Quantcast

കോൺഗ്രസിൽ ജി-23 കലാപം തുടരുന്നു; ഗുലാം നബിക്കു പിന്നാലെ ആനന്ദ് ശർമയും രാജിവച്ചു

ആത്മാഭിമാനത്തില്‍ വിട്ടുവീഴ്ചയ്ക്കു തയാറല്ലെന്ന് സോണിയ ഗാന്ധിക്ക് നല്‍കിയ രാജിക്കത്തില്‍ ആനന്ദ് ശര്‍മ വ്യക്തമാക്കി

MediaOne Logo

Web Desk

  • Updated:

    2022-08-21 13:09:21.0

Published:

21 Aug 2022 9:37 AM GMT

കോൺഗ്രസിൽ ജി-23 കലാപം തുടരുന്നു; ഗുലാം നബിക്കു പിന്നാലെ ആനന്ദ് ശർമയും രാജിവച്ചു
X

ന്യൂഡൽഹി: കോണ്‍ഗ്രസില്‍ ഇടവേളയ്ക്കു ശേഷം വീണ്ടും ജി-23 കലാപം രൂക്ഷമാകുന്നു. പാര്‍ട്ടിയില്‍ കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ച് മുതിര്‍ന്ന നേതാവ് ആനന്ദ് ശര്‍മ ഹിമാചൽപ്രദേശ് പദവി രാജിവച്ചു. സ്റ്റിയറിങ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തുനിന്നാണ് രാജി. ഗുലാം നബി ആസാദ് കശ്മീർ പദവിയിൽനിന്ന് പിന്നാലെയാണ് ആനന്ദ് ശർമയുടെയും നീക്കം.

ഹിമാചൽപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് വിളിപ്പാടകലെ നിൽക്കെയാണ് സംസ്ഥാനത്തുനിന്നുള്ള മുതിർന്ന നേതാവ് കൂടിയായ ആനന്ദ് ശർമ പാർട്ടി ചുമതല ഒഴിഞ്ഞിരിക്കുന്നത്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്ത് സമർപ്പിച്ചിട്ടുണ്ട്. ആത്മാഭിമാനത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് രാജിക്കത്തിൽ അദ്ദേഹം വ്യക്തമാക്കി. എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ വിജയത്തിനുവേണ്ടി പ്രവർത്തിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

കോൺഗ്രസിനകത്ത് തിരുത്തൽശബ്ദവുമായി രംഗത്തെത്തിയ 'ജി-23' സംഘത്തിൽ പ്രധാനിയാണ് ആനന്ദ് ശർമയും ഗുലാം നബി ആസാദും. കഴിഞ്ഞ ദിവസമാണ് ജമ്മു കശ്മീർ തെരഞ്ഞെടുപ്പ് കാംപയിൻ ചുമതലയിൽനിന്ന് ഗുലാം നബി ഒഴിഞ്ഞത്. അദ്ദേഹത്തിന്റെ ചുവടുപിടിച്ച് ആനന്ദ് ശർമയും ഹിമാചൽപ്രദേശ് പദവിയിൽനിന്ന് ഒഴിഞ്ഞിരിക്കുകയാണ്. പാർട്ടിക്കുള്ളിലെ തീരുമാനങ്ങളുമായി ബന്ധപ്പെട്ട ചർച്ചകളിലെല്ലാം തന്നെ അവഗണിച്ചുവെന്നാണ് രാജിക്കത്തിൽ അദ്ദേഹം സൂചിപ്പിച്ചത്.

മുൻ കേന്ദ്രമന്ത്രിയും രാജ്യസഭയിൽ കോൺഗ്രസ് പാർട്ടി മുൻ ഉപനേതാവുമാണ് ആനന്ദ് ശർമ. ഹിമാചൽപ്രദേശിൽനിന്നുള്ള കോൺഗ്രസിന്റെ സമുന്നതനായ നേതാവാണ്. 1982ൽ ഹിമാചൽപ്രദേശ് നിയമസഭാ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1984ൽ ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ രാജ്യസഭാ ടിക്കറ്റും ലഭിച്ചു. പാർട്ടിയിലും നിരവധി സ്ഥാനങ്ങൾ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഏപ്രിൽ 26നാണ് ഹിമാചൽപ്രദേശ് സ്റ്റിയറിങ് കമ്മിറ്റി ചെയർമാനായി അദ്ദേഹത്തെ നിയമിക്കുന്നത്.

നവംബറിലാണ് ഹിമാചലിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാനം ബി.ജെ.പിയിൽനിന്ന് തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. ഇതിനായി വളരെ മുൻപുതന്നെ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ, തെരഞ്ഞെടുപ്പിനു തൊട്ടുമുൻപുള്ള ആനന്ദ് ശർമയുടെ അപ്രതീക്ഷിത രാജി പാർട്ടി പ്രവർത്തകർക്ക് ഷോക്കാകുമെന്നുറപ്പാണ്.

Summary: Senior Congress leader Anand Sharma resigns as chief of the "steering committee" of the party's Himachal Pradesh unit

TAGS :

Next Story