ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് സിനിമയെ വെല്ലുന്ന കവർച്ച: വഡോദരയിൽ 12 മിനിറ്റിനിടെ 8 കോടിയിലധികം രൂപയുടെ സ്വർണം കവർന്നു
ദസറ ആഘോഷങ്ങൾക്ക് മുന്നോടിയായി നടക്കാനിരുന്ന കടയുടെ ഉദ്ഘാടനത്തിന് വേണ്ടിയാണ് മുംബൈയിൽ നിന്ന് സ്വർണശേഖരം എത്തിച്ചിരുന്നത്

വഡോദര: ഗുജറാത്തിലെ വഡോദരയിൽ സിനിമാക്കഥയെ വെല്ലുന്ന വിധത്തിൽ വൻകവര്‍ച്ച. 8.28 കോടി രൂപ വിലമതിക്കുന്ന 5.5 കിലോഗ്രാം സ്വർണാഭരണങ്ങളാണ് മോഷണം പോയത്. വഡോദര വാഘോഡിയ റോഡിലെ പുതിയ ഷോറൂമിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി എത്തിച്ച സ്വർണമാണ് വെറും 12 മിനിറ്റുകൾക്കുള്ളിൽ അപ്രത്യക്ഷമായത്.
ദസറ ആഘോഷങ്ങൾക്ക് മുന്നോടിയായി നടക്കാനിരുന്ന കടയുടെ ഉദ്ഘാടനത്തിന് വേണ്ടിയാണ് മുംബൈയിൽ നിന്ന് സ്വർണശേഖരം എത്തിച്ചിരുന്നത്. മുംബൈയിലെ പ്രമുഖ സ്വർണക്കമ്പനിയുടെ സെയിൽസ് മാനേജർ ശുചിമുറിയിൽ പോയി തിരികെ എത്തുമ്പോഴേക്കും സ്വർണം അടങ്ങിയ രണ്ട് ബാഗുകളും അപഹരിക്കപ്പെടുകയായിരുന്നു. മുംബൈയിലെ സാവേരി ബസാറിൽ പ്രവർത്തിക്കുന്ന യുഗാൻ ഗോൾഡ് പ്രൈവറ്റ് ലിമിറ്റഡിലെ സെയിൽസ് മാനേജർ ഹിമാൻഷു ജെയിനിന്‍റെ പരാതിയെത്തുടർന്ന് ബാപോഡ് പൊലീസ് കേസെടുത്തിട്ടുണ്ട്. പരാതിയിൽ പേരുള്ള മുഖ്യപ്രതിയേയും ആഭരണങ്ങളുമായി കടന്നുകളയുന്നതായി സംശയിക്കുന്ന രണ്ട് തിരിച്ചറിയാത്ത വ്യക്തികളെയും കണ്ടെത്താൻ പൊലീസ് നാല് പ്രത്യേക ടീമുകളെ രൂപീകരിച്ചിട്ടുണ്ട്.
ഹിമാൻഷു ജെയിൻ ഗുജറാത്തിലെ വിവിധ ജ്വല്ലറി വ്യാപാരികൾക്ക് സ്വർണാഭരണങ്ങൾ വിതരണം ചെയ്യുകയും കമ്പനിക്കായി പണം ശേഖരിക്കുകയും ചെയ്യുന്നയാളാണ്. 2017 മുതൽ ഡാക്കോറിൽ ജ്വല്ലറി നടത്തുന്ന മുഖ്യപ്രതി ഭവിക് കുമാർ സോണിയുമായി തനിക്ക് ബിസിനസ് ബന്ധമുണ്ടെന്ന് അദ്ദേഹം പൊലീസിനോട് പറഞ്ഞിട്ടുണ്ട്.
വഡോദര നഗരത്തിലെ വാഘോഡിയ റോഡിൽ സായ് ഗണേഷ് കോംപ്ലക്സിൽ 'ശ്രീ അംബിക ജ്വല്ലേഴ്സ്' എന്ന പേരിൽ പുതിയൊരു ഷോറൂം ആരംഭിച്ചിട്ടുണ്ടെന്ന് ഭവിക് സോണി ഹിമാൻഷുവിനെ അറിയിച്ചിരുന്നു. തുടർന്ന് ദസറയോടനുബന്ധിച്ച് പുതിയ ഷോറൂമിന്‍റെ ഉദ്ഘാടനത്തിനായി ആവശ്യമായ ആഭരണങ്ങളുടെ പട്ടിക അദ്ദേഹം ഇങ്ങോട്ട് അയച്ചുകൊടുക്കുകയായിരുന്നു. തുടര്‍ന്ന് ഏകദേശം 8.28 കോടി രൂപ വിലമതിക്കുന്ന 5.5 കിലോഗ്രാം സ്വർണാഭരണങ്ങളുമായി ജെയിൻ ഞായറാഴ്ച വഡോദരയിൽ എത്തി. ഷോറൂമിൽ ആഭരണങ്ങൾ പ്രദർശിപ്പിക്കുന്നതിനിടയിലാണ് സംഭവം.
പരാതി പ്രകാരം, സോണിയും ജെയിന്റെ സഹോദരനായ നീലും ഉച്ചഭക്ഷണത്തിനായി പുറത്തേക്ക് പോയി. സ്വർണം അടങ്ങിയ രണ്ട് ബാഗുകൾ സുരക്ഷിതമായിരിക്കുമെന്ന് സോണി അവർക്ക് ഉറപ്പ് നൽകിയിരുന്നു. പോകുന്നതിന് മുമ്പ് അവർ കട പുറത്തുനിന്ന് പൂട്ടുകയും ചെയ്തു. അതേസമയം, ജെയിൻ ശുചിമുറിയുടെ ഭാഗത്തേക്ക് പോവുകയായിരുന്നു.
ഏകദേശം 12 മിനിറ്റുകൾക്ക് ശേഷം തിരിച്ചെത്തിയ ജെയിൻ കണ്ടത് പൂട്ട് തുറന്നുകിടക്കുന്ന കടയാണ്. ഉള്ളിൽ പരിശോധിച്ചപ്പോഴാണ് സ്വർണാഭരണങ്ങൾ അടങ്ങിയ രണ്ട് ബാഗുകളും അപ്രത്യക്ഷമായതായി മനസ്സിലായത്. എന്നാൽ കടയിലുണ്ടായിരുന്ന മറ്റ് ആഭരണങ്ങൾ അവിടെത്തന്നെയുണ്ടായിരുന്നു. നീല നിറത്തിലുള്ള ഇരുചക്ര വാഹനത്തിലെത്തിയ രണ്ട് അപരിചിതർ ബാഗുകളുമായി കടന്നുകളയുന്ന ദൃശ്യങ്ങൾ പ്രദേശത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഈ വ്യക്തികളെ തിരിച്ചറിയാനും ഷോറൂമിൽ എങ്ങനെ പ്രവേശിച്ചു എന്ന് കണ്ടെത്താനുമുള്ള ശ്രമത്തിലാണ് പൊലീസ്.
Adjust Story Font
16

