Quantcast

ആർ.എസ്.എസ് ആശുപത്രി ഹിന്ദുക്കൾക്കു മാത്രമുള്ളതാണോ?- നിതിൻ ഗഡ്ക്കരിയോട് രത്തൻ ടാറ്റ

ആശുപത്രി ഹിന്ദു സമുദായക്കാർക്ക് മാത്രമുള്ളതാണോ എന്നു ചോദിക്കാൻ കാരണം ചോദിച്ചപ്പോൾ ഗഡ്ക്കരിയോട് രത്തൻ ടാറ്റയുടെ മറുപടി ഇങ്ങനെയായിരുന്നു: ഇത് ആർ.എസ്.എസിന്റെ ആശുപത്രിയാണല്ലോ...

MediaOne Logo

Web Desk

  • Published:

    15 April 2022 3:36 PM GMT

ആർ.എസ്.എസ് ആശുപത്രി ഹിന്ദുക്കൾക്കു മാത്രമുള്ളതാണോ?- നിതിൻ ഗഡ്ക്കരിയോട് രത്തൻ ടാറ്റ
X

ശതകോടീശ്വരനും ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനുമായ രത്തൻ ടാറ്റയുമൊത്തുള്ള പഴയൊരു അനുഭവം പങ്കുവച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്ക്കരി. മഹാരാഷ്ട്രയിൽ ബി.ജെ.പി-ശിവസേന സർക്കാർ ഭരിച്ചിരുന്ന കാലത്തെ അനുഭവമാണ് കഴിഞ്ഞ ദിവസം ഗഡ്ക്കരി വെളിപ്പെടുത്തിയത്.

അന്തരിച്ച ആർ.എസ്.എസ് തലവൻ കെ.ബി ഹെഡ്‌ഗെവാറിന്റെ പേരിലുള്ള ആശുപത്രി ഔറംഗാബാദിൽ ഉദ്ഘാടനം ചെയ്യാനിരിക്കുകയായിരുന്നു. അന്ന് സംസ്ഥാന സർക്കാരിലെ മന്ത്രിയായിരുന്നു ഞാൻ. ആശുപത്രി രത്തൻ ടാറ്റയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കണമെന്നൊരു ആഗ്രഹം അന്ന് ഒരു മുതിർന്ന ആർ.എസ്.എസ് നേതാവ് എന്നോട് പങ്കുവച്ചു. അദ്ദേഹത്തെ ക്ഷണിക്കാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ടു-ഗഡ്ക്കരി ഓർത്തെടുത്തു.

തുടർന്ന് ഗഡ്ക്കരി രത്തൻ ടാറ്റയെ വിളിച്ച് ആശുപത്രി ഉദ്ഘാടനം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. രാജ്യത്തെ പാവപ്പെട്ട അർബുദരോഗികൾക്ക് ആവശ്യമായ പരിചരണം നൽകുന്നതിൽ ടാറ്റ കാൻസർ ആശുപത്രിയുടെ സംഭാവനകൾ എടുത്തുപറഞ്ഞ് പ്രശംസിച്ച് അദ്ദേഹത്തെ ക്ഷണം സ്വീകരിക്കാൻ കൂടുതൽ പ്രേരിപ്പിച്ചു. തുടർന്ന് അദ്ദേഹം ക്ഷണം സ്വീകരിക്കുകയും ചെയ്തു.

''എന്നാൽ, ആശുപത്രിയിലെത്തിയപ്പോൾ ടാറ്റ ഒരു കാര്യം ചോദിച്ചു: ആശുപത്രി ഹിന്ദു സമുദായക്കാർക്ക് മാത്രമുള്ളതാണോ? അങ്ങനെ ചിന്തിക്കാൻ കാരണമെന്താണെന്നു ചോദിച്ചു ഞാൻ. അദ്ദേഹത്തിന്റെ മറുപടിയും ഉടൻ വന്നു: കാരണം ഇത് ആർ.എസ്.എസിന്റെ ആശുപത്രിയാണല്ലോ!''- ഗഡ്ക്കരി തുടർന്നു.

ആശുപത്രി എല്ലാ സമുദായക്കാർക്കുമുള്ളതാണെന്ന് താൻ അദ്ദേഹത്തോട് പറഞ്ഞു. അത്തരമൊരു സംഗതിയും(മതത്തിന്റെ പേരിലുള്ള വേർതിരിവും) ആർ.എസ്.എസിലുണ്ടാകില്ലെന്നു വ്യക്തമാക്കുകയും ചെയ്‌തെന്നും ഗഡ്ക്കരി കൂട്ടിച്ചേർത്തു. പൂനെയിൽ സിൻഹാഗഡിൽ ഒരു ചാരിറ്റബിൾ ആശുപത്രി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Summary: RSS hospital only for Hindus? Ratan Tata once asked Nitin Gadkari

TAGS :

Next Story