ബിഹാറിൽ തെരഞ്ഞെടുപ്പ് തന്ത്രമൊരുക്കാൻ തേജസ്വി യാദവിനെ നിയോഗിച്ച് ആർജെഡി
ഈ വർഷം അവസാനമാണ് ബിഹാര്‍ തെരഞ്ഞെടുപ്പ്. നിലവില്‍ സംസ്ഥാനത്തെ പ്രതിപക്ഷ നേതാവ് കൂടിയാണ് തേജസ്വി യാദവ്.

പറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ തന്ത്രം സംബന്ധിച്ച് തീരുമാനമെടുക്കാൻ തേജസ്വി യാദവിനെ ചുമതലപ്പെടുത്തി രാഷ്ട്രീയ ജനതാദൾ (ആർജെഡി). ശനിയാഴ്ച പറ്റ്നയില്‍ നടന്ന ആർജെഡിയുടെ ദേശീയ നിർവാഹക സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച പ്രമേയം പാസാക്കിയത്.
ഈ വർഷം അവസാനമാണ് ബിഹാര്‍ തെരഞ്ഞെടുപ്പ്. നിലവില്‍ സംസ്ഥാനത്തെ പ്രതിപക്ഷ നേതാവ് കൂടിയാണ് തേജസ്വി യാദവ്. ആരൊക്കെ മത്സരിക്കണം, പാര്‍ട്ടി ആഭ്യന്തര കാര്യങ്ങളിൽ തീരുമാനങ്ങൾ എടുക്കുന്നതിൻ്റെ ഉത്തരവാദിത്തം എന്നിവയെല്ലാം തേജസ്വി യാദവിനായിരിക്കും. എംപിമാരും എംഎൽഎമാരും എംഎൽസിമാരും ഉൾപ്പെടെയുള്ള മുതിർന്ന പാർട്ടി നേതാക്കളും ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്രി ദേവി, അവരുടെ മൂത്ത മകൾ മിസ ഭാരതി എന്നിവരും യോഗത്തിൽ പങ്കെടുത്തു.
"എല്ലാവരും എന്നിൽ കാണിച്ച വിശ്വാസവും ഏൽപ്പിച്ച ഉത്തരവാദിത്തങ്ങളും വലുതാണെന്നും, പാർട്ടി നേതാക്കളുടെ പ്രതീക്ഷയ്‌ക്കനുസൃതമായി പ്രവര്‍ത്തിക്കുമെന്നും തേജസ്വി യാദവ് വ്യക്തമാക്കി.
മുഖ്യമന്ത്രി നിതീഷ് കുമാറിനെ വിമര്‍ശിച്ചും തേജസ്വി യാദവ് രംഗത്ത് എത്തി. അധികാരമേറ്റതിന് ശേഷം സംസ്ഥാനത്തെ സ്ത്രീകളുടെ ഫാഷൻ മെച്ചപ്പെട്ടുവെന്ന് നിതീഷ് കുമാറിന്റെ പ്രസ്താവനക്ക് എതിരെയായിരുന്നു തേജസ്വിയുടെ പ്രതികരണം.
അദ്ദേഹം മുഖ്യമന്ത്രിയാണെന്നും വനിതാ ഫാഷൻ ഡിസൈനറല്ലെന്ന് ഓർക്കണമെന്ന് തേജസ്വി യാദവ് പറഞ്ഞു. 'ആത്മാഭിമാനമുള്ളവരാണ് സംസ്ഥാനത്തെ സ്ത്രീകള്‍. അവരെ അവഹേളിക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രസ്താവന. മുഖ്യമന്ത്രി ഇപ്പോൾ ക്ഷീണിതനാണ്. സംസ്ഥാനം ഭരിക്കാൻ അദ്ദേഹത്തിന് യോഗ്യതയില്ലെന്നും യാദവ് കുറ്റപ്പെടുത്തി.
Adjust Story Font
16

