1984ലെ സിഖ് വിരുദ്ധ കലാപം; സജ്ജന്‍ കുമാറിനെ കുറ്റമുക്തനാക്കി ഡല്‍ഹി കോടതി
ഡല്‍ഹിയിലെ ജനക്പുരിയിലും വികാസ്പുരിയിലും നടന്ന കൊലപാതകങ്ങളിലാണ് സജ്ജന്‍ കുമാറിനെ കുറ്റമുക്തനാക്കിയത്

- Published:
22 Jan 2026 3:07 PM IST

ന്യൂഡല്‍ഹി: 1984ലെ സിഖ് വിരുദ്ധ കലാപത്തിനിടെ ജനക്പുരിയിലും വികാസ്പുരിയിലുമായി മൂന്നു പേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ കോണ്‍ഗ്രസ് മുന്‍ എംപി സജ്ജന്‍ കുമാറിനെ ഡല്‍ഹി റോസ് അവന്യു കോടതി കുറ്റമുക്തനാക്കി. കുറ്റകൃത്യത്തില്‍ സജ്ജന്‍ കുമാറിന്റെ പങ്ക് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്ന് നിരീക്ഷിച്ചാണ് സ്‌പെഷല്‍ ജഡ്ജ് ദിഗ് വിജയ് സിങ് 78കാരനായ മുന്‍ എംപിയെ കുറ്റമുക്തനാക്കിയത്. അതേസമയം, സിഖ് വിരുദ്ധ കലാപത്തിലെ മറ്റൊരു കൊലക്കേസില്‍ ഡല്‍ഹി ഹൈക്കോടതി നേരത്തെ ജീവപര്യന്തം ശിക്ഷിച്ചതിനാല്‍ സജ്ജന്‍ കുമാര്‍ ജയിലില്‍ തുടരും.
1984ല്‍ ഡല്‍ഹിയിലെ ജനക്പുരിയിലും വികാസ്പുരിയിലും നടന്ന അക്രമങ്ങള്‍ക്കിടെ സോഹന്‍ സിങ്ങ് എന്നയാളും മരുമകന്‍ അവ്താര്‍ സിങ്ങും കൊല്ലപ്പെട്ട കേസിലും ദുര്‍ചരണ്‍ സിങ് എന്നയാളെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിലുമാണ് സജ്ജന്‍ കുമാറിനെ പ്രതിചേര്‍ത്തത്. 2015ല്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് സജ്ജന്‍കുമാറിനെതിരെ രണ്ട് കൊലപാതകങ്ങളിലും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. 2023 ആഗസ്റ്റില്‍ കൊലപാതക, ഗൂഡാലോചന കുറ്റങ്ങള്‍ കോടതി ഒഴിവാക്കിയെങ്കിലും കലാപമുണ്ടാക്കല്‍, ഇരുവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കല്‍ എന്നീ കുറ്റങ്ങള്‍ നിലനിര്‍ത്തിയിരുന്നു. 1984 നവംബര്‍ ഒന്നിന് ഡല്‍ഹിയിലെ സരസ്വതി വിഹാര്‍ മേഖലയില്‍ ജസ്വന്ത് സിങ്, മകന്‍ തരുണ്‍ദീപ് സിങ് എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് സജ്ജന്‍ കുമാര്‍ നിലവില്‍ ജീവപര്യന്തം തടവനുഭവിക്കുന്നത്.
1984 ഒക്ടോബര്‍ 31ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ സിഖുകാരായ അംഗരക്ഷകര്‍ വെടിവച്ചു കൊലപ്പെടുത്തിയതിനു പിന്നാലെയാണ് രാജ്യവ്യാപകമായി ആയിരക്കണക്കിന് സിഖുകാര്‍ കൊല്ലപ്പെട്ട കലാപമുണ്ടായത്. ഡല്‍ഹിയില്‍ മാത്രം 2800ഓളം പേര്‍ കൊല്ലപ്പെട്ടതായാണ് പറയുന്നത്.
Adjust Story Font
16
