Quantcast

''ആന്തമാനിലെ ജയിലിൽനിന്ന് ബുൽബുൽ പക്ഷികളുടെ ചിറകിലേറി സവർക്കർ ദിവസവും മാതൃരാജ്യം സന്ദർശിക്കാറുണ്ടായിരുന്നു''; കർണാടക സ്‌കൂൾ പാഠപുസ്തകം വിവാദത്തിൽ

ഭഗത് സിങ്, ടിപ്പു സുൽത്താൻ എന്നിവരെക്കുറിച്ച് വിവിധ പാഠപുസ്തകങ്ങളിലുണ്ടായിരുന്ന ഭാഗങ്ങൾ ഒഴിവാക്കി ആർ.എസ്.എസ് സ്ഥാപകനേതാവ് ഹെഡ്‌ഗെവാറിന്റെ പ്രസംഗം ചേർത്തതായി പരാതി ഉയർന്നിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-08-27 13:11:47.0

Published:

27 Aug 2022 1:10 PM GMT

ആന്തമാനിലെ ജയിലിൽനിന്ന് ബുൽബുൽ പക്ഷികളുടെ ചിറകിലേറി സവർക്കർ ദിവസവും മാതൃരാജ്യം സന്ദർശിക്കാറുണ്ടായിരുന്നു; കർണാടക സ്‌കൂൾ പാഠപുസ്തകം വിവാദത്തിൽ
X

ബംഗളൂരു: കർണാടകയിൽ സ്‌കൂൾ പാഠപുസ്തകങ്ങൾ കാവിവൽക്കരിക്കുന്നതായുള്ള ആരോപണങ്ങൾക്കിടെ പുതിയ വിവാദം. സംസ്ഥാനത്തെ സ്‌കൂളുകളിൽ പഠിക്കുന്ന എട്ടാം തരക്കാർക്കുള്ള പുസ്തകത്തിൽ ആർ.എസ്.എസ് ആചാര്യൻ വി.ഡി സവർക്കറെ മഹത്വവൽക്കരിച്ചുകൊണ്ടുള്ള പാഠഭാഗം ഉൾപ്പെടുത്തിയതായാണ് പുതിയ ആരോപണം. രോഹിത് ചക്രതീർത്ഥയുടെ നേതൃത്വത്തിൽ നടന്ന പാഠ്യപദ്ധതി പരിഷ്‌ക്കരണത്തിന്റെ ഭാഗമായി തയാറാക്കിയ പുസ്തകത്തിലാണ് പുതിയ ഭാഗം ചേർത്തിരിക്കുന്നത്.

എട്ടാം തരത്തിൽ രണ്ടാം ഭാഷയായി കന്നട തിരഞ്ഞെടുത്തവർക്കുള്ള പാഠപുസ്തകത്തിലാണ് സവർക്കറുടെ ജീവിതം പറയുന്ന പുതിയ ഭാഗമുള്ളത്. പാഠത്തിലുള്ള വിചിത്രകരമായ ഭാഗം പുറത്തെത്തിയതോടെയാണ് വൻ വിമർശനമുയരുന്നത്. പാഠത്തിലെ വിവാദ ഭാഗങ്ങൾ ഇങ്ങനെയാണ്:

(ആന്തമാനിൽ) സവർക്കറെ പാർപ്പിച്ചിരുന്ന ജയിൽമുറിയിൽ ഒരു താക്കോൽപഴുത് പോലുമുണ്ടായിരുന്നില്ല. എന്നിട്ടും അദ്ദേഹത്തിന്റെ മുറിയിൽ എവിടെനിന്നോ ബുൾബുൾ പക്ഷികൾ വരാറുണ്ടായിരുന്നു. അവയുടെ ചിറകിലേറി ദിവസവും സവർക്കർ മാതൃഭൂമി സന്ദർശിക്കാറുണ്ടായിരുന്നു.''

നേരത്തെ പുസ്തകത്തിലുണ്ടായിരുന്ന വിജയമാല രങ്കനാഥ് എഴുതിയ 'ബ്ലഡ് ഗ്രൂപ്പ്' എന്ന ഭാഗം മാറ്റിയാണ് കെ.ടി ഗട്ടി തയാറാക്കിയ പുതിയ പാഠഭാഗം ചേർത്തിരിക്കുന്നത്. ഇതിനെതിരെ വൻവിമർശനമാണ് ഉയരുന്നത്. കർണാടക പാഠപുസ്തക സമിതിക്ക് നിരവധി പരാതികൾ ഇതിനകം ലഭിച്ചുകഴിഞ്ഞു. പാഠഭാഗങ്ങൾ വായിച്ച് ഓക്കാനം വന്നുവെന്നാണ് കർണാടക പ്രാഥമിക, സെക്കൻഡറി സ്‌കൂൾ മാനേജ്‌മെന്റ് അസോസിയേഷൻ കൺവീനർ ശശി കുമാർ പ്രതികരിച്ചത്. സത്യമാണോ ഹാസ്യമാണോ എന്നു തിരിച്ചറിയാനാകാത്ത തരത്തിലാണ് പാഠഭാഗമുള്ളതെന്നും കർണാടക വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷിന്റെ പരാജയമാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

രോഹിത് ചക്രതീർത്ഥ കമ്മീഷനെതിരെ നേരത്തെയും വ്യാപക പരാതികൾ ഉയർന്നിരുന്നു. സ്‌കൂൾ പാഠപുസ്തകങ്ങൾ കാവിവൽക്കരിക്കുകയാണ് കമ്മീഷനെന്നാണ് പ്രധാന ആരോപണം. ഭഗത് സിങ്, ടിപ്പു സുൽത്താൻ എന്നിവരെക്കുറിച്ച് വിവിധ പാഠപുസ്തകങ്ങളിലുണ്ടായിരുന്ന ഭാഗങ്ങൾ ഒഴിവാക്കുകയോ വെട്ടിച്ചുരുക്കുകയോ ചെയ്തതായി പരാതി ഉയർന്നിരുന്നു. ഇതിനു പിന്നാലെ ആർ.എസ്.എസ് സ്ഥാപകനേതാവ് കേശവ് ബലിറാം ഹെഡ്‌ഗെവാറിന്റെ പ്രസംഗം പുസ്തകത്തിൽ ചേർക്കുകയും ചെയ്തിരുന്നു.

Summary: A passage that is glorifying Hindutva ideologue VD Savarkar in a Karnataka school textbook when he was jailed in Andaman Nicobar island sparks row.

TAGS :

Next Story