Quantcast

'നുഴഞ്ഞുകയറ്റക്കാർക്ക് ചുവപ്പ് പരവതാനി വിരിക്കണോ?' റോഹിങ്ക്യകള്‍ക്ക് വേണ്ടിയുള്ള ഹരജിയിൽ സുപ്രിംകോടതി

പൊലീസ് കസ്റ്റഡിയിലെടുത്ത ഏതാനും റോഹിങ്ക്യകളെ കാണാനില്ലെന്ന് കാണിച്ച് മനുഷ്യാവകാശ പ്രവർത്തക റീത്ത മഞ്ചന്ദ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജി പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്

MediaOne Logo

Web Desk

  • Updated:

    2025-12-02 13:18:29.0

Published:

2 Dec 2025 6:13 PM IST

നുഴഞ്ഞുകയറ്റക്കാർക്ക് ചുവപ്പ് പരവതാനി വിരിക്കണോ? റോഹിങ്ക്യകള്‍ക്ക് വേണ്ടിയുള്ള ഹരജിയിൽ സുപ്രിംകോടതി
X

ന്യൂഡല്‍ഹി: റോഹിങ്ക്യന്‍ അഭയാര്‍ഥി വിഷയത്തില്‍ രൂക്ഷ പ്രതികരണവുമായി സുപ്രിംകോടതി. രാജ്യത്തെ സ്വന്തം പൗരന്മാർ ദാരിദ്ര്യത്തോട് മല്ലിടുമ്പോൾ 'നുഴഞ്ഞുകയറ്റക്കാർക്ക്' സ്വാഗതമോതി ചുവപ്പ് പരവതാനി വിരിക്കണോ എന്ന് കോടതി ചോദിച്ചു.

പൊലീസ് കസ്റ്റഡിയിലെടുത്ത ഏതാനും റോഹിങ്ക്യന്‍ അഭയാര്‍ഥികളെ കാണാനില്ലെന്ന് കാണിച്ച് മനുഷ്യാവകാശ പ്രവർത്തക റീത്ത മഞ്ചന്ദ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജി പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ മെയില്‍ , ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത ഏതാനും റോഹിങ്ക്യകളെക്കുറിച്ച് ഒരു വിവരവുമില്ലെന്ന് അഭിഭാഷകൻ അറിയിച്ചു. റോഹിങ്ക്യന്‍ അഭയാർത്ഥികളെ നടപടിക്രമങ്ങൾ പാലിച്ചു മാത്രമേ നാടുകടത്താവൂ എന്ന 2020 ലെ സുപ്രിംകോടതി ഉത്തരവും ഹർജിക്കാരൻ പരാമർശിച്ചു. ഇന്ത്യ ധാരാളം ദരിദ്രരുള്ള രാജ്യമാണെന്നും നമുക്ക് അവരുടെ കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

'' റോഹിങ്ക്യകളെ അഭയാർത്ഥികളായി പ്രഖ്യാപിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാറിന്റെ ഉത്തരവ് എവിടെയാണ്? അങ്ങനെ ഉത്തരവുണ്ടോ? അഭയാർത്ഥി എന്നത് വ്യക്തമായി നിർവചിക്കപ്പെട്ട ഒരു നിയമപരമായ പദമാണ്, അങ്ങനെ പ്രഖ്യാപിക്കാൻ സര്‍ക്കാരിന് നിശ്ചിത അധികാരവുമുണ്ട്. നിയമപരമായ പദവി ഇല്ലെങ്കിൽ, ആരെങ്കിലും ഒരു നുഴഞ്ഞുകയറിയാല്‍, ആ വ്യക്തിയെ ഇവിടെ നിലനിർത്താൻ നമുക്ക് ബാധ്യതയുണ്ടോ?"- കോടതി ചോദിച്ചു.

'അവര്‍ തുരങ്കങ്ങളിലൂടെ നമ്മുടെ രാജ്യത്ത് പ്രവേശിക്കുന്നു. എന്നിട്ട് ഭക്ഷണവും പാര്‍പ്പിടവും പോലുള്ള അവകാശങ്ങള്‍ ആവശ്യപ്പെടുകയാണ്'- ചിഫ് ജസ്റ്റിസ് നിരീക്ഷിച്ചു.

എന്നാല്‍ റോഹിങ്ക്യകള്‍ക്ക് അഭയാർഥി പദവി നൽകണമെന്ന് ആവശ്യപ്പെടുന്നില്ലെന്നും അവരെ നാടുകടത്തുന്നതിനെ എതിർക്കുന്നില്ലെന്നും അഭിഭാഷകൻ മറുപടി നൽകി. എന്നിരുന്നാലും, നിയമം അനുശാസിക്കുന്ന നടപടിക്രമങ്ങൾക്കനുസൃതമായി നാടുകടത്താമെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.

അതേസമയം വിഷയത്തില്‍ ഹർജി സമർപ്പിച്ചത് ഇരയല്ലെന്നും ഹരജിക്കാരന് ഇത്തരമൊരു ഹർജി സമർപ്പിക്കാൻ അവകാശമില്ലെന്നും കേന്ദ്രസർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. കേസില്‍ വിശദമായ വാദം കേൾക്കൽ ഡിസംബർ 16 ലേക്ക് മാറ്റി.

TAGS :

Next Story