Quantcast

കളമശ്ശേരി സ്‌ഫോടനം: വിദ്വേഷ പ്രചാരണവുമായി സംഘ്പരിവാർ പോർട്ടൽ; യഹോവാ സാക്ഷികള്‍ക്ക് ഇസ്‍ലാമിനു സമാനമായ വിശ്വാസമെന്ന് വാദം

യഹോവാസ് വിറ്റ്‌നെസ് എന്ന വെബ്സൈറ്റില്‍ പരിചയപ്പെടുത്തുന്ന വിവരങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇവരെ ഇസ്‌ലാമുമായി പോർട്ടൽ ബന്ധിപ്പിക്കുന്നത്

MediaOne Logo

Web Desk

  • Published:

    30 Oct 2023 2:41 PM GMT

Sangh Parivar portal Op India publishes report connecting Jehova’s Witness’ and Islam in Kalamassery blast, Sangh Parivar portal Op India connecting Jehova’s Witness’ and Islam in Kalamassery blast
X

കോഴിക്കോട്: കളമശ്ശേരി സ്‌ഫോടനത്തിൽ ഇസ്‍ലാം വിരുദ്ധ പ്രചാരണവുമായി സംഘ്പരിവാർ പോർട്ടൽ 'ഓപ്ഇന്ത്യ'. ഇസ്‌ലാമിനു സമാനമായ ദേശവിരുദ്ധ വിശ്വാസങ്ങൾ കൊണ്ടുനടക്കുന്നവരാണ് യഹോവ സാക്ഷികളെന്ന തലക്കെട്ടോടെയാണ് പോർട്ടൽ വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. കേസിൽ അറസ്റ്റിലായ പ്രതി ഡൊമിനിക് മാർട്ടിൻ യഹോവ സാക്ഷി പ്രസ്ഥാനത്തിനെതിരെ ഉയർത്തിയ ആരോപണങ്ങളുടെ മറവിലാണ് പോർട്ടലിന്റെ വിദ്വേഷപ്രചാരണം.

ദേശവിരുദ്ധമായ കാര്യങ്ങൾ യഹോവാ വിശ്വാസികൾ പഠിപ്പിക്കുന്നുണ്ടെന്ന് മാർട്ടിൻ വാദിച്ചിരുന്നു. ഇതര മതസ്ഥരായ സഹപാഠികൾ നൽകുന്ന മിഠായികൾ കഴിക്കരുതെന്ന് ചെറിയ കുട്ടികളെ പഠിപ്പിക്കുന്നു. ചെറിയ പ്രായത്തിൽ തന്നെ കുട്ടികളിൽ ഇത്തരം വിഷം കുത്തിവയ്ക്കുകയാണെന്നും ഈ പ്രസ്ഥാനം രാജ്യത്തിന് അപകടമാണെന്നു മനസിലാക്കിയാണ് ഇത്തരമൊരു കൃത്യം ചെയ്തതെന്നും സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിൽ മാർട്ടിൻ വാദിക്കുന്നുണ്ട്.

തുടർന്ന് യഹോവാസ് വിറ്റ്‌നെസ് വെബ്സൈറ്റില്‍ തങ്ങളുടെ വിശ്വാസത്തെ പരിചയപ്പെടുത്തുന്ന വിവരങ്ങൾ ചേർത്താണ് ഇവരെ ഇസ്‌ലാമുമായി പോർട്ടൽ ബന്ധിപ്പിക്കുന്നത്. ബൈബിൾ അധ്യാപനങ്ങൾക്കു വിരുദ്ധമായതിനാൽ ദേശീയ പരിപാടികളിൽ പങ്കെടുക്കാറില്ല. രാഷ്ട്രീയപാർട്ടികളോട് നിഷ്പക്ഷ നയമായിരിക്കും. മറ്റു മതങ്ങളുമായൊന്നും ബന്ധം പുലർത്തുന്നില്ലെന്നുമെല്ലാം ചേർത്താണ് ഇതിന് ഇസ്‌ലാം മതവുമായി കൂടുതൽ സാമ്യതയുള്ളതായി പറയുന്നത്. ഇസ്‌ലാമും യഹോവ സാക്ഷികളും ദേശീയവാദത്തെക്കാളും മതത്തിനാണു സ്ഥാനം നൽകുന്നതെന്നും രാജ്യത്തിനു പകരം മതസ്വത്വത്തെയാണ് തങ്ങളെ ഒന്നിപ്പിക്കുന്ന ഘടകമായി അവർ കാണുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ദേശീയഗാനം ആലപിക്കുന്നതിൽ സുപ്രിംകോടതി നൽകിയ ഇളവും എടുത്തുകാട്ടുന്നുണ്ട്. യു.പിയിലെ ഒരു മദ്രസയിൽ അധ്യാപകൻ വിദ്യാർത്ഥികളെ ദേശീയഗാനം ആലപിക്കുന്നതിൽനിന്നു തടഞ്ഞെന്നും റിപ്പോർട്ടിൽ ആരോപിക്കുന്നു. ഇരുമതവിഭാഗങ്ങളും സൈന്യത്തിൽ ചേരുന്നതു വിലക്കുന്നുണ്ടെന്നും രണ്ടു വിഭാഗവും മതംമാറ്റം നടത്തുന്ന സംഘമാണെന്നും ഓപ്ഇന്ത്യ റിപ്പോർട്ട് ആരോപിക്കുന്നു.

Summary: Sangh Parivar portal 'Op India' publishes report connecting Jehova’s Witness’ and Islam in Kalamassery blast

TAGS :

Next Story