'മാർച്ചോടെ എടിഎമ്മിൽ നിന്ന് 500 രൂപ നോട്ടുകൾ ലഭിക്കില്ല?; പ്രചരിക്കുന്ന വാർത്തകളുടെ സത്യമെന്ത്?, വിശദീകരണവുമായി കേന്ദ്രം
500 രൂപ നോട്ടുകള്‍ പൂര്‍ണമായും സര്‍ക്കാര്‍ പിന്‍വലിക്കുകയാണെന്നും സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പരന്നിരുന്നു

- Updated:
2026-01-09 06:30:30.0

representative image
ന്യൂഡല്‍ഹി:റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) 2026 മാർച്ച് മുതൽ എടിഎമ്മുകളിൽ നിന്ന് 500 രൂപ നോട്ടുകൾ വിതരണം ചെയ്യുന്നത് നിർത്തുമെന്ന വാര്‍ത്തയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. കൂടാതെ 500 രൂപ നോട്ടുകള്‍ പൂര്‍ണമായും സര്‍ക്കാര്‍ പിന്‍വലിക്കുകയാണെന്നും വാര്‍ത്തകള്‍ പരന്നിരുന്നു.
നോട്ടുകൾ ഘട്ടം ഘട്ടമായി നിർത്തലാക്കാനുള്ള സർക്കാർ നീക്കത്തിന്റെ ഭാഗമായാണ് എടിഎമ്മില്‍ നിന്ന് 500രൂപ നോട്ടുകള്‍ നിര്‍ത്തുന്നത് എന്നായിരുന്നു മറ്റൊരു വാദം. ഇതോടെ ഇത് സത്യമാണോ ഇതിലെ യാഥാര്‍ഥ്യമെന്ത് എന്നറിയാതെ ജനങ്ങളും ആശങ്കാകുലരായി. ഒടുവില്‍ ഈ വാര്‍ത്തകളില്‍ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍ തന്നെ രംഗത്തെത്തി. കേന്ദ്ര വാർത്താ ഏജൻസിയായ പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലാണ് പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയത്.
ആർബിഐ എടിഎമ്മുകളിൽ നിന്നോ പൊതു പ്രചാരത്തിലുള്ളവയിൽ നിന്നോ 500 രൂപ നോട്ടുകൾ നിർത്തലാക്കുന്നത് സംബന്ധിച്ച് ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ലെന്നും പിഐബി പറയുന്നു. സാധാരണ ഗതിയിലുള്ള എല്ലാ ഇടപാടുകൾക്കും 500 രൂപ നോട്ടുകൾ തുടർന്നും ഉപയോഗിക്കാം. ഇത്തരം അടിസ്ഥാനരഹിതമായ വാർത്തകൾ വിശ്വസിക്കരുതെന്നും തെറ്റായ വിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ഇത് ആദ്യമായല്ല,500 രൂപ നോട്ട് നിരോധിക്കുന്നുവെന്ന വാര്‍ത്തകള്‍ വരുന്നത്.നേരത്തെയും ഇത്തരത്തിലുള്ള വാര്‍ത്തകള്‍ വന്നപ്പോള്‍ അത് വ്യാജമാണെന്ന് സര്‍ക്കാര്‍ അറിയിക്കുകയും ചെയ്തു. 500 രൂപ നോട്ടിന്റെ വിതരണം നിർത്താൻ പദ്ധതിയില്ലെന്ന് 2025 ആഗസ്റ്റിൽ ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി രാജ്യസഭയിൽ വ്യക്തമാക്കിയിരുന്നു. 100 രൂപ, 200 രൂപ നോട്ടുകൾക്കൊപ്പം എടിഎമ്മുകളിൽ 500 രൂപ നോട്ടുകളും വിതരണം ചെയ്യുന്നത് തുടരുമെന്ന് അദ്ദേഹം സ്ഥിരീകരിച്ചിരുന്നു.
Adjust Story Font
16
