Quantcast

ഉത്തരാഖണ്ഡിലെ മദ്രസകളിൽ സംസ്‌കൃതം പഠിപ്പിക്കും; നടപടിയുമായി വഖഫ് ബോർഡ്

ദേവഭൂമിയായ ഉത്തരാഖണ്ഡിലല്ലെങ്കിൽ പിന്നെ എവിടെയാണ് സംസ്‌കൃതം പഠിപ്പിക്കുകയെന്ന് സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ ഷാദാബ് ഷംസ്

MediaOne Logo

Web Desk

  • Published:

    12 Sep 2023 11:43 AM GMT

ഉത്തരാഖണ്ഡിലെ മദ്രസകളിൽ സംസ്‌കൃതം പഠിപ്പിക്കും; നടപടിയുമായി വഖഫ് ബോർഡ്
X

ഡെറാഡൂൺ: മദ്രസകളിൽ സംസ്‌കൃതം പഠിപ്പിക്കാൻ നീക്കവുമായി ഉത്തരാഖണ്ഡ് വഖഫ് ബോർഡ്. എൻ.സി.ഇ.ആർ.ടി പാഠ്യപദ്ധതിയും മദ്രസകളിൽ നടപ്പാക്കുമെന്നും വഖഫ് ബോർഡ് ചെയർമാൻ ഷാദാബ് ഷംസ് പ്രഖ്യാപിച്ചു. ദേശീയ മാധ്യമമായ 'ആജ് തകി'നു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ ബി.ജെ.പി നേതാവ് കൂടിയാണ് ഷാദാബ്.

ഉത്തരാഖണ്ഡിലെ 117 മദ്രസകളിലാണു മറ്റു വിഷയങ്ങൾക്കൊപ്പം സംസ്‌കൃതവും പഠിപ്പിക്കുക. ദേവഭൂമിയായ ഉത്തരാഖണ്ഡിലല്ലെങ്കിൽ പിന്നെ എവിടെയാണ് സംസ്‌കൃതം പഠിപ്പിക്കുകയെന്ന് ഷാദാബ് ചോദിച്ചു. മദ്രസകളിൽ മാറ്റങ്ങളുണ്ടാകണമെന്ന അഭിപ്രായമുള്ളവരാണ് മുസ്‌ലിം സമുദായം. മാറ്റങ്ങളോടെല്ലാം അവർ സന്തോഷത്തോടെയാണു പ്രതികരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്‌കൃതത്തിൽ ഗവേഷണം നടത്തുന്ന റസിയ സുൽത്താന എന്ന മുസ്‌ലിം വിദ്യാർത്ഥിനിയുടെ അനുഭവം വിവരിച്ചായിരുന്നു വഖഫ് ബോർഡ് ചെയർമാൻ സംസ്‌കൃത വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു സംസാരിച്ചത്. ഖുർആൻ സംസ്‌കൃതത്തിലേക്കു പരിഭാഷപ്പെടുത്താനുള്ള ശ്രമത്തിലാണ് റസിയ. ഇവരെ വഖഫ് ബോർഡിന്റെ വിദ്യാഭ്യാസ സമിതി അംഗമാക്കാനും ആലോചിക്കുന്നുണ്ടെന്ന് ഷാദാബ് ഷംസ് വെളിപ്പെടുത്തി.

വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്ത മദ്രസകൾ ആധുനികവൽക്കരിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിദ്യാർത്ഥികൾക്ക് കംപ്യൂട്ടറുകളും ടാബ്ലെറ്റുകളും നൽകും. ഐ.ടി വിദ്യാഭ്യാസവും നൽകുമെന്നും ചെയർമാൻ കൂട്ടിച്ചേർത്തു.

മദ്രസകളില്‍ സംസ്‌കൃതം പഠിപ്പിക്കണമെന്ന ആവശ്യവുമായി മദ്രസ വെൽഫെയർ സൊസൈറ്റി(എം.ഡബ്ല്യു.എസ്) നേരത്തെ രംഗത്തെത്തിയിരുന്നു. ആറു വർഷംമുൻപ് അന്നത്തെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ത്രിവേന്ദ്ര സിങ് റാവത്തിന് ഇതേ ആവശ്യവുമായി എം.ഡബ്ല്യു.എസ് കത്തുനൽകുകയും ചെയ്തിരുന്നു. എന്നാൽ, ഇത് അപ്രായോഗികമാണെന്നു പറഞ്ഞ് തള്ളിക്കളയുകയാണ് റാവത്ത് ചെയ്തത്.

Summary: Sanskrit will also be taught in 117 madrasas in Uttarakhand: State Waqf board chairman Shadab Shams

TAGS :

Next Story