Quantcast

അമിത ജോലിഭാരവും സമ്മർദവും; തമിഴ്നാട്ടിലും എസ്ഐആർ ജോലികൾ ബഹിഷ്കരിച്ച് ബിഎൽഒമാർ

അങ്കണവാടി ജീവനക്കാർ, ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്ന ജീവനക്കാർ, മുനിസിപ്പൽ കോർപറേഷൻ തൊഴിലാളികൾ തുടങ്ങിയവർക്ക് എസ്ഐആറിന്റെ ഡിജിറ്റൽ വശങ്ങളെക്കുറിച്ച് ഒരു പരിശീലനവും നൽകാത്തതിനാൽ കൃത്യസമയത്ത് ജോലി പൂർത്തിയാക്കാൻ ബുദ്ധിമുട്ടാണെന്ന് ബിഎൽഒമാർ പറയുന്നു.

MediaOne Logo

Web Desk

  • Updated:

    2025-11-18 02:54:04.0

Published:

18 Nov 2025 8:10 AM IST

Revenue dept staff who works as BLOs to boycott SIR work in TN citing overload
X

Photo| Special Arrangement

ചെന്നൈ: എസ്ഐആറിലെ അമിത ജോലിഭാരവും സമ്മർദവും മൂലം കേരളത്തിന് പിന്നാലെ തമിഴ്നാട്ടിലും ബിഎൽഒമാരുടെ പ്രതിഷേധം ശക്തമാകുന്നു. എസ്ഐആർ ജോലികൾ ബഹിഷ്കരിക്കാൻ തീരുമാനിച്ചിരിക്കുകയാണ് തമിഴ്നാട്ടിലെ മുഴുവൻ റവന്യൂ ജീവനക്കാരും. നവംബർ 18 മുതൽ എസ്‌ഐആറുമായി ബന്ധപ്പെട്ട എല്ലാ ജോലികളും ബഹിഷ്‌കരിക്കുമെന്ന് ഫെഡറേഷൻ ഓഫ് റവന്യൂ അസോസിയേഷൻസ് (ഫെറ) പ്രഖ്യാപിച്ചു.

ജീവനക്കാർക്ക് ആവശ്യമായ പരിശീലനം നൽകുക, കൂടുതൽ ബിഎൽഒമാരെ നിയമിക്കുക, കഠിനമായ ജോലിഭാരം ഇല്ലാതാക്കുക, പരിശീലനത്തിന്റെ അപര്യാപ്തത, ആസൂത്രണത്തിലെ പോരായ്മ, ആവശ്യത്തിന് ജീവനക്കാരില്ല തുടങ്ങിയ ആവശ്യങ്ങളും കാര്യങ്ങളും ചൂണ്ടിക്കാട്ടിയാണ് ബഹിഷ്കരണം. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ധൃതി പിടിച്ച് എസ്ഐആർ നടപ്പാക്കുന്നതിനെതിരെ ഡിഎംകെ ഉൾപ്പെടെയുള്ള പാർട്ടികൾ രം​ഗത്തെത്തിയിരുന്നു.

അങ്കണവാടി ജീവനക്കാർ, ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്ന ജീവനക്കാർ, മുനിസിപ്പൽ കോർപറേഷൻ തൊഴിലാളികൾ തുടങ്ങിയവർക്ക് എസ്ഐആറിന്റെ ഡിജിറ്റൽ വശങ്ങളെക്കുറിച്ച് ഒരു പരിശീലനവും നൽകാത്തതിനാൽ കൃത്യസമയത്ത് ജോലി പൂർത്തിയാക്കാൻ ബുദ്ധിമുട്ടാണെന്ന് ബിഎൽഒമാർ പറയുന്നു. 'ഞങ്ങളുടെ ദൈനംദിന ജോലിഭാരത്തിനും ഉത്തരവാദിത്തങ്ങൾക്കും പുറമെ ഇത്രയും വലിയൊരു ജോലി കുറഞ്ഞ സമയത്തിനുള്ളിൽ പൂർത്തിയാക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്'- ചെന്നൈയിലെ ബിഎൽഒമാരിൽ ഒരാൾ പറഞ്ഞു.

തമിഴ്നാട്ടിൽ എസ്‌ഐആറിൽ ഉൾപ്പെട്ടിരിക്കുന്ന സർക്കാർ ജീവനക്കാരിൽ ഭൂരിഭാഗവും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ ജീവനക്കാരാണ്. വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാർ (വിഎഒകൾ), സർവേയർമാർ, ഇൻസ്പെക്ടർമാർ എന്നിവർ ഇതിൽ ഉൾപ്പെടുന്നു. ഫോമുകൾ വിതരണം ചെയ്യാതിരിക്കുകയും സ്വീകരിക്കാതിരിക്കുകയും അവലോകന യോഗങ്ങളിൽ പങ്കെടുക്കാതിരിക്കുകയും ചെയ്താണ് ഇവർ ബഹിഷ്കരണത്തിന്റെ ഭാ​​ഗമാകുന്നത്.

തിങ്കളാഴ്ച ചില ജീവനക്കാർ താലൂക്ക്, ജില്ലാ ആസ്ഥാനങ്ങൾക്ക് മുന്നിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെയും സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസറുടേയും ഇടപെടൽ ആവശ്യപ്പെട്ട് പ്രതിഷേധിച്ചു. അർധരാത്രി വരെ അവലോകന യോഗങ്ങൾ നടക്കുന്നുണ്ടെന്നും ഇത് നിർത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

നവംബർ 17 വരെ തമിഴ്‌നാട്ടിൽ 94.31 ശതമാനം എന്യൂമറേഷൻ ഫോമുകൾ വിതരണം ചെയ്തെന്നും അതിൽ 9.62 ശതമാനം ഡിജിറ്റലൈസ് ചെയ്തെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ബുള്ളറ്റിനിൽ പറയുന്നു. നിലവിലുള്ള എസ്ഐആർ ഡിസംബർ നാലിന് അവസാനിക്കും. അതേസമയം, അമിത ജോലിഭാരം മൂലം കേരളത്തിൽ ഒരു ബിഎൽഒ ആത്മഹത്യ ചെയ്തിരുന്നു. കണ്ണൂർ പയ്യന്നൂർ മണ്ഡലം 18-ാം ബൂത്ത് ബിഎൽഒ അനീഷ് ജോർജ് (44) ആണ് ജീവനൊടുക്കിയത്. ജോലി സമ്മർദത്തെ കുറിച്ച് അനീഷ് വീട്ടുകാരോട് പറഞ്ഞിരുന്നു.

ഇതിനു പിന്നാലെ, ബിഎൽഒമാരുടെ പ്രതിഷേധം ശക്തമായി. തിങ്കളാഴ്ച ബിഎൽഒമാർ ജോലി ബഹിഷ്കരിച്ചു. രാവിലെ 11ന് ചീഫ് ഇലക്‌ട്രൽ ഓഫീസിലേക്കും കലക്ടറേറ്റുകളിലേക്കും എൻജിഒ യൂണിയനും ജോയിൻ്റ് കൗൺസിലും അധ്യാപക സംഘടനകളും പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ബിഎൽഒയുടെ ആത്മഹത്യയുടെ ഉത്തരവാദിത്തം ഇലക്ഷൻ കമ്മീഷനാണെന്ന് എൻജിഒ യൂണിയൻ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഷ്ട്രീയ പാർട്ടികളും വലിയ പ്രതിഷേധത്തിലാണ്.

ബിഎൽഒമാരുടെ സംസ്ഥാന വ്യാപക പ്രതിഷേധം മൂലം തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനുള്ള എന്യുമറേഷൻ ഫോം വിതരണത്തിൽ വൻ ഇടിവുണ്ടായിട്ടുണ്ട്. കേരളത്തിൽ 3,83,737 ഫോമുകൾ മാത്രമാണ് ഇന്നലെ വിതരണം ചെയ്തത്. ഇതോടെ 2,67,05,632 പേർക്ക് ഫോം വിതരണം ചെയ്തു. ആകെ വോട്ടർമാരുടെ 95.89 ശതമാനമാണിത്. വരും ദിവസങ്ങളിലും ഫോം വിതരണം മന്ദഗതിയിലാവാനാണ് സാധ്യത.

വിഷയത്തെ നിയമപരമായി നേരിടാനാണ് സർവീസ് സംഘടനകളുടെയും തീരുമാനം. സംസ്ഥാന വ്യാപക പ്രതിഷേധമുണ്ടായിട്ടും ഇതുവരെയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പ്രതികരിച്ചിട്ടില്ല. അതേസമയം, ഈ മാസം 25നുള്ളിൽ ഫോം പൂരിപ്പിച്ച് തിരികെ വാങ്ങാനാണ് കമ്മീഷന്റെ നീക്കം. കോഴിക്കോട്ട് ബൂത്ത് ലെവല്‍ ഓഫീസര്‍ക്ക് സബ് കലക്ടർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഫോമുകൾ വിതരണം ചെയ്തതിലെ കുറവ് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചത്.

രാജസ്ഥാനിലും ബി‌എൽ‌ഒ ജോലി ചെയ്തിരുന്ന അധ്യാപകൻ ആത്മഹത്യ ചെയ്തിരുന്നു. ജയ്‌പൂരിലെ ഗവൺമെന്റ് പ്രൈമറി സ്കൂൾ അധ്യാപകനായ മുകേഷ് ജാൻ​ഗിഡ് ആണ് കടുത്ത ജോലി സമ്മർദമുണ്ടെന്ന്‌ ആത്മഹത്യാക്കുറിപ്പെഴുതി വച്ച്‌ ജീവനൊടുക്കിയത്. എസ്‌ഐആർ ജോലികൾ കാരണം താൻ സമ്മർദത്തിലാണെന്നും സൂപ്പർവൈസർ സമ്മർ​ദം ചെലുത്തുന്നുണ്ടെന്നും സസ്‌പെൻഷൻ ഭീഷണി ഉണ്ടെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. എസ്‌ഐആറുമായി ബന്ധപ്പെട്ട്‌ മുകേഷ് ജാൻ​ഗിഡ് കടുത്ത സമ്മർദത്തിലായിരുന്നുവെന്ന് കുടുംബവും ആരോപിച്ചു.

TAGS :

Next Story