Quantcast

ലീഡ് തിരിച്ചുപിടിച്ച് സച്ചിൻ പൈലറ്റ്; രാജസ്ഥാനിൽ ബി.ജെ.പി മുന്നേറ്റം

ടോങ്ക് മണ്ഡലത്തില്‍ നിന്നാണ് സച്ചിൻ പൈലറ്റ് ജനവിധി തേടുന്നത്

MediaOne Logo

Web Desk

  • Published:

    3 Dec 2023 4:50 AM GMT

ലീഡ് തിരിച്ചുപിടിച്ച് സച്ചിൻ പൈലറ്റ്; രാജസ്ഥാനിൽ ബി.ജെ.പി മുന്നേറ്റം
X

ജയ്പൂർ: രാജസ്ഥാനിൽ കോൺഗ്രസ് സ്ഥാനാർഥി സച്ചിൻ പൈലറ്റ് ലീഡ് തിരിച്ചുപിടിച്ചു. ടോങ്ക് മണ്ഡലത്തില്‍ നിന്നാണ് സച്ചിൻ പൈലറ്റ് ജനവിധി തേടുന്നത്.ബിജെപിയുടെ അജിത് സിംഗ് മേത്തയെക്കാൾ 230 വോട്ടുകൾക്ക് പിന്നിലായിരുന്നു സച്ചിൻ. പല സമയത്തും സച്ചിൻ പിന്നിലായിരുന്നു. ഒടുവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ടോങ്കിൽ സച്ചിൻ 1,700 ആയി ലീഡ് ഉയർത്തിയിട്ടുണ്ട്.

2018ലെ തിരഞ്ഞെടുപ്പിൽ സച്ചിൻ പൈലറ്റ് ടോങ്കിൽ നിന്ന് വിജയിച്ചിരുന്നു. അതേസമയം, വോട്ടെണ്ണൽ രണ്ടുമണിക്കൂർ പിന്നിടുമ്പോൾ ബി.ജെ.പി 106 സീറ്റുമായി ലീഡ് ചെയ്യുകയാണ്.കോൺഗ്രസ് 77 സീറ്റുമായി തൊട്ടുപിന്നിലുണ്ട്.

രാജസ്ഥാൻ നിയമസഭയിൽ 200 സീറ്റുകളാണുള്ളത്. 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 199 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. കോൺഗ്രസ് സ്ഥാനാർഥി ഗുർമീത് സിംഗ് കുന്നാര്‍ മരിച്ചതിനെത്തുടര്‍ന്ന് ശ്രീഗംഗാനഗറിലെ കരണാപൂർ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു. 100 സീറ്റ് നേടിയായിരുന്നു 2018ൽ കോൺഗ്രസ് അധികാരത്തിലേറിയത്. 73 സീറ്റാണ് ബിജെപിയും നേടിയത്.100 സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ടത്.

നവംബർ 25നാണ് രാജസ്ഥാനിലെ 199 നിയമസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാനത്ത് 75.45 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഇത് 2018 തെരഞ്ഞെടുപ്പ് പോളിങ് ശതമാനത്തേക്കാൾ കൂടുതലായിരുന്നു. 2018 ൽ 74.71 ശതമാനമായിരുന്നു പോളിങ് രേഖപ്പെടുത്തിയത്.

രാജസ്ഥാനിൽ ബിജെപി അധികാരത്തിലേറുമെന്നാണ് ഭൂരിപക്ഷം എക്സിറ്റ് പോൾ സർവേകളും പ്രവചിക്കുന്നതെങ്കിലും ഉറച്ച ആത്മവിശ്വാസത്തിലായിരുന്നു കോൺഗ്രസ്. മൂന്ന് എക്‌സിറ്റ് പോളുകൾ രാജസ്ഥാനിൽ കോൺഗ്രസ് വിജയിക്കുമെന്ന് പ്രവചിച്ചിരുന്നു. ഇരുഭാഗത്തും ശക്തമായ പ്രചാരണമാണ് നടന്നത്. എന്നാൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കോൺഗ്രസിന്റെ നെഞ്ചിടിപ്പ് കൂടുകയാണ്.

TAGS :

Next Story