Quantcast

എൻഐഎ കേസിൽ കുറ്റാരോപിതനായി ജയിലിലായിരുന്ന സാക്വിബ് നാച്ചൻ അന്തരിച്ചു

നിരോധിത സംഘടനയായ സിമിയുടെ മുൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായ സാക്വിബ് നാച്ചൻ ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെയാണ് മരണപ്പെടുന്നത്

MediaOne Logo

Web Desk

  • Updated:

    2025-06-29 02:33:56.0

Published:

28 Jun 2025 8:24 PM IST

എൻഐഎ കേസിൽ കുറ്റാരോപിതനായി ജയിലിലായിരുന്ന സാക്വിബ് നാച്ചൻ അന്തരിച്ചു
X

ന്യൂഡൽഹി: എൻഐഎ കേസിൽ കുറ്റാരോപിതനായി ജയിലിൽക്കഴിഞ്ഞിരുന്ന നിരോധിത സംഘടനയായ സിമിയുടെ മുൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി സാക്വിബ് നാച്ചൻ ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ അന്തരിച്ചു. തീവ്രവാദ ബന്ധമാരോപിച്ച് ദീർഘകാലം ജയിലിലടക്കപ്പെട്ട ശേഷം ജയിൽ മോചിതനായ നാച്ചനെ അടുത്തിടെയാണ് ഐസിസ് ബന്ധം ആരോപിച്ച് വീണ്ടും അറസ്റ്റ് ചെയ്തത്. ഡൽഹിയിലെ ആശുപത്രിയിൽ വെച്ചാണ് അന്ത്യം. 62 വയസ്സായിരുന്നു.

2023 ഡിസംബറിൽ മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ പഡ്ഗയിൽ നിന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്ത നാച്ചനെ ഡൽഹിയിലെ തിഹാർ ജയിലിലേക്ക് മാറ്റിയിരുന്നു. പിന്നീട് കസ്റ്റഡിയിൽ തുടരുന്നതിനിടെ ഇക്കഴിഞ്ഞ ജൂൺ 22 ന് തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെത്തുടർന്ന് ചികിത്സയ്ക്കായി ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്നു കൂടുതൽ വിദഗ്ധ ചികിത്സാ സഹായത്തിനായി സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റിയതായും ഇന്ന് രാവിലെ മരണം സ്ഥിരീകരിച്ചതായും അദ്ദേഹത്തിന്റെ അഭിഭാഷകൻ അറിയിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മുംബൈയിലെ പഡ്ഗയിലേക്ക് കൊണ്ട് പോവുമെന്ന് നാച്ചന്റെ കുടുംബം അറിയിച്ചു.

മുംബൈയിൽ നിന്ന് ഏകദേശം 53 കിലോമീറ്റർ വടക്ക് സ്ഥിതി ചെയ്യുന്ന ബോറിവലി പഡ്ഗ എന്ന ഗ്രാമത്തിലെ കൊങ്കണി മുസ്ലീം കുടുംബത്തിൽ പ്രദേശത്തെ പ്രമുഖ സമുദായ നേതാവായ അബ്ദുൾ ഹമീദ് നാച്ചന്റെ മൂന്നാമത്തെ മകനായിട്ടാണ് സാക്വിബ് നാച്ചൻ ജനിച്ചത്. 1980 കളുടെ തുടക്കത്തിൽ ഇസ്ലാമിക വിദ്യാർഥി യുവജന സംഘടനയായ സിമിയുടെ ഭാഗമായി. മഹാരാഷ്ട്ര സംസ്ഥാന പ്രസിഡന്റായും,ദേശീയ ജനറൽ സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു.

മുംബൈയിൽ സിമിയുടെ ബാനറിൽ വിവിധ പ്രശ്‌നങ്ങളിൽ ജനകീയ റാലികൾ സംഘടിപ്പിക്കുന്നതിലൂടെ നേതൃപാടവം തെളിയിച്ചു ശ്രദ്ധ നേടി. 1992 ൽ മുംബൈ ബാന്ദ്ര മൈതാനിയിൽ 10,000ത്തിലേറെ പേർ പങ്കെടുത്ത ഇഖ്ദാമെ ഉമ്മത്ത് മുസ്ലിം മുന്നേറ്റ സമ്മേളനത്തിന്റെ സംഘാടനത്തിൽ നിർണായക പങ്ക് വഹിച്ചു. ജയിൽ മോചിതനായ ശേഷം ബോറിവലിയിലെ പഡ്ഗയിലെ വീട്ടിൽ അദ്ദേഹം താമസിച്ചു വരുന്നതിനിടെയാണ് ഐഎസ് ബന്ധം ആരോപിച്ച് 2023 ഡിസംബറിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) സാക്വിബ് നാച്ചനെയും ഒപ്പം മകൻ ശാമിലിനെയും വീണ്ടും അറസ്റ്റ് ചെയ്യുന്നത്.

TAGS :

Next Story