'ഭരണഘടനാ വിരുദ്ധം': ഉത്തരാഖണ്ഡിലെ സ്കൂളുകളിൽ ഭഗവദ്ഗീത നിർബന്ധമാക്കുന്നതിൽ എതിർപ്പ്
ഉത്തരാഖണ്ഡിലെ എസ്.സി,എസ്.ടി അധ്യാപക സംഘടനയാണ് എതിർപ്പ് അറിയിച്ച് കത്ത് നൽകിയത്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ സ്കൂളുകളിൽ ഭഗവദ്ഗീത നിർബന്ധമാക്കുന്നതിനെതിരെ അധ്യാപക സംഘടന. എസ്.സി,എസ്.ടി അധ്യാപക സംഘടനയാണ് എതിർപ്പ് അറിയിച്ച് കത്ത് നൽകിയത്.
വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം ഭരണഘടനാ വിരുദ്ധമെന്ന് അധ്യാപക സംഘടന പറഞ്ഞു. സ്കൂളുകളിലെ പ്രാർഥന യോഗങ്ങളിലാണ് ഭഗവദ്ഗീതയിലെ ശ്ലോകങ്ങൾ പാരായണം ചെയ്യൽ നിർബന്ധമാക്കിയത്.
ഭഗവദ്ഗീത ഒരു മതഗ്രന്ഥമാണെന്നും സംസ്ഥാന ധനസഹായത്തോടെ പ്രവർത്തിക്കുന്ന സ്കൂളുകളിൽ ഇത് പഠിപ്പിക്കാൻ കഴിയില്ലെന്നും അങ്ങനെ ചെയ്യുന്നത് മതേതരത്വത്തിന്റെ തത്വത്തെ ലംഘിക്കുന്നതാണെന്നും അസോസിയേഷൻ പറയുന്നു. ഉത്തരവ് പിൻവലിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് സ്കൂള്‍ വിദ്യാഭ്യാസ ഡയരക്ടര്‍ക്ക് കത്ത് നല്‍കി.
"പൂർണ്ണമായും സംസ്ഥാന ഫണ്ടിനാല്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരമായ നിർദേശങ്ങള്‍ നൽകരുത് എന്ന് വ്യവസ്ഥ ചെയ്യുന്ന ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 28(1) ഉദ്ധരിച്ചാണ് പ്രസിഡന്റ് സഞ്ജയ് കുമാർ തംതയുടെ കത്ത്.
വിദ്യാഭ്യാസം എന്നാല്‍ ശാസ്ത്രീയ വീക്ഷണങ്ങളെ അടിസ്ഥാനമാക്കിയാകണം. എല്ലാവരെയും ഉൾക്കൊള്ളുന്ന മൂല്യങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും ഏതെങ്കിലും പ്രത്യേക മതഗ്രന്ഥത്തെ അംഗീകരിക്കരുതെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. പ്രഭാത അസംബ്ലികളിൽ ഗീതാ ശ്ലോകങ്ങൾ ഉൾപ്പെടുത്തണമെന്നാണ് സർക്കാർ നിർദേശം. ജൂലൈ15ന് ആരംഭിക്കണം എന്നാവശ്യപ്പെട്ട് ഉത്തരാഖണ്ഡ് സ്കൂൾ വിദ്യാഭ്യാസ വകുപ്പ്, എല്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും നിർദേശം നൽകിയിരുന്നു.
ഇതിനിടെ സ്‌കൂൾ സിലബസിൽ ഭഗവദ്ഗീതയും രാമായണവും ഉൾപ്പെടുത്താൻ വിദ്യാഭ്യാസ വകുപ്പ് എൻ.സി.ഇ.ആർ.ടിയോട് ആവശ്യപ്പെട്ടു. 17,000 സർക്കാർ സ്‌കൂളുകളിൽ പഠിപ്പിക്കേണ്ട സിലബസിലാണ് ഇക്കാര്യം ഉൾപ്പെടുത്താൻ വിദ്യാഭ്യാസ മന്ത്രി ധാൻസിങ് ആവശ്യപ്പെട്ടത്.
Adjust Story Font
16

