ദലിത് ക്രിസ്ത്യാനികൾക്ക് എസ്‌സി-എസ്‌ടി നിയമം ചുമത്താൻ കഴിയില്ല: ആന്ധ്രാപ്രദേശ് ഹൈക്കോടതി
2021 മാർച്ചിൽ ദേശീയ സാമ്പിൾ സർവേ മൈക്രോ ഡാറ്റയെ അവലംബിച്ച് ഇന്ത്യാസ്‌പെൻഡ് നടത്തിയ പഠനത്തിൽ ദാരിദ്ര്യം, ഭൂരാഹിത്യം, തോട്ടിപ്പണിക്ക് വിധേയമാകൽ എന്നിവയുടെ നിരക്കുകളിൽ പ്രായോഗിക വ്യത്യാസമൊന്നുമിലെന്ന് വ്യക്തമാക്കുന്നു

ആന്ധ്രപ്രദേശ്: ജാതിവ്യവസ്ഥ ക്രിസ്തുമതത്തിന് അന്യമാണെന്നും ഒരാൾ ക്രിസ്തുമതത്തിലേക്ക് മാറിയാൽ എസ്‌സി-എസ്‌ടി(അതിക്രമങ്ങൾ തടയൽ) നിയമത്തിലെ വ്യവസ്ഥകൾ പ്രയോഗിക്കാൻ കഴിയില്ലെന്നും ആന്ധ്രാപ്രദേശ് ഹൈക്കോടതി. മതപരിവർത്തനം നടത്തി പാസ്റ്ററായ ദലിതനായ ഹർജിക്കാരനോട് ക്രിസ്തുമതം പട്ടികജാതി വിഭാഗത്തിന് പുറത്തായതിനാൽ നിയമത്തിന്റെ സംരക്ഷണം നൽകാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു. ഹിന്ദു, സിഖ്, ബുദ്ധമതം ഒഴികെയുള്ള മതങ്ങളിലേക്ക് മാറിയാൽ പട്ടികജാതി അംഗീകാരം നിഷേധിക്കുന്ന 1950ലെ ഭരണഘടന ഉത്തരവിന്റെ ഖണ്ഡിക 3 ആണ് ജഡ്ജി ആശ്രയിച്ചത്.
1935ലെ കൊളോണിയൽ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് പ്രകാരം 1936ലെ ഇന്ത്യാ ഗവൺമെന്റ് ഷെഡ്യൂൾഡ് കാസ്റ്റ് ഓർഡറിൽ നിന്നാണ് ഈ ടെംപ്ലേറ്റ് കടമെടുത്തിരിക്കുന്നത്. തൊട്ടുകൂടായ്മ ഹിന്ദു സാമൂഹിക ക്രമത്തിന് മാത്രമുള്ളതാണെന്ന ധാരണയിലാണ് പട്ടികജാതി വിഭാഗത്തിലെ ഹിന്ദുക്കൾക്ക് മാത്രമായി ഉത്തരവ് പരിമിതപ്പെടുത്തുന്നത്. തുടക്കത്തിൽ ഹിന്ദുക്കൾക്ക് മാത്രം ബാധകമായിരുന്ന ഉത്തരവ് 1950ൽ സിഖുകാരെയും 1990ൽ ബുദ്ധരെയും ഉൾപ്പെടുത്തി പാർലമെന്റ് പിന്നീട് ഭേദഗതി ചെയ്തെങ്കിലും ദലിത് ക്രിസ്ത്യാനികളും മുസ്‌ലിംകളും ഇപ്പോഴും പട്ടികക്ക് പുറത്താണ്.
എന്നാൽ സാമൂഹിക യാഥാർഥ്യങ്ങൾ ഈ ധാരണകൾക്ക് വിരുദ്ധമാണ്. 2021 മാർച്ചിൽ ദേശീയ സാമ്പിൾ സർവേ മൈക്രോ ഡാറ്റയെ അവലംബിച്ച് ഇന്ത്യാസ്‌പെൻഡ് നടത്തിയ പഠനത്തിൽ ദാരിദ്ര്യം, ഭൂരാഹിത്യം, തോട്ടിപ്പണിക്ക് വിധേയമാകൽ എന്നിവയുടെ നിരക്കുകളിൽ പ്രായോഗിക വ്യത്യാസമൊന്നുമിലെന്ന് വ്യക്തമാക്കുന്നു. മാത്രമല്ല ദലിത് ക്രിസ്ത്യാനികൾക്ക് മാത്രമായി വേർതിരിക്കപ്പെട്ട ശ്മശാനങ്ങൾ, ദലിത് പുരോഹിതരുടെ അഭാവം എന്നിവ കൂടെ രേഖപ്പെടുത്തപ്പെടുന്നു. ഇത് സഭക്കുള്ളിൽ പോലും ജാതി മുൻവിധി നിലനിൽക്കുന്നു എന്നതിന്റെ തെളിവാണ്. മതഗ്രന്ഥങ്ങളിലൂടെയല്ല സാമൂഹിക ആചാരത്തിലൂടെയാണ് ജാതി നിലനിൽക്കുന്നത് എന്ന അടിസ്ഥാന വസ്തുതയാണ് ഇവിടെ അട്ടിമറിക്കപ്പെടുന്നത്.
ഒഡീഷ, ആന്ധ്രാപ്രദേശ്, കർണാടക എന്നിവിടങ്ങളിലെ അക്രമ സംഭവങ്ങളിൽ ഇരകൾ ആക്രമിക്കപ്പെട്ടത് ക്രിസ്ത്യാനികളായതുകൊണ്ടല്ല മറിച്ച് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത 'തൊട്ടുകൂടാത്തവർ' ആയതുകൊണ്ടാണെന്ന് രാഷ്ട്രീയ ഗവേഷകൻ ക്രിസ്റ്റോഫ് ജാഫ്രലോട്ട് നിരീക്ഷിക്കുന്നു. നിയമപരമായ പാഠവും ഭരണഘടനാ വാഗ്ദാനവും തമ്മിലുള്ള കടുത്ത പൊരുത്തക്കേട് ആന്ധ്രപ്രദേശ് കോടതിയുടെ വിധി തുറന്നുകാട്ടുന്നു. 'മതം, വംശം, ജാതി, ലിംഗഭേദം അല്ലെങ്കിൽ ജനനസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ മാത്രം' വിവേചനം കാണിക്കുന്നതിനെ ആർട്ടിക്കിൾ 15 തടയുന്നു. ഇത് കൊണ്ടുണ്ടാവുന്ന ഫലം ദലിത് വിഭാഗങ്ങളിൽ നിന്ന് മതം മാറിയവർക്ക് ക്ലാസ് മുറികളിലും ജോലി ഇടങ്ങളിലും സംവരണം തടയപ്പെടുന്നു. പിഒഎ നിയമം നൽകുന്ന ശക്തമായ പൊലീസിംഗ്, പ്രോസിക്യൂഷൻ ഉപകരണങ്ങൾ അവർക്ക് നഷ്ടപ്പെടുന്നു.
Adjust Story Font
16

