പഴയ സുഹൃത്തുക്കള്‍ , പുതിയ രാഷ്ട്രീയ സാഹചര്യം: പഞ്ചാബിൽ അകാലിദൾ-ബിജെപി സഖ്യത്തിന് ഇത്തവണ വെല്ലുവിളികളേറെ
ക്ഷേമപ്രവർത്തനങ്ങളുടെ കരുത്തിൽ എഎപി തുടർഭരണം തേടുമ്പോൾ, ആഭ്യന്തര തർക്കങ്ങൾ പരിഹരിച്ച് കോൺഗ്രസും ശക്തമായി തിരിച്ചുവരവിന് ഒരുങ്ങുകയാണ്.

- Published:
25 Nov 2026 8:21 AM IST

മൊഹാലി: അകാലിദൾ-ബിജെപി സഖ്യം വീണ്ടും യാഥാർത്ഥ്യമായതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചതോടെ പഞ്ചാബ് രാഷ്ട്രീയം വീണ്ടും സജീവമാകുകയാണ്. 1997 മുതൽ മൂന്ന് തവണ സംസ്ഥാനത്ത് അധികാരത്തിലെത്തിയ സഖ്യത്തിന്റെ പഴയ വിജയം ആവർത്തിക്കുക എന്നത് എളുപ്പമാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 2017 മുതൽ അധികാരത്തിന് പുറത്താണ് ഈ സഖ്യം. അടുത്ത വർഷം ആദ്യം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കടക്കുന്ന പഞ്ചാബിൽ കടുത്ത രാഷ്ട്രീയ പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. ഭരണകക്ഷിയായ ആം ആദ്മി പാർട്ടി (എഎപി) തങ്ങളുടെ ക്ഷേമപ്രവർത്തനങ്ങളുടെ കരുത്തിൽ തുടർഭരണം തേടുമ്പോൾ, ആഭ്യന്തര തർക്കങ്ങൾ പരിഹരിച്ച് കോൺഗ്രസും ശക്തമായി തിരിച്ചുവരവിന് ഒരുങ്ങുകയാണ്.
ശിരോമണി അകാലിദളിന് (എസ്എഡി) 'വലിയേട്ടൻ' സ്ഥാനം നൽകിയ അമിത് ഷാ, മുഖ്യമന്ത്രി സ്ഥാനാർത്ഥി അവരിൽ നിന്നായിരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, പഴയതുപോലെ രണ്ടാം സ്ഥാനത്ത് ഒതുങ്ങാൻ ബിജെപി തയ്യാറായേക്കില്ല. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി തങ്ങളുടെ വോട്ട് വിഹിതം ഏകദേശം ഇരട്ടിയാക്കി 18.56 ശതമാനത്തിലെത്തിച്ചിരുന്നു. 13.42 ശതമാനം വോട്ട് നേടിയ അകാലിദളിനേക്കാൾ അഞ്ച് ശതമാനത്തിലധികം ലീഡ് ബിജെപിക്കുണ്ടായിരുന്നു.
കഴിഞ്ഞ ആറ് വർഷമായി പഞ്ചാബിൽ മുഖം മിനുക്കാനുള്ള കഠിനശ്രമത്തിലാണ് ബിജെപി. കോൺഗ്രസിൽ നിന്നടക്കം നിരവധി ജാട്ട് സിഖ് നേതാക്കളെ പാർട്ടിയിലെത്തിച്ച ബിജെപി, ഹിന്ദു വ്യാപാരികളുടെ പാർട്ടി എന്ന പഴയ പ്രതിച്ഛായ മാറ്റാൻ ശ്രമിക്കുന്നുണ്ട്. സംസ്ഥാനത്തെ ജനസംഖ്യയുടെ 32 ശതമാനത്തിലധികം വരുന്ന ദലിത് വോട്ടുകൾ ലക്ഷ്യമിട്ടും ബിജെപി നീക്കങ്ങൾ നടത്തുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ദേരാ ബല്ലാൻ സന്ദർശിച്ച് തലവൻ സന്ത് നിരഞ്ജൻ ദാസിന്റെ അനുഗ്രഹം തേടിയതും, സന്ത് രവിദാസിന്റെ 650-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഈ ആഴ്ച യാത്ര ആരംഭിച്ചതും ഈ വോട്ട് ബാങ്കിന് ബിജെപി നൽകുന്ന പ്രാധാന്യം വ്യക്തമാക്കുന്നു.
അതേസമയം നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാൻ അകാലിദളും തീവ്രശ്രമത്തിലാണ്. മുതിർന്ന നേതാവ് പ്രേം സിംഗ് ചന്ദുമജ്ര, മുൻ എസ്ജിപിസി(ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി) അധ്യക്ഷ ബിബി ജാഗിർ കൗർ എന്നിവർ പാർട്ടിയിലേക്ക് മടങ്ങിയെത്തിയത് അകാലിദളിന് ഉണർവ് നൽകിയിട്ടുണ്ട്. പിൻവലിച്ച കാർഷിക നിയമങ്ങൾക്കെതിരെ ഗ്രാമങ്ങളിലുണ്ടായിരുന്ന രോഷം തണുത്തതായാണ് സൂചന. രണ്ട് കർഷക സംഘടനകൾ അടുത്തിടെ അകാലിദളിനൊപ്പം ചേർന്നത് ഇതിന്റെ ഭാഗമായാണെന്നാണ് വിലയിരുത്തല്‍.
എന്നാൽ, ഖദൂർ സാഹിബ് എംപി അമൃത്പാൽ സിംഗിന്റെ നേതൃത്വത്തിലുള്ള 'അകാലിദൾ (വാരിസ് പഞ്ചാബ് ദേ)', മുൻ അകാൽ തഖ്ത് ജതേദാർ ഗിയാനി ഹർപ്രീത് സിംഗിന്റെ 'അകാലിദൾ (പുനർ സുർജിത്)' എന്നിവയുടെ രംഗപ്രവേശം പന്തിക് വോട്ടുകളിലുള്ള അകാലിദളിന്റെ അവകാശവാദത്തിന് വെല്ലുവിളിയാകുന്നുണ്ട്. മുത്തശ്ശിയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ മൂന്ന് മണിക്കൂർ പരോളിൽ അമൃത്പാൽ എത്തിയപ്പോൾ ലഭിച്ച സ്വീകരണം യുവാക്കൾക്കിടയിലും പന്തിക് വിഭാഗത്തിലും അദ്ദേഹത്തിനുള്ള സ്വാധീനം വ്യക്തമാക്കുന്നു.
എഎപിയുടെ ക്ഷേമപദ്ധതികളും മയക്കുമരുന്ന് വിവാദവും
അഞ്ച് വർഷത്തെ എഎപി ഭരണത്തിന് ശേഷം പഞ്ചാബിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ഏറെ മാറിയിട്ടുണ്ട്. 2022ൽ വൻ ഭൂരിപക്ഷത്തോടെയാണ് അരവിന്ദ് കെജ്രിവാളിന്റെ പാർട്ടിയെ പഞ്ചാബ് സ്വീകരിച്ചത്. വാഗ്ദാനം ചെയ്തതുപോലെ പഞ്ചാബിനെ പൂർണ്ണമായി മാറ്റാൻ കഴിഞ്ഞില്ലെങ്കിലും, ക്ഷേമപദ്ധതികൾ വലിയ തോതിൽ നടപ്പാക്കാൻ എഎപിക്ക് സാധിച്ചു. ഏകദേശം 90 ശതമാനം വീടുകൾക്കും പ്രതിമാസം 300 യൂണിറ്റ് സൗജന്യ വൈദ്യുതി ലഭിക്കുന്നുണ്ട്. സംസ്ഥാന ചരിത്രത്തിലാദ്യമായി, ജൂലൈയിൽ ആരംഭിച്ച 'മുഖ്യമന്ത്രി മാവാൻ ധിയാൻ സത്കാർ യോജന'യിലൂടെ അർഹരായ സ്ത്രീകൾക്ക് പ്രതിമാസ സാമ്പത്തിക സഹായവും നൽകിത്തുടങ്ങി. വെറും വാഗ്ദാനങ്ങൾക്ക് പകരം നടപ്പാക്കിയ പദ്ധതികളുടെ കണക്കുകളുമായാണ് എഎപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
Adjust Story Font
16
