ഇന്ത്യാസ് ഗോട്ട് ലാറ്റൻ്റ് ഷോ വിവാദം; സമയ് റെയ്നയുടെ ഗുജറാത്തിലെ പരിപാടി റദ്ദാക്കി
ഇന്ത്യാസ് ഗോട്ട് ലാറ്റന്റിൻ്റെ എല്ലാ വീഡിയോകളും തൻ്റെ ചാനലിൽ നിന്ന് നീക്കം ചെയ്തതായി സമയ് റെയ്ന കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു

ഗാന്ധിനഗര്‍: ഇന്ത്യാസ് ഗോട്ട് ലാറ്റൻ്റ് ഷോയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കൊമേഡിയൻ സമയ് റെയ്നയുടെ ഗുജറാത്തിലെ പരിപാടി റദ്ദാക്കി. ഷോയിലെ റെയ്നയുടെ സഹപാനലിസ്റ്റ് യുട്യൂബര്‍ രൺവീര്‍ അലഹാബാദിയയുടെ അശ്ലീല പരാമര്‍ശം വ്യാപക വിമര്‍ശത്തിനിടയായിരുന്നു. കൊമേഡിയന്‍റെ ഏപ്രിലിലെ ഷോയുടെ ടിക്കറ്റുകൾ ബുക്ക് മൈ ഷോയിൽ ലഭ്യമല്ലെന്ന് വിശ്വഹിന്ദു പരിഷത്തിനെ (വിഎച്ച്പി) ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.
ഏപ്രിൽ 17ന് സൂറത്തിലും 18ന് വഡോദരയിലും ഏപ്രിൽ 19, 20 തിയതികളിൽ അഹമ്മദാബാദിലും റെയ്നയുടെ സ്റ്റാന്‍ഡപ് ഷോ തീരുമാനിച്ചിരുന്നത്. ''ഗുജറാത്തിൽ അദ്ദേഹത്തിനെതിരായ ജനരോഷത്തെത്തുടർന്ന് ഈ നാല് ഷോകളും റദ്ദാക്കിയതായി തോന്നുന്നു.ഈ ഷോകൾക്കുള്ള ടിക്കറ്റുകൾ ബുക്ക് മൈ ഷോയിൽ രാവിലെ വരെ (ബുധനാഴ്‌ച) ലഭ്യമായിരുന്നുവെങ്കിലും അവ ഇപ്പോൾ പോർട്ടലിൽ നിന്ന് നീക്കം ചെയ്തതായി തോന്നുന്നു'' ഗുജറാത്ത് വിഎച്ച്പി വക്താവ് ഹിതേന്ദ്രസിങ് രജ്പുത് പറഞ്ഞു. സമീപകാല വിവാദങ്ങളെത്തുടർന്ന് ഈ ഷോകൾ റദ്ദാക്കാൻ സംഘാടകർ തീരുമാനിച്ചതായി വിഎച്ച്പി മേഖലാ സെക്രട്ടറി അശ്വിൻ പട്ടേൽ പ്രസ്താവനയിൽ അറിയിച്ചു.
ഇന്ത്യാസ് ഗോട്ട് ലാറ്റന്റിൻ്റെ എല്ലാ വീഡിയോകളും തൻ്റെ ചാനലിൽ നിന്ന് നീക്കം ചെയ്തതായി സമയ് റെയ്ന കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തനിക്കും ഷോയിലെ മറ്റുള്ളവര്‍ക്കുമെതിരെയുള്ള പൊലീസ് പരാതികളോട് പ്രതികരിക്കവേ എല്ലാ ഏജൻസികളുമായും പൂർണ മായും സഹകരിക്കും എന്നും അദ്ദേഹം പറഞ്ഞു. "സംഭവിക്കുന്നതെല്ലാം എനിക്ക് കൈകാര്യം ചെയ്യാൻ കഴിയാത്തത്ര ബുദ്ധിമുട്ടായിരുന്നു. എന്റെ ചാനലിൽ നിന്ന് ഓൾ ഇന്ത്യാസ് ഗോട്ട് ലേറ്റന്റ് വീഡിയോകൾ ഞാൻ നീക്കം ചെയ്തു. ആളുകളെ ചിരിപ്പിക്കുകയും നല്ല സമയം ആസ്വദിക്കുകയും ചെയ്യുക എന്നതായിരുന്നു എൻ്റെ ഏക ലക്ഷ്യം. എല്ലാ ഏജൻസികളുടെയും അന്വേഷണങ്ങൾ നീതിപൂർവം അവസാനിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഞാൻ പൂർണമായും സഹകരിക്കും, നന്ദി." റെയ്ന് സോഷ്യല്‍മീഡിയയില്‍ കുറിച്ചു.
ബീർബൈസെപ്സ് എന്ന യൂട്യൂബ് ചാനലിൽ 8.22 മില്യൺ സബ്‌സ്‌ക്രൈബർമാരും ഇൻസ്റ്റാഗ്രാമിൽ 4.5 ദശലക്ഷം ഫോളോവേഴ്‌സും ഉള്ള ഇൻഫ്ലുവസറാണ് അലഹാബാദിയ . ഇന്ത്യാസ് ഗോട്ട് ലാറ്റന്‍റിലെ ഒരു മത്സരാർഥിയോട് ആരാഞ്ഞ അശ്ലീല ചോദ്യം വിവാദത്തിന് തിരികൊളുത്തിയിരുന്നു. ഓൺലൈൻ ഉള്ളടക്കത്തിൽ കർശനമായ നിയന്ത്രണങ്ങൾ വേണമെന്ന് പലരും ആവശ്യപ്പെട്ടതോടെ ചോദ്യം വ്യാപക പ്രതിഷേധത്തിന് കാരണമായി. തുടര്‍ന്ന് അലഹാബാദിയ മാപ്പ് പറഞ്ഞ് രംഗത്തെത്തുകയും ചെയ്തിരുന്നു.
Adjust Story Font
16

