'വീട്ടിൽ കയറി വകവരുത്തും, കാർ ബോംബുവെച്ച് തകർക്കും': സൽമാൻ ഖാന് വീണ്ടും വധഭീഷണി
സൽമാൻ ഖാന് നേരെയുള്ള ഭീഷണി സന്ദേശങ്ങളെ പൊലീസ് ഗൗരവത്തിലാണ് എടുക്കുന്നത്

മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന് വീണ്ടും വധഭീഷണി. മുംബൈ വൊർളിയിലെ ഗതാഗത വകുപ്പിന്റെ വാട്സ്ആപ്പ് നമ്പറിലേക്കാണ് ഇത്തവണ ഭീഷണി എത്തിയത്. വീട്ടില്‍ കടന്നുകയറി താരത്തെ വധിക്കുമെന്നും അദ്ദേഹത്തിന്റെ കാര്‍ ബോംബുവെച്ച് തകര്‍ക്കുമെന്നുമാണ് ഭീഷണി സന്ദേശത്തിലുള്ളതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സന്ദേശം അയച്ച 'അജ്ഞാത വ്യക്തിക്കെതിരെ' വൊർളി പൊലീസ് കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. അജ്ഞാതനെ തേടി പൊലീസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. 1998ലെ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ കുടുങ്ങിയതോടെ നിരവധി ഭീഷണികളാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ വർഷം ഏപ്രിൽ 14ന് ബൈക്കിലെത്തിയ രണ്ട് പേർ സൽമാൻ ഖാന്റെ ബാന്ദ്രയിലെ വസതിക്ക് നേരെ നാല് റൗണ്ട് വെടിയുതിർത്തിരുന്നു. താരത്തെ ലക്ഷ്യമിട്ടുള്ള ഏറ്റവും ഒടുവിലെ ആക്രമണവും ഇതായിരുന്നു. ലോറൻസ് ബിഷ്‌ണോയിയുടെ സംഘം വെടിവയ്പ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. ഇതിന് പിന്നാലെയാണ് സല്‍മാന്‍ ഖാന്റെ അടുത്ത സുഹൃത്തും രാഷ്ട്രീയക്കാരനുമായ ബാബ സിദ്ധീഖി വെടിയേറ്റ് കൊല്ലപ്പെടുന്നത്.
സല്‍മാനുമായുള്ള അടുപ്പമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പറയപ്പെടുന്നത്. ബിഷ്ണോയ് സംഘവും ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. കേസില്‍ ഇപ്പോഴും അന്വേഷണം നടന്നവരികയാണ്. അതേസമയം സല്‍മാന്‍ ഖാന് നേരെയുള്ള ഭീഷണികളെ പൊലീസ് ഗൗരവത്തിലാണ് എടുക്കുന്നത്. സിനിമാ സെറ്റുകളിലുള്‍പ്പെടെ താരത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. എല്ലാവിധത്തിലുമുള്ള ആയുധങ്ങളും കൈകാര്യം ചെയ്യാന്‍ അറിയാവുന്ന ഒരു കോണ്‍സ്റ്റബിളിന്റെ സേവനവും അദ്ദേഹത്തിന് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Adjust Story Font
16

