ക്ലാസിൽ വിദ്യാർഥിക്ക് സിറ്റ്-അപ്പ് ശിക്ഷ നൽകി; യു.പിയിൽ സ്കൂളിൽ കയറി അധ്യാപകനെ മർദിച്ച് പിതാവ്

മറ്റുള്ളവർ ഇടപെട്ട് സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ അധ്യാപകനെ മർദിക്കുന്നത് തുടർന്നു.

MediaOne Logo

Web Desk

  • Published:

    18 Sep 2023 2:09 PM GMT

Kanpur school teacher thrashed by parent for making student do sit-ups
X

ലഖ്നൗ: ക്ലാസിൽ വിദ്യാർഥിക്ക് സിറ്റ്-അപ്പ് ശിക്ഷ നൽകിയതിന് അധ്യാപകനെ സ്കൂൾ ഓഫീസ് മുറിയിൽ കയറി മർദിച്ച് പിതാവ്. ഉത്തർപ്രദേശിലെ കാൺപൂരിലെ ഒരു സ്വകാര്യ സ്കൂളിലാണ് സംഭവം. പ്രിൻസിപ്പലിന്റെ മുറിയിൽ അദ്ദേഹവുമായി സംസാരിച്ചിരിക്കവെ പൊടുന്നനെ വാതിൽ തുറന്നെത്തിയ പിതാവും സംഘവും അധ്യാപകനെ മർദിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

പ്രിൻസിപ്പലിന് മുന്നിൽ ഇരുന്ന് അധ്യാപകൻ സംസാരിക്കുമ്പോൾ പെട്ടെന്ന് ഒരാൾ സുഹൃത്തുക്കളോടൊപ്പം മുറിയിൽ കയറി മർദിക്കുന്നത് വീഡിയോയിൽ കാണാം. മറ്റുള്ളവർ ഇടപെട്ട് സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ അധ്യാപകനെ മർദിക്കുന്നത് തുടർന്നു. പ്രിൻസിപ്പൽ മധ്യസ്ഥതയ്ക്ക് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

തുടർന്ന് എല്ലാവരും ചേർന്ന് ഇയാളെ സ്‌കൂൾ പരിസരത്ത് നിന്ന് പുറത്താക്കി. ശിക്ഷയായി അധ്യാപകൻ ഒരു വിദ്യാർഥിയെ സിറ്റ്-അപ്പ് ചെയ്യാൻ നിർബന്ധിച്ചിരുന്നു. വീട്ടിലെത്തിയ വിദ്യാർഥി ഇക്കാര്യം പിതാവിനോട് പറഞ്ഞു. തുടർന്നാണ് സ്‌കൂളിലേക്ക് ഇരച്ചുകയറി പിതാവ് അധ്യാപകനെ മർദിച്ചത്.

സംഭവത്തെ കുറിച്ച് സ്‌കൂൾ സുരക്ഷാ ഉദ്യോഗസ്ഥർ ഹനുമന്ത് വിഹാർ പൊലീസ് സ്റ്റേഷനിൽ അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. എന്നാൽ, വിഷയത്തിൽ ഇതുവരെ അധ്യാപകനോ സ്‌കൂൾ അധികൃതരോ ഔദ്യോഗികമായി പരാതി നൽകിയിട്ടില്ല.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ അഭിഷേക് പാണ്ഡെ പറഞ്ഞു. ബന്ധപ്പെട്ട കക്ഷികൾ ഔപചാരികമായ പരാതികൾ നൽകിയാലുടൻ തുടർനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

TAGS :

Next Story