രോഹിത് വെമുല കേസ്: പുനരന്വേഷണത്തിനൊരുങ്ങി തെലങ്കാന സർക്കാർ
ആദിവാസികൾക്കും ദലിതർക്കും എതിരെ നിൽക്കുന്നവരെ സംരക്ഷിക്കുന്ന നിലപാടാണ് ബിജെപിയുടേതെന്നും അതിന്റെ തെളിവാണ് സംസ്ഥാന പ്രസിഡന്റ് നിയമനമെന്നും അദ്ദേഹം പറഞ്ഞു

തെലങ്കാന: ഹൈദരാബാദ് യൂണിവേഴ്‌സിറ്റി ഗവേഷക വിദ്യാർഥിയായിരുന്ന രോഹിത് വെമുലയുടെ ആത്മഹത്യ കേസിൽ പുനരന്വേഷണത്തിനൊരുങ്ങി തെലങ്കാന സർക്കാർ. തെലങ്കാന ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാർക്കയാണ് കേസ് വീണ്ടും അന്വേഷിക്കുന്നതിന് സർക്കാർ തയാറെടുക്കുന്നതായി അറിയിച്ചത്. അന്വേഷണം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കോടതിയിൽ അപേക്ഷ ഫയൽ ചെയ്തതായി ഭട്ടി പറഞ്ഞു.
രോഹിത് വെമുല കേസിൽ പ്രതിയായിരുന്ന രാംചന്ദർ റാവുവിനെ തെലങ്കാന ബിജെപി പ്രസിഡന്റായി നിയമിച്ചതിന് പിന്നാലെയാണ് സർക്കാർ നീക്കം. ഈ കേസുമായി ബന്ധപ്പെട്ട് ഒരാളെയും വെറുതെ വിടില്ല. ആദിവാസികൾക്കും ദലിതർക്കും എതിരെ നിൽക്കുന്നവരെ സംരക്ഷിക്കുന്ന നിലപാടാണ് ബിജെപിയുടേതെന്നും അതിന്റെ തെളിവാണ് സംസ്ഥാന പ്രസിഡന്റ് നിയമനമെന്നും അദ്ദേഹം പറഞ്ഞു. ഈ നടപടിയിൽ ബിജെപി നേതൃത്വം രാജ്യത്തോട് മാപ്പു പറയണമെന്നും ഭട്ടി ആവശ്യപ്പെട്ടു.
'മനോഹരമായ ഒരു ജീവിതം ആഗ്രഹിച്ച വ്യക്തി തന്റെ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിക്കുന്നു. ഇത്തരമൊരു തീരുമാനത്തിലേക്കെത്താൻ അവരെ പ്രേരിപ്പിച്ചതെന്തായിരിക്കുമെന്ന് ഒന്നാലോചിച്ചു നോക്കൂ. അതൊരു ഇൻസ്റ്റിറ്റിയൂഷണൽ മർഡർ അല്ലേ?' എന്ന് ഭട്ടി ചോദിച്ചു. രോഹിത് വെമുലയുടെ ആത്മഹത്യക്ക് പിന്നാലെ വിവിധ സംഘടനകൾ ആവശ്യമുന്നയിച്ച രോഹിത് വെമുല ആക്റ്റ് വൈകാതെ നടപ്പിലാക്കുമെന്നും ഉപ മുഖ്യമന്ത്രി വ്യക്തമാക്കി. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പിന്നോക്ക വിഭാഗത്തിൽപെട്ട വിദ്യാർഥികൾ നേരിടുന്ന വിവേചനങ്ങൾ തടയുന്നതിനായാണ് രോഹിത് വെമുല ആക്റ്റ് നിർദേശിച്ചത്.
2024 മേയിൽ രോഹിത് വെമുല കേസിൽ രാംചന്ദർ റാവു അടക്കം മുഴുവൻ പ്രതികളെയും കുറ്റവിമുക്തരാക്കി തെലങ്കാന പൊലീസ് കേസ് അവസാനിപ്പിച്ചിരുന്നു. 2016ലാണ് ദലിത് ഗവേഷക വിദ്യാർഥിയായ രോഹിത് വെമുല യൂണിവേഴ്‌സിറ്റിയിൽ നിന്നും സസ്‌പെൻഡ് ചെയ്യപ്പെട്ടതിന് പിന്നാലെ ജീവനൊടുക്കുന്നത്.
Adjust Story Font
16

