'എവിടെപ്പോയി ബെൻസ് കാറുകൾ, കൂടുതലൊന്നും പറയുന്നില്ല': ഷിൻഡെ ശിവസേന നേതാവിന് ഉദ്ധവ് താക്കറെയുടെ മറുപടി
തന്നെ അഴിമതിക്കാരനായി ചിത്രീകരിക്കാനുള്ള ഷിൻഡെ ശിവസേന നേതാവ് നീലം ഗോർഹെക്ക് മറുപടിയുമായി ഉദ്ധവ് താക്കറെ

മുംബൈ: അവിഭക്ത ശിവസേനയിലായിരിക്കെ നിയമനങ്ങൾക്കായി ബെൻസ് കാറുകളുൾപ്പെടെ ഉദ്ധവ് താക്കറെ കൈക്കൂലിയായി വാങ്ങിയിരുന്നുവെന്ന ഷിൻഡെ വിഭാഗം ശിവസേന നേതാവ് നീലം ഗോർഹെയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഉദ്ധവ് താക്കറെ ശിവസേന.
ഡല്‍ഹിയില്‍ നടന്ന മറാത്തി സാഹിത്യസംഗമത്തിലായിരുന്നു മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിൽ ഡെപ്യൂട്ടി ചെയർപേഴ്സണ്‍ കൂടിയായ നീലം ഗോർഹെയുടെ ആരോപണം.
'കാറുകള്‍ വാങ്ങിയിരുന്നുവെങ്കില്‍ അതൊക്കെ എവിടെയെന്ന് കാണിക്കൂ, എന്നെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയമായി തന്നെ ഇത്തരം വ്യക്തികൾ അപ്രസക്തരാണ്. അവര്‍ ഒരു സ്ത്രീയാണ്. ബഹുമാനം കൊണ്ട് പറയട്ടെ, വിഷയത്തില്‍ കൂടുതലൊന്നും പറയുന്നില്ല''- ഉദ്ധവ് താക്കറെ പറഞ്ഞു.
അതേസമയം ആരോപണം രാഷ്ട്രീയ വിവാദമായപ്പോൾ അങ്ങനെയൊന്നും പറഞ്ഞില്ലെന്നായിരുന്നു നീലം ഗോർഹെയുടെ വിശദീകരണം. അവിഭക്ത സേനയിലായിരിക്കെ മെഴ്‌സിഡസ് കാറുകൾ സമ്മാനിച്ചതുൾപ്പെടെയുള്ള അഴിമതി മാർഗങ്ങളിലൂടെയാണ് സ്ഥാനങ്ങൾ നേടിയതെന്നായിരുന്നു ഗോർഹെയുടെ ആരോപണം. ഡൽഹിയിൽ നടന്ന 98-ാമത് അഖിലേന്ത്യാ മറാഠി സാഹിത്യ സമ്മേളനത്തിലായിരുന്നു ഈ വിവാദ പരാമർശം.
അതേസമയം ഇതുപോലുള്ള വേദികളില്‍ വില കുറഞ്ഞ ആരോപണം ഉന്നയിച്ചതിന് പരിപാടിയുടെ സംഘാടകരായ അഖില ഭാരതീയ മറാത്തി സാഹിത്യ മഹാമണ്ഡല്‍ വിശദീകരണം നല്‍കണമെന്ന് പാര്‍ട്ടി എംപി സഞ്ജയ് റാവത്ത് വ്യക്തമാക്കി.
'ഗോർഹെ പറഞ്ഞത് ശരിയാണെങ്കിൽ, മാതോശ്രീയിൽ (ഉദ്ധവ് താക്കറെയുടെ വസതി) മെഴ്‌സിഡസ് കാറുകളുടെ ഒരു നിര തന്നെ ഉണ്ടാകുമായിരുന്നു" -ലെജിസ്ലേറ്റീവ് കൗൺസിലെ പ്രതിപക്ഷ നേതാവ് അംബാദാസ് ദൻവെ പറഞ്ഞു.
അതേസമയം വിവാദ പ്രസ്താവനക്കെതിരെ ശിവസേന (യുബിടി) പ്രവർത്തകർ ഞായറാഴ്ച പൂനെയിലെ ഗോർഹെയുടെ വസതിക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. 2022 ജൂണിൽ അവിഭക്ത സേന പിളർന്നതിന് പിന്നാലെ ഗോർഹെ ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിലേക്ക് കൂറ് മാറുകയായിരുന്നു.
Adjust Story Font
16

