Quantcast

മുസ്‍ലിം നേതാക്കളുമായി മോഹന്‍ ഭഗവതിന്റെ രഹസ്യ കൂടിക്കാഴ്ച: ആര്‍എസ്എസ് നീക്കമെന്ത്?

ആര്‍എസ്എസിന്റെ ഭാഗത്തുനിന്ന് മോഹന്‍ ഭഗവതിനു പുറമെ മുതിര്‍ന്ന നേതാക്കളായ ദത്താത്രേയ ഹൊസബാലെ, കൃഷ്ണ ഗോപാല്‍, രാം ലാല്‍, ഇന്ദ്രേഷ് കുമാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു

MediaOne Logo

Web Desk

  • Published:

    29 July 2025 7:59 PM IST

Mohan Bhagwat, RSS chief, RSS-Muslim meeting, Delhi
X

രാഷ്ട്രീയ സ്വയംസേവക് സംഘ് സര്‍സംഘചാലക് മോഹന്‍ ഭഗവത് ഡല്‍ഹിയില്‍ മുസ്ലിം മതനേതാക്കളുമായും ബുദ്ധിജീവികളുമായും നടത്തിയ രഹസ്യ കൂടിക്കാഴ്ച പുതിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്. ജൂലൈ 24ന് ഡല്‍ഹിയിലെ ഹരിയാന ഭവനില്‍ നടന്ന ഈ യോഗത്തില്‍ 70ലധികം മുസ്‍ലിം മതനേതാക്കളും ബുദ്ധിജീവികളുമാണു പങ്കെടുത്തത്. ഹിന്ദു-മുസ്‍ലിം സമുദായങ്ങള്‍ തമ്മിലുള്ള വിടവ് കുറയ്ക്കുകയും സാമുദായിക സൗഹാര്‍ദം ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു യോഗത്തിന്റെ പ്രധാന ലക്ഷ്യമെന്നാണു സംഘാടകര്‍ ചൂണ്ടിക്കാട്ടിയത്.

ആള്‍ ഇന്ത്യ ഇമാം ഓര്‍ഗനൈസേഷന്‍-എഐഐഒ-തലവന്‍ അഹ്മദ് ഇല്യാസിയുടെ ആഭിമുഖ്യത്തിലായിരുന്നു കൂടിക്കാഴ്ച നടന്നത്. ദയൂബന്ദ്, ബറേലി, ഷിയ, സുന്നി മുസ്‍ലിം വിഭാഗങ്ങളുടെ പ്രതിനിധികള്‍, ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് തുടങ്ങിയ സംഘടനകളുടെ നേതാക്കള്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചതായാണു വിവരം. ഗുജറാത്ത്, ഹരിയാന ചീഫ് ഇമാമുമാര്‍, ഉത്തരാഖണ്ഡ്, ജയ്പൂര്‍, ഉത്തര്‍പ്രദേശ് ഗ്രാന്‍ഡ് മുഫ്തിമാര്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തതായി 'ഡെക്കാന്‍ ഹെറാള്‍ഡ്' റിപ്പോര്‍ട്ട് ചെയ്യുന്നു.

ആര്‍എസ്എസിന്റെ ഭാഗത്തുനിന്ന് മോഹന്‍ ഭഗവതിനു പുറമെ മുതിര്‍ന്ന നേതാക്കളായ ദത്താത്രേയ ഹൊസബാലെ, കൃഷ്ണ ഗോപാല്‍, രാം ലാല്‍, ഇന്ദ്രേഷ് കുമാര്‍ എന്നിവരും പങ്കെടുത്തു. ബിജെപി നേതാവ് ബിഎല്‍ സന്തോഷും മറ്റു ഭാരവാഹികളും സംബന്ധിച്ചതായും വിവരമുണ്ട്.

അടച്ചിട്ട മുറിയില്‍ നടന്ന യോഗം മൂന്ന് മണിക്കൂറോളം നീണ്ടുനിന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മസ്ജിദുകളും ക്ഷേത്രങ്ങളും ഇമാമുമാരും പൂജാരിമാരും ഗുരുകുലങ്ങളും മദ്രസകളും തമ്മില്‍ സമന്വയവും സംവാദവും വേണമെന്ന് യോഗത്തില്‍ നിര്‍ദേശമുണ്ടായി. ഇത്തരം ശ്രമങ്ങള്‍ക്ക് ഉടന്‍ തുടക്കമിടാനും തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഹിന്ദു-മുസ്‍ലിം സമുദായങ്ങള്‍ തമ്മിലുള്ള പരസ്പര വിശ്വാസം വളര്‍ത്തുകയും തെറ്റിദ്ധാരണകള്‍ നീക്കം ചെയ്യുകയും ചെയ്യുക എന്നതായിരുന്നു യോഗത്തില്‍ ഉയര്‍ന്ന പ്രധാന ചര്‍ച്ചാവിഷയം. ഇന്ത്യയിലെ ഹിന്ദുക്കളും മുസ്‍ലിംകളും ഒരേ പൗരത്വവും ഒരേ ആത്മാവും പങ്കിടുന്നവരാണെന്ന് മോഹന്‍ ഭഗവത് യോഗത്തില്‍ ഊന്നിപ്പറഞ്ഞു.

സമീപകാലത്ത് സമുദായം രാജ്യത്ത് നേരിടുന്ന ഭയവും അരക്ഷിതാവസ്ഥയും മുസ്ലിം പ്രതിനിധികള്‍ ഉന്നയിച്ചതായും റിപ്പോര്‍ട്ടുണ്ട്. 'കാഫിര്‍', 'ജിഹാദ്' തുടങ്ങിയ പദങ്ങള്‍ ഹിന്ദുക്കള്‍ക്കെതിരെ ഉപയോഗിക്കുന്നതിനെ ഭഗവത് ചോദ്യം ചെയ്തപ്പോള്‍, 'കാഫിര്‍' എന്ന വാക്കിന്റെ യഥാര്‍ത്ഥ അര്‍ത്ഥം ദൈവത്തിന്റെ അസ്തിത്വത്തെ നിഷേധിക്കുന്നവരെ സൂചിപ്പിക്കുന്നതാണെന്നും, എന്നാല്‍ ഇന്ന് അത് ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും മുസ്‍ലിം പ്രതിനിധികള്‍ വിശദീകരിച്ചു. 'ജിഹാദ്' എന്നത് ആന്തരിക പരിഷ്‌കരണത്തിന്റെ യാത്രയാണെന്നും, അത് തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.

ആര്‍എസ്എസിന്റെ മുസ്ലിം സമുദായവുമായുള്ള സംവാദ ശ്രമങ്ങളുടെ ഭാഗമായാണ് നേതാക്കളുമായി കൂടിക്കാഴ്ച നടന്നതെന്ന് ആര്‍എസ്എസ് വക്താവ് സുനില്‍ അംബേക്കര്‍ പ്രതികരിച്ചു. പരസ്പര സംവാദം തുടര്‍ന്നുകൊണ്ടുപോകുകയാണ് തങ്ങളുടെ പ്രാഥമിക ലക്ഷ്യമെന്ന് സംഘാടകനായ അഹ്മദ് ഇല്യാസിയും പറഞ്ഞു. വ്യത്യസ്ത ആശയധാരകള്‍ പിന്തുടരുന്നവരാണെങ്കിലും എല്ലാവരും ഇന്ത്യക്കാരാണ്. സമുദായങ്ങള്‍ക്കിടയില്‍ ഒരിക്കലും ശത്രുത പാടില്ല. ഭാവിയിലും സമാനമായ ചര്‍ച്ചകള്‍ തുടരുമെന്നും ഇല്യാസി അറിയിച്ചു.

ഇതിനുമുന്‍പും ആര്‍എസ്എസ് തലവന്‍ മുസ്‍ലിം നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. 2022ല്‍ ഡല്‍ഹിയിലെ ഒരു മസ്ജിദും മദ്രസയും സന്ദര്‍ശിച്ചിരുന്നു അദ്ദേഹം. എഐഐഒയുടെ കീഴിലുള്ള മദ്രസയും പള്ളിയുമായിരുന്നു ഇത്. അന്നും അഹ്മദ് ഇല്യാസി തന്നെയായിരുന്നു ഇതിന് അവസരമുണ്ടാക്കിയത്.

മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ എസ്.വൈ ഖുറേഷി, മുന്‍ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ്, മുന്‍ എഎംയു ചാന്‍സലര്‍ ലഫ്റ്റനന്റ് ജനറല്‍ സമീറുദ്ദീന്‍ ഷാ, മുന്‍ എംപി ഷാഹിദ് സിദ്ദിഖി, വ്യവസായി സഈദ് ഷെര്‍വാണി എന്നിവരുമായി 2022 ആഗസ്റ്റിലും ഭഗവത് കൂടിക്കാഴ്ച നടത്തിയിരുന്നു. 2023ലും മുസ്‍ലിം നേതാക്കളുമായി ആര്‍എസ്എസിന്റെ മുതിര്‍ന്ന നേതാക്കള്‍ ഒരു യോഗം നടത്തിയിരുന്നു.

TAGS :

Next Story