ദാദ്രി വിമാന ദുരന്തം: 'തിരിച്ചറിയാത്ത മൃതദേഹങ്ങൾ ഹിന്ദു ആചാരപ്രകാരം സംസ്കരിക്കണമെന്ന് ആര്‍എസ്എസ് നിര്‍ബന്ധം പിടിച്ചു': ന്യൂയോർക്ക് ടൈംസ് റിപ്പോര്‍ട്ട്
അപകടസ്ഥലത്ത് ആദ്യം ഓടിയെത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് ആർഎസ്എസ് പ്രവർത്തകരായിരുന്നു എന്നാണ് മോഹൻ ഭഗവത് പറഞ്ഞത്

ഡൽഹി: ലോകത്തിലെ തന്നെ ഏറ്റവും ഭയാനകമായ വിമാന ദുരന്തങ്ങളിലൊന്നായിരുന്നു 1996ൽ ഹരിയാനയിലെ ദാദ്രിയിലുണ്ടായ വിമാനാപകടം. ദുരന്തമുഖത്ത് അന്ന് ആര്‍എസ്എസ് പ്രവർത്തകർ നൽകിയ സഹായങ്ങളെക്കുറിച്ച് ആര്‍എസ്എസ് തലവൻ മോഹൻ ഭഗവത് ഈയിടെ പറഞ്ഞത് ചര്‍ച്ചയായിരുന്നു. ന്യൂയോർക്കിൽ നടന്ന 'വൺ വേൾഡ് വൺ ഹ്യൂമാനിറ്റി' എന്ന ചടങ്ങിലായിരുന്നു ഭഗവത് ഇക്കാര്യം പറഞ്ഞത്.
അപകടസ്ഥലത്ത് ആദ്യം ഓടിയെത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് ആർഎസ്എസ് പ്രവർത്തകരായിരുന്നു എന്നാണ് മോഹൻ ഭഗവത് പറഞ്ഞത്. ദാദ്രി അപകടത്തിൽപ്പെട്ട ഭൂരിഭാഗം പേരും മുസ്‍ലിംകളായിരുന്നുവെന്നും സഹായത്തിനെത്തുമ്പോൾ അവർ മുസ്‍ലിംകളാണെന്ന് ആരും ചിന്തിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു. എന്നാൽ ഭഗവതിന്‍റെ പ്രസ്താവനക്ക് മറ്റൊരു മറുവശം കൂടിയുണ്ടെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
ദുരന്തത്തിലെ തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങൾ മുഴുവൻ ഹിന്ദു ആചാരപ്രകാരം സംസ്കരിക്കണമെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നിര്‍ബന്ധം പിടിച്ചുവെന്ന് അന്നത്തെ ന്യൂയോർക്ക് ടൈംസ് ഇന്ത്യ കറസ്‌പോണ്ടന്‍റായിരുന്ന ജോൺ ബേൺസിന്‍റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു . “ചാർഖി ദാദ്രിയിൽ, തിരിച്ചറിയാൻ കഴിയാത്ത വിധം കരിഞ്ഞുപോയ ഏകദേശം 150 മൃതദേഹങ്ങൾ മറവു ചെയ്യുകയോ സംസ്കരിക്കുകയോ ചെയ്തു. എന്നാൽ ഹിന്ദു, മുസ്‍ലിം, ക്രിസ്ത്യൻ വിഭാഗങ്ങൾ തമ്മിൽ സംസ്കാര ചടങ്ങുകളെച്ചൊല്ലി വലിയ തർക്കമുണ്ടായി'' എന്നാണ് ജോൺ ബേൺസ് എഴുതിയത്.
അപകടത്തിൽ കത്തിക്കരിഞ്ഞുപോയ എല്ലാ മൃതദേഹങ്ങളും ഹിന്ദു ആചാരപ്രകാരം ദഹിപ്പിക്കണമെന്നായിരുന്നു ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ആവശ്യം. ഒടുവിൽ അഞ്ച് മണിക്കൂർ നീണ്ട ചർച്ചകൾക്ക് ശേഷം ഒത്തുതീർപ്പിലെത്തുകയും വിമാനത്തിലുണ്ടായിരുന്ന ആകെ യാത്രക്കാരുടെ കണക്കെടുത്ത് മൃതദേഹങ്ങൾ മൂന്ന് മതവിഭാഗങ്ങൾക്കുമായി വീതിച്ചു നൽകാൻ തീരുമാനമാവുകയുമായിരുന്നു.
നൂറുകണക്കിന് ഗ്രാമീണർ സംസ്കാര ചടങ്ങുകളിലും പങ്കെടുത്തു. ചർഖി ദാദ്രിക്ക് പുറത്തുള്ള ഒരു വയലിൽ സിഖ്, ഹിന്ദു പുരോഹിതന്മാർ സംസ്കാര ചടങ്ങുകൾ നടത്തി, അതേസമയം പട്ടണത്തിലുള്ള ഒരു പള്ളിയിൽ മുസ്‍ലിം പുരോഹിതന്മാർ പ്രാർഥനകൾക്ക് നേതൃത്വം നൽകി. മൂന്ന് മൃതദേഹങ്ങൾ ഏകദേശം 20 മൈൽ അകലെയുള്ള ഏറ്റവും അടുത്തുള്ള ക്രിസ്ത്യൻ പള്ളിയിൽ ആചാരപ്രകാരം സംസ്കരിച്ചു.
എന്നാൽ ഈ അസുഖകരമായ സംഭവങ്ങൾക്കിടയിലും പ്രദേശവാസികളായ ഗ്രാമീണര്‍ ഉണര്‍ന്നുപ്രവര്‍ത്തിച്ചു. ആയിരക്കണക്കിന് ഗ്രാമീണർ ദുരന്ത സ്ഥലത്ത് തടിച്ചുകൂടി ഇരകളുടെ ബന്ധുക്കൾക്ക് കുടിവെള്ളവും വിറകടുപ്പിൽ വച്ച ഭക്ഷണവും മധുരമുള്ള ചായയും നൽകി സഹായിച്ചു. ദുരന്തമേഖലകളിൽ ഉണ്ടാകുന്നതു പോലെ കവർച്ച വ്യാപകമായിരുന്നില്ല എന്ന് തെളിയിക്കുന്ന സംഭവങ്ങളും ഉണ്ടായി. കസാഖ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ വീണ ബിറോഹറിലെ ഗ്രാമീണർ റഷ്യൻ യാത്രക്കാരുടെ പണമടങ്ങിയ വാലറ്റുകളും ഹാൻഡ് ബാഗുകളും പൊലീസിൽ ഏൽപ്പിച്ചു.
അമേരിക്കയിൽ നല്ല പിള്ള ചമയാനായി യഥാര്‍ഥ വസ്തുതകൾ മറച്ചുവച്ച് ഭഗവത് കള്ളം പറയുകയായിരുന്നുവെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ദി വയറിന്‍റെ സ്ഥാപക എഡിറ്ററുമായ സിദ്ധാര്‍ഥ് വരദരാജൻ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ ഭരണകൂടത്തിൽ നിര്‍ണായക സ്വാധീനമുള്ള വ്യക്തിയാണ് മോഹൻ ഭഗവത്. സംഘപരിവാറും അതിന്റെ അനുബന്ധ സംഘടനകളായ ബിജെപി, ബജ്റംഗ് ദൾ, വിഎച്ച്പി തുടങ്ങിയവയും മുസ്‍ലിംകൾക്ക് നേരെ നടത്തുന്ന അതിക്രമങ്ങളുടെയും ഭീഷണികളുടെയും വിവേചനങ്ങളുടെയും നൂറുകണക്കിന് സംഭവങ്ങൾ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മുസ്‍ലിമാണെന്ന് അറിഞ്ഞപ്പോൾ പാവപ്പെട്ട സ്ത്രീക്ക് കൊടുത്ത പുതപ്പ് തിരികെ വാങ്ങിയ രാജസ്ഥാനിലെ ബിജെപി മന്ത്രി സുഖ്ബീർ ജൗനാപൂരിക്കെതിരെ ഒരക്ഷരം പോലും ഭഗവത് മിണ്ടിയില്ല. ബിജെപി മന്ത്രി ഗിരിരാജ് സിങ്ങിന്‍റെ മുസ്‍ലിം വിരുദ്ധ പരാമര്‍ശങ്ങളെ അദ്ദേഹം ഒരിക്കൽ പോലും അപലപിച്ചിട്ടില്ല. സംസാരിക്കേണ്ട സമയത്ത് മൗനം പാലിക്കുകയും അനാവശ്യ സമയത്ത് ഉപദേശങ്ങൾ നൽകുകയും ചെയ്യുന്നത് കപടനാട്യമാണെന്നും സിദ്ധാര്‍ഥ് പറയുന്നു.
Adjust Story Font
16

