Quantcast

ബംഗാളിലെ പുരാതന മസ്ജിദിൽ പൂജ നടത്തി ഹിന്ദു സന്ന്യാസിയും സംഘവും

വാർത്ത പ്രചരിച്ചതോടെ പ്രദേശത്തെത്തിയ പൊലീസ് പൂജ നിർത്തിവെപ്പിച്ചു

MediaOne Logo

Web Desk

  • Published:

    19 Feb 2024 4:40 PM GMT

A Hindu Sannyasi and his group performed puja at an ancient Adina Mosque in West Bengal
X

മാൾഡ: വെസ്റ്റ് ബംഗാളിലെ പുരാതന മുസ്‌ലിം പള്ളിയിൽ പൂജ നടത്തി ഹിന്ദു സന്ന്യാസിയും സംഘവും. മാൾഡ ജില്ലയിലെ അദിന പള്ളിയിലാണ് സംഘം പൂജ നടത്തിയത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. മാൾഡക്ക് പുറത്തുനിന്നുള്ള മഹാരാജ് ഹിരൺമയി ഗോസാമിയണ് പള്ളിയുടെ വളപ്പിൽ അനുയായികൾക്കൊപ്പം പൂജ നടത്തിയത്. വാർത്ത പ്രചരിച്ചതോടെ മുസ്‌ലിംകൾ മാൾഡ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് പ്രദേശത്തെത്തിയ പൊലീസ് പൂജ നിർത്തിവെപ്പിച്ചു. ഗ്യാൻവാപി പള്ളിയിൽ കോടതി വിധിയോടെ ഹിന്ദു വിഭാഗം പൂജ തുടങ്ങിയ ശേഷമാണ് ബംഗാളിൽ നിന്ന് മറ്റൊരു സംഭവം പുറത്തുവരുന്നത്.

ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ(എഎസ്‌ഐ) കീഴിലാണ് അദിന പള്ളി പ്രവർത്തിക്കുന്നത്. സംഭവത്തിൽ എഎസ്‌ഐയുടെ പരാതിയിൽ ഗോസാമിക്കെതിരെ കേസെടുത്തു.

ഗോസാമിക്കും കൂട്ടുകാർക്കുമെതിരെ കടുത്ത നടപടിയെടുക്കണമെന്ന് ആൾ ബംഗാൾ ഇമാം മുഅദ്ദിൻ അസോസിയേഷൻ ആൻഡ് ചാരിറ്റബ്ൾ ട്രസ്റ്റ് സംസ്ഥാന സെക്രട്ടറി നിസാമുദ്ദീൻ ബിശ്വാസ് പറഞ്ഞു.

വിഷയം നിയമാനുസൃതമായി കൈകാര്യം ചെയ്യുമെന്നും സാമുദായിക സൗഹാർദ്ദത്തിനും സമാധാനത്തിനും അഭ്യർത്ഥിക്കുന്നുവെന്നും തൃണമൂൽ കോൺഗ്രസ് (ടിഎംസി) എംഎൽഎയും മാൾഡ യൂണിറ്റ് പ്രസിഡന്റുമായ അബ്ദുർ റഹീം ബോക്‌സി പറഞ്ഞു.

സംഭവത്തെ തുടർന്ന് പ്രദേശത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. 1369 ൽ സുൽത്താൻ സിക്കന്ദർ ഷായാണ് അദിന പള്ളി നിർമിച്ചത്. ഇതിനെ 'സലാമി ഗേറ്റ്' എന്നും വിളിച്ചിരുന്നു. പശ്ചിമ ബംഗാളിലെ ദേശീയ പ്രാധാന്യമുള്ള സ്മാരകങ്ങളുടെ പട്ടിക അനുസരിച്ച്, ഇത് എഎസ്‌ഐ-ലിസ്റ്റ് ചെയ്ത സ്മാരകമാണിത്.

A Hindu Sannyasi and his group performed puja at an ancient Adina Mosque in West Bengal

TAGS :

Next Story