Quantcast

എസ്ബിഐയിലെ ഡാറ്റ ചോര്‍ച്ച; അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രിക്ക് കത്തയച്ച് എ.എ റഹീം

ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ഡാര്‍ക്ക് വെബിലെത്തിയത് രാജ്യത്തിന് അപമാനമാണെന്ന് റഹീം

MediaOne Logo

Web Desk

  • Published:

    22 Oct 2026 3:04 PM IST

എസ്ബിഐയിലെ ഡാറ്റ ചോര്‍ച്ച; അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രിക്ക് കത്തയച്ച് എ.എ റഹീം
X

ന്യൂഡല്‍ഹി: എസ്ബിഐയിലെ ഡാറ്റാ ചോര്‍ച്ചയില്‍ അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രിക്ക് കത്തയച്ച് എ.എ റഹീം എം.പി. ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ഡാര്‍ക്ക് വെബിലെത്തിയത് രാജ്യത്തിന് അപമാനമാണെന്ന് റഹീം പറഞ്ഞു. എത്ര പേരുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്നും എങ്ങനെയാണ് ചോര്‍ച്ചയുണ്ടായതെന്നും കണ്ടെത്തണമെന്നാണ് എംപിയുടെ ആവശ്യം.

സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് 3,897 ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന് എസ്ബിഐ സ്ഥിരീകരിച്ചിരുന്നു. ഡാര്‍ക് വെബില്‍ ഈ വിവരങ്ങള്‍ ലഭ്യവുമാണ്. പ്രാഥമിക അന്വേഷണത്തില്‍ ഉപഭോക്താക്കളുടെ പേര്, മൊബൈല്‍ നമ്പര്‍, ജനനതീയതി, ഇമെയില്‍ വിലാസം, വീട്ടുവിലാസം, വായ്പ വിവരങ്ങള്‍ എന്നിവയാണ് ചോര്‍ന്നതെന്ന് എസ്ബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

സിരിസിയം എന്ന പേരില്‍ അറിയപ്പെടുന്ന ഹാക്കര്‍ ഗ്രൂപ്പാണ് വിവരങ്ങള്‍ ചോര്‍ത്തിയത്. സൈബര്‍ സെക്യൂരിറ്റി അക്കൗണ്ടായ സൈബര്‍പ്ലസ് 56 ആണ് ചോര്‍ച്ചയെ കുറിച്ച് വിവരങ്ങള്‍ നല്‍കിയത്. 3.75 ലക്ഷം പേരുടെ അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തിയെന്നായിരുന്നു സൈബര്‍ പ്ലസിന്റെ അവകാശവാദം.

2,722 പിഡിഎഫ് ഫയലുകളിലെ വിവരങ്ങളും ചോര്‍ത്തിയെന്ന് സൈബര്‍ പ്ലസ് അവകാശപ്പെടുന്നു. എന്നാല്‍, ചോര്‍ച്ചയുടെ ആഴം ഇപ്പോഴും കൃത്യമായി വ്യക്തമല്ല. നവംബര്‍ അഞ്ചിന് രണ്ടാംപാദ സാമ്പത്തികഫലം എസ്ബിഐ പുറത്തുവിടാനിരിക്കിയൊണ് ചോര്‍ച്ച സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നത്.

TAGS :

Next Story