Quantcast

ഉത്തർപ്രദേശിൽ നിരോധനാജ്ഞ: അതീഖിന്‍റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന 17 പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് സുരക്ഷ വർധിപ്പിച്ചു

MediaOne Logo

Web Desk

  • Updated:

    2023-04-16 09:18:07.0

Published:

16 April 2023 3:43 AM GMT

section 144 in all districts in uttar pradesh
X

ലഖ്‌നൗ: സമാജ്‌വാദി പാര്‍ട്ടി മുന്‍ എം.പി അതീഖ് അഹമ്മദിന്‍റെയും സഹോദരന്‍റെയും കൊലപാതകത്തിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ സുരക്ഷ ശക്തമാക്കി. യു.പിയിലെ എല്ലാ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രയാഗ്‌രാജിലെ ചക്കിയയിലും രാജ്‌രൂപ്‌പൂരിലും സംഘർഷാവസ്ഥയുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് സുരക്ഷ വർധിപ്പിച്ചു. അതിനിടെ ഇരുവരുടെയും സുരക്ഷാ ചുമതലയിലുണ്ടായിരുന്ന 17 പൊലീസുകാരെ സസ്പെൻഡ് ചെയ്തു.

അതീഖ് അഹമ്മദിന്റെയും സഹോദരന്റെയും കൊലപാതകത്തിനെതിരെ പ്രതിപക്ഷം രൂക്ഷവിമര്‍ശനമുയര്‍ത്തി. ഉത്തർപ്രദേശ് ഒരു എൻകൗണ്ടർ സംസ്ഥാനമായി മാറിയെന്നും സുപ്രിംകോടതി അടിയന്തരമായി ഇടപെടണമെന്നും ബി.എസ്.പി നേതാവ് മായാവതി ആവശ്യപ്പെട്ടു. പൊലീസ് കസ്റ്റഡിയിൽ കൊല നടക്കുമ്പോൾ പൊതുജനത്തിന് എന്തു സുരക്ഷയാണ് ഉള്ളതെന്ന് എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ് ചോദിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവയ്ക്കണമെന്ന് എ.ഐ.എ.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി ആവശ്യപ്പെട്ടു.

പ്രയാഗ്‌രാജില്‍ വൈദ്യപരിശോധനക്ക് എത്തിച്ചപ്പോഴാണ് പൊലീസിന്‍റെയും മാധ്യമപ്രവര്‍ത്തകരുടെയും മുന്നില്‍വെച്ച് അതീഖിനെയും സഹോദരനെയും കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. പൊലീസ് വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ അതീഖും അഷ്‌റഫും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകാൻ തുടങ്ങിയ ഉടൻ മൂന്നംഗ സംഘം ഇരുവരുടെയും തലയ്ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. തലയ്ക്ക് വെടിയേറ്റ് ഇരുവരും നിലത്തുവീണു.

മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടിയന്തര യോഗം വിളിച്ച് മൂന്നംഗ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. വ്യാഴാഴ്ച അതീഖിന്റെ മകൻ ആസാദിനെയും അനുയായിയെയും ഏറ്റുമുട്ടലില്‍ യുപി പൊലീസ് കൊലപ്പെടുത്തിയിരുന്നു. 2005ൽ ബഹുജൻ സമാജ് പാർട്ടി നിയമസഭാംഗം രാജു പാലിനെ കൊലപ്പെടുത്തിയ കേസിലെ സാക്ഷിയായ ഉമേഷ് പാലും അദ്ദേഹത്തിന്റെ രണ്ട് സുരക്ഷാ ഗാർഡുകളും ഫെബ്രുവരി 24ന് പ്രയാഗ്‌രാജിൽ കൊല്ലപ്പെട്ടിരുന്നു. ഈ കേസിലെ പ്രതിയാണ് ആസാദ്.

Summary- The Uttar Pradesh government imposed section 144 in all 75 districts of the state after the murder of Atiq Ahmed and his brother Ashraf.

TAGS :

Next Story