബഹാദൂർ സർക്കാർ ആശുപത്രിയിൽ പ്രവേശനം നിഷേധിച്ചതെന്ന പരാതിയുമായി രംഗത്തെത്തിയത്.
ആശുപത്രിയിൽ പ്രസവിച്ചുകിടക്കുന്ന സഹോദര ഭാര്യയെ കാണാനെത്തിയപ്പോഴായിരുന്നു സംഭവം. തബസ്സും സംഭവം വിവരിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. വനിതാ സുരക്ഷാ ജീവനക്കാരാണ് വസ്ത്രംധാരണം കണ്ട് തന്നെ തടഞ്ഞതെന്ന് തബസ്സും ആരോപിച്ചു. ഗേറ്റ് പാസ് കാണിച്ചെങ്കിലും അവർ അവഗണിച്ചു. എന്നാൽ മറ്റുള്ളവരെ അകത്തേക്ക് കടക്കാൻ അനുവദിച്ചു.
'എന്റെ കൈയിൽ പാസുണ്ടായിരുന്നു. പക്ഷേ എന്നെ രണ്ട് വനിതാ സുരക്ഷാ ജീവനക്കാർ തടഞ്ഞു. ബുർഖയിട്ട് അകത്തേക്ക് പോകാനാവില്ലെന്നും അഴിക്കണമെന്നും അവർ പറഞ്ഞു. ആശുപത്രിയിൽ ബുർഖ അനുവദിനീയമല്ലെന്നും വനിതാ വാർഡിൽ പോലും പോകാനാവില്ലെന്നും അവർ പറഞ്ഞു. എന്ത് നിയമപ്രകാരമാണ് അതെന്ന് ഞാൻ ചോദിച്ചെങ്കിലും വിശദീകരിക്കാൻ അവർ തയാറായില്ല'- യുവതി പറഞ്ഞു.
'ഇത് ലജ്ജാകരമാണ്. രോഗികളായ ബന്ധുക്കളെ സന്ദർശിക്കാൻ പോലും വസ്ത്രധാരണത്തിന്റെ പേരിൽ മുസ്‌ലിം യുവതിക്ക് അവസരം നിഷേധിക്കുന്നു'- തബസ്സുമിന്റെ ബന്ധുക്കളിൽ ഒരാൾ പറഞ്ഞു. രാജ്യത്ത് ഇത്തരം സംഭവങ്ങൾ എല്ലാ ദിവസവും നടക്കുന്നുണ്ടെന്നും സാധാരണയായി മാറിയെന്നും ജാമിഅ മില്ലിയ യൂണിവേഴ്സിറ്റിയിലെ സോഷ്യോളജിസ്റ്റ് പ്രൊഫ. ഇർഫാൻ അഹമ്മദ് പ്രതികരിച്ചു.
'ആദ്യം സ്കൂളുകളിലും കോളജുകളിലും ആയിരുന്നു ഇത്തരം വിലക്കുകൾ. ഇപ്പോൾ ആശുപത്രികളിലുമായി. ഇത്തരം പ്രവൃത്തികൾ ന്യൂനപക്ഷങ്ങളെ അത്യാവശ്യ പൊതു ഇടങ്ങളിൽ പോലും സുരക്ഷിതരല്ലെന്ന് തോന്നാൻ പ്രേരിപ്പിക്കുന്നു. ഇത് അസ്വീകാര്യമാണ്'- അദ്ദേഹം വിശദമാക്കി.
Adjust Story Font
16

