ആർഎസ്എസിനെ നിരോധിക്കണമെന്ന ആവശ്യം; ഖാർഗെക്കെതിരെ ആർഎസ്എസ്
സർദാർ വല്ലഭായ് പട്ടേലിന്റെ 150ാമത് ജന്മദിന വാർഷികവേളയിലാണ് ആർഎസ്എസിനെ നിരോധിക്കണമെന്ന മല്ലികാർജുൻ ഖാർഗെയുടെ പരാമർശം

ന്യൂഡൽഹി: ആർഎസ്എസിനെ നിരോധിക്കണമെന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പരാമർശത്തിനെതിരെ ആർഎസ്എസ്. ഖാർഗെ ചരിത്രത്തിൽ നിന്ന് കാര്യങ്ങൾ പഠിക്കണമെന്ന് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ പറഞ്ഞു. ഉന്നത കോൺഗ്രസ് നേതാവ് മൂന്ന് തവണ നിരോധനം ഏർപ്പെടുത്താൻ ശ്രമിച്ചു. കോടതിയും ജനങ്ങളും ആർഎസ്എസിന് അനുകൂല നിലപാട് സ്വീകരിച്ചെന്നും ഹൊസബാലെ പറഞ്ഞു.
സർദാർ വല്ലഭായ് പട്ടേലിന്റെ 150ാമത് ജന്മദിന വാർഷികവേളയിലാണ് ആർഎസ്എസിനെ നിരോധിക്കണമെന്ന മല്ലികാർജുൻ ഖാർഗെയുടെ പരാമർഷം ഉണ്ടായത്. പട്ടേലിനെ കോൺഗ്രസ് ബഹുമാനിക്കുന്നില്ലെന്ന ബിജെപിയുടെ പരാതി നിലനിൽക്കെയാണ് ഖാർഗെയുടെ പരാമർശം. ഇതിനുള്ള മറുപടിയാണ് ആർഎസ്എസ് നേതാവ് ഹൊസബാലെ നൽകിയിരിക്കുന്നത്.
'ഖാർഗെ ചരിത്രത്തിൽ നിന്ന് കാര്യങ്ങൾ പഠിക്കണം. മുതിർന്ന കോൺഗ്രസ് നേതാവ് മൂന്ന് തവണ ആർഎസ്എസിനെ നിരോധിക്കണമെന്ന ആവശ്യമുന്നയിച്ചതാണ്. എന്നാൽ, ജനങ്ങളും കോടതിയും ആർഎസ്എസിന് അനുകൂലമായി നിന്നു. സമൂഹം ആർഎസ്എസിന്റെ അനിവാര്യതയെ അംഗീകരിക്കുന്നു.' ഹൊസബാലെ പറഞ്ഞു. ആർഎസ്എസിനെ നിരോധിക്കണമെന്ന് ആരെങ്കിലും ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അതൊന്നും നടക്കുകയില്ലെന്നും ഹൊസബാലെ കൂട്ടിച്ചേർത്തു.
നേരത്തെ, ആർഎസ്എസ് നിരോധിക്കപ്പെടേണ്ട സംഘടനയാണെന്നും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അതിനുള്ള ശ്രമങ്ങൾ ആലോചിച്ച് വരികയാണെന്നും ഖാർഗെ പറഞ്ഞിരുന്നു. സർദാർ വല്ലഭായ് പട്ടേലിന് കോൺഗ്രസും യുപി സർക്കാരും അർഹമായ ബഹുമാനം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗാന്ധിജിയെ കൊലപ്പെടുത്തിയവരാണ് ഇന്ന് കോൺഗ്രസ് പാർട്ടി പട്ടേലിനെ ഓർക്കുന്നില്ലെന്ന് പറയുന്നത്. ചരിത്രത്തെ വളച്ചൊടിക്കാനാണ് ബിജെപി ശ്രമം. ദേശീയ താൽപ്പര്യം മുൻനിർത്തിയായിരുന്നു പട്ടേൽ ആർഎസ്‌എസിനെ നിരോധിച്ചെന്നും ഖാർഗെ വ്യക്തമാക്കി.
Adjust Story Font
16

