സംഭൽ മസ്ജിദ്: പൊളിക്കൽ നടപടി സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് അലഹബാദ് ഹൈക്കോടതി
ഇരുപക്ഷത്തിന്റെയും വാദങ്ങൾ കേട്ട കോടതി അടിയന്തര സ്റ്റേ ആവശ്യം തള്ളുകയും കീഴ്‌ക്കോടതിയെ സമീപിക്കാൻ പള്ളി കമ്മിറ്റിയോട് നിർദേശിക്കുകയും ചെയ്തു

ഉത്തർപ്രദേശ്: സർക്കാർ ഭൂമിയിൽ നിർമിച്ചതായി ആരോപിക്കപ്പെടുന്ന ഒരു പള്ളി, വിവാഹ മണ്ഡപം, ആശുപത്രി എന്നിവ പൊളിക്കുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംഭൽ പള്ളി കമ്മിറ്റി സമർപ്പിച്ച അടിയന്തര ഹരജി അലഹബാദ് ഹൈക്കോടതി തള്ളി. ജസ്റ്റിസ് ദിനേശ് പഥക്കിന്റെ സിംഗിൾ ജഡ്ജി ബെഞ്ചാണ് ഹരജി തള്ളിയത്.
ഇരുപക്ഷത്തിന്റെയും വാദങ്ങൾ കേട്ട കോടതി അടിയന്തര സ്റ്റേ ആവശ്യം തള്ളുകയും കീഴ്‌ക്കോടതിയെ സമീപിക്കാൻ പള്ളി കമ്മിറ്റിയോട് നിർദേശിക്കുകയും ചെയ്തു. സർക്കാർ ഭൂമിയിൽ നിർമിച്ചതായി ആരോപിക്കപ്പെടുന്ന പള്ളിക്ക് ഭരണകൂടം നോട്ടീസ് നൽകുകയും കമ്മിറ്റിക്ക് നാല് ദിവസത്തെ സമയപരിധി നൽകുകയും ചെയ്തിരുന്നു. സമയപരിധി അവസാനിക്കുന്നതിനു മുമ്പുതന്നെ പള്ളി കമ്മിറ്റി അംഗങ്ങൾ മതിലിന്റെ ചില ഭാഗങ്ങൾ സ്വയം പൊളിച്ചുമാറ്റാൻ തുടങ്ങിയതായി റിപ്പോർട്ടുകളുണ്ട്.
ദസറ ദിനത്തിൽ 200 ഓളം പൊലീസുക്കാരുടെ അകമ്പടിയോടെ സംഭാൽ ജില്ലാ ഭരണകൂടം ബുൾഡോസറുകൾ ഉപയോഗിച്ച് വിവാഹ മണ്ഡപം ഉൾപ്പെടെ പൊളിച്ചുമാറ്റിയാതായി പ്രദേശവാസികൾ ആരോപിച്ചു. വെള്ളിയാഴ്ച നടന്ന അവസാന വാദം കേൾക്കലിൽ ഭൂമിയുടെ രേഖകൾ സമർപ്പിക്കാൻ ഹൈക്കോടതി ഹരജിക്കാരോട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സർക്കാർ, ജില്ലാ മജിസ്‌ട്രേറ്റ്, പൊലീസ് സൂപ്രണ്ട്, എഡിഎം, തഹസിൽദാർ, ഗ്രാമസഭ എന്നിവരെ ഹരജിയിൽ കക്ഷികളാക്കിയിട്ടുണ്ട്.
Adjust Story Font
16

