2026 മാർച്ചോടെ 500 രൂപ നോട്ടുകൾ നിർത്തലാക്കുമോ? സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നതിന്‍റെ യാഥാര്‍ഥ്യമെന്ത്!
2026 മാർച്ച് മുതൽ സർക്കാർ 500 രൂപ നോട്ട് ഘട്ടം ഘട്ടമായി പിൻവലിക്കുമെന്നാണ് പോസ്റ്റുകളിലുള്ളത്

- Published:
4 Jan 2026 8:41 AM IST

ഡൽഹി: ഈ വര്‍ഷം മാര്‍ച്ചോടെ രാജ്യത്ത് 500 രൂപ നോട്ടുകൾ നിര്‍ത്തലാക്കുമെന്ന തരത്തിലുള്ള പോസ്റ്റുകൾ കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യൽമീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. 2026 മാർച്ച് മുതൽ സർക്കാർ 500 രൂപ നോട്ട് ഘട്ടം ഘട്ടമായി പിൻവലിക്കുമെന്നാണ് പോസ്റ്റുകളിലുള്ളത്. എന്നാൽ ഈ പ്രചരണത്തെ കേന്ദ്ര സര്‍ക്കാര്‍ തള്ളിയിരിക്കുകയാണ്. പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ വസ്തുതാ പരിശോധനാ യൂണിറ്റായ പിഐബി ഫാക്റ്റ് ചെക്ക്, ഈ അവകാശവാദം പൂർണമായും വ്യാജമാണെന്ന് വ്യക്തമാക്കുന്നു.
പിഐബി പറയുന്നത്
2026 മാർച്ചോടെ 500 രൂപ നോട്ടുകളുടെ പ്രചാരം നിർത്തലാക്കുമെന്ന് റിസർവ് ബാങ്ക് (ആർബിഐ) ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ലെന്ന് പിഐബി അതിന്‍റെ വസ്തുതാ പരിശോധനാ റിപ്പോർട്ടിൽ പറയുന്നു. ഈ അവകാശവാദം പൂർണമായും തെറ്റാണ്. 500 രൂപ നോട്ടുകൾ ഇപ്പോഴും നിയമസാധുതയുള്ളവയാണ്, ഏത് ഇടപാടിനും ഉപയോഗിക്കാം. പൊതുജനങ്ങൾ ഇത്തരം കിംവദന്തികൾക്ക് ശ്രദ്ധ കൊടുക്കരുത്.
"ഇത്തരം തെറ്റായ വിവരങ്ങളിൽ വീഴരുത്. വാർത്തകൾ വിശ്വസിക്കുന്നതിനും ഷെയര്‍ ചെയ്യുന്നതിനും മുമ്പ് അത് സത്യമാണോ എന്നും ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നാണോ എന്നും പരിശോധിക്കണമെന്നും'' പിഐബി ഫാക്ട് ചെക്ക് ടീം അവരുടെ സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നു.
മുൻപും വ്യാജപ്രചാരണങ്ങൾ
സോഷ്യൽ മീഡിയയിൽ ഇത്തരം കിംവദന്തികൾ പ്രചരിക്കുന്നത് ഇതാദ്യമല്ല. ഇത്തരം തെറ്റായ അവകാശവാദങ്ങൾ പൊളിച്ചെഴുതാൻ സർക്കാരിന് പലപ്പോഴും ഇടപെടേണ്ടി വരും.2025 ജൂണിലും ഫാക്ട് ചെക്ക് ടീം അത്തരമൊരു അവകാശവാദം പൊളിച്ചെഴുതിയിരുന്നു. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച ഒരു യുട്യൂബ് ക്ലിപ്പിൽ, 2026 മാർച്ചിൽ 500 രൂപ നോട്ടുകൾ അസാധുവാക്കുമെന്ന് ഒരു അവതാരകൻ അവകാശപ്പെട്ടിരുന്നു.
എന്നാൽ ആർബിഐ അത്തരം നിർദേശങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്നും 500 രൂപ നോട്ടുകൾ നിയമപരമായി തുടർന്നും ലഭ്യമാകുമെന്നും പിഐബി ഫാക്റ്റ് ചെക്ക് വ്യക്തമാക്കിയിരുന്നു. 500 നോട്ടുകളുടെ വിതരണം നിര്‍ത്താൻ സര്‍ക്കാരിന് ഒരു ഉദ്ദേശവുമില്ലെന്ന് കഴിഞ്ഞ വര്‍ഷം ആഗസ്തിൽ ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി രാജ്യസഭയിൽ അറിയിച്ചു. എടിഎമ്മുകളിൽ 100, 200 രൂപ നോട്ടുകൾക്കൊപ്പം 500 രൂപ നോട്ടുകളും വിതരണം ചെയ്യുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
RBI to stop ₹500 notes from ATMs by March 2026❓🤔
— PIB Fact Check (@PIBFactCheck) January 2, 2026
Some social media posts claim that the Reserve Bank of India will discontinue the circulation of ₹500 notes by March 2026.#PIBFactCheck:
❌This claim is #fake!
✅ @RBI has made NO such announcement.
✅ ₹500 notes have… pic.twitter.com/F0Y3t0wHSf
Adjust Story Font
16
