സാത്താൻകുളം കസ്റ്റഡി മരണം: 9 പൊലീസുകാർക്ക് വധശിക്ഷ; വിധി ചരിത്രപരമെന്ന് കോടതി
കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് കട തുറന്നു എന്ന് ആരോപിച്ചാണ് അച്ഛനേയും മകനേയും സ്റ്റേഷനിലെത്തിത്ത് മർദിച്ചത്

- Updated:
2026-04-06 14:26:17.0

മധുര: തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ മൊബൈൽ കടയുടമയായ ജയരാജും മകൻ ബെനിക്സും പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട കേസിൽ പ്രതികളായ ഒമ്പത് പൊലീസുകാർക്ക് വധശിക്ഷ. 'അത്യപൂർവ്വങ്ങളിൽ അപൂർവ്വമായ' കേസായി ഇതിനെ പരിഗണിച്ചാണ് കോടതി പരമാവധി ശിക്ഷ വിധിച്ചത്. അധികാര ദുർവിനിയോഗത്തിന്റെ ക്രൂരമായ മുഖമാണ് ഈ സംഭവത്തിൽ കണ്ടതെന്ന് കോടതി നിരീക്ഷിച്ചു. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് കട തുറന്നു എന്ന് ആരോപിച്ചാണ് ജയരാജിനെയും ബെനിക്‌സിനെയും സാത്താൻകുളം പൊലീസ് കസ്റ്റഡിയിലെടുത്തത്.മധുര ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വധശിക്ഷ വിധിച്ചത്.വധശിക്ഷക്ക് പുറമെ പ്രതികളായ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 1.40 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു.
ഇൻസ്പെക്ടർ ശ്രീധർ, സബ് ഇൻസ്പെക്ടർമാരായ ബാലകൃഷ്ണൻ, രഘു ഗണേഷ് എന്നിവരും പൊലീസുകാരായ മുരുകൻ, സാമദുരൈ, മുത്തുരാജ, ചെല്ലദുരൈ, തോമസ് ഫ്രാൻസിസ്, വെയിലുമുത്തു എന്നിവർക്കാണ് വധശിക്ഷ ലഭിച്ചത്. കേസിൽ പ്രതിയായിരുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥൻ വിചാരണയ്ക്കിടെ മരിച്ചിരുന്നു. അച്ഛനെയും മകനെയും നഗ്‌നരാക്കി അതിക്രൂരമായി മർദ്ദിച്ച രീതി കുറ്റപത്രത്തിൽ വായിക്കുമ്പോൾ തന്നെ ഹൃദയം നടുങ്ങുന്നുവെന്ന് കോടതി പറഞ്ഞു. ഇത് അധികാരത്തിന്റെ നഗ്‌നമായ ദുർവിനിയോഗമാണ്. കോടതി വ്യക്തമാക്കി.
2020 ജൂൺ 19-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് കട തുറന്നു എന്ന് ആരോപിച്ചാണ് ജയരാജിനെയും ബെനിക്‌സിനെയും സാത്താൻകുളം പൊലീസ് കസ്റ്റഡിയിലെടുത്തത്.
സ്റ്റേഷനിൽ എത്തിച്ച ഇരുവരെയും രാത്രി മുഴുവൻ പൊലീസുകാർ ക്രൂരമായി മർദിച്ചു. മർദ്ദനമേറ്റ് ആന്തരികാവയവങ്ങൾക്കടക്കം ഗുരുതരമായ പരിക്കേറ്റ ഇരുവരും ഏതാനും ദിവസങ്ങൾക്കുള്ളിൽ ആശുപത്രിയിൽ വെച്ച് മരണപ്പെടുകയായിരുന്നു. സ്റ്റേഷനിലെ മേശപ്പുറത്തും ലാത്തികളിലും രക്തക്കറയുണ്ടായിരുന്നതായും നിലവിളി കേട്ടിരുന്നതായും ഒരു വനിതാ കോൺസ്റ്റബിൾ നൽകിയ സാക്ഷിമൊഴി കേസിൽ നിർണ്ണായകമായി.
മദ്രാസ് ഹൈക്കോടതിയുടെ ഇടപെടലിനെത്തുടർന്ന് സിബിഐ ഏറ്റെടുത്ത കേസിൽ അഞ്ച് വർഷത്തോളമാണ് വിചാരണ നീണ്ടുനിന്നത്. നൂറിലധികം സാക്ഷികളെ വിസ്തരിച്ചു. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞതടക്കമുള്ള വെല്ലുവിളികൾ അതിജീവിച്ചാണ് കേസന്വേഷണം പൂർത്തിയാക്കിയത്.
Adjust Story Font
16
