Quantcast

ഇതിലും ഭേദം ജമ്മു കശ്മീരില്‍ കഴിയുന്നതായിരുന്നു; കേന്ദ്രത്തിനെതിരെ ലഡാക് നേതാക്കള്‍

ഉന്നതാധികാര സമിതിയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ച നേതാക്കള്‍ ലഡാക് ജനതയെ വിഡ്ഢികളാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നോക്കുന്നതെന്നും മാധ്യമങ്ങളോട് പറഞ്ഞു

MediaOne Logo

Web Desk

  • Published:

    9 Jan 2023 8:19 AM GMT

ഇതിലും ഭേദം ജമ്മു കശ്മീരില്‍ കഴിയുന്നതായിരുന്നു; കേന്ദ്രത്തിനെതിരെ ലഡാക് നേതാക്കള്‍
X

ശ്രീനഗര്‍: കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ ജനങ്ങളുടെ ഭൂമിയും തൊഴിലും സംരക്ഷിക്കാനെന്ന പേരില്‍ ആഭ്യന്തര മന്ത്രാലയം രൂപീകരിച്ച ഉന്നാധികാര സമിതിയെ തള്ളി ലഡാക് നേതാക്കള്‍. കേന്ദ്രഭരണ പ്രദേശത്തിനെക്കാളും പഴയതു പോലെ ജമ്മു കശ്മീര്‍ സംസ്ഥാനത്ത് കഴിയുകയായിരുന്നു ഭേദമെന്ന് നേതാക്കള്‍ പറഞ്ഞു. ഉന്നതാധികാര സമിതിയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ച നേതാക്കള്‍ ലഡാക് ജനതയെ വിഡ്ഢികളാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നോക്കുന്നതെന്നും മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാന പദവിക്കായി ലഡാക്കിലെ ജനങ്ങള്‍ നടത്തുന്ന സമരം അവസാനിപ്പിക്കാനാണ് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചത്. ലഡാക്കിന് സംസ്ഥാന പദവിയും ഭരണഘടനയുടെ ആറാം ഷെഡ്യൂള്‍ പ്രകാരമുള്ള പ്രത്യേക പദവിയും ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അജണ്ടയുടെ ഭാഗമാക്കുന്നത് വരെ സമിതിയുടെ ഒരു നടപടിയുടെയും ഭാഗമാകില്ലെന്ന് ലഡാക്കിലെ അപെക്സ് ബോഡിയും കാർഗിൽ ഡെമോക്രാറ്റിക് അലയൻസും ഏകകണ്ഠമായി തീരുമാനിച്ചു.ലഡാക്കിലെ ലഫ്റ്റനന്‍റ് ഗവർണർ, ലഡാക് എംപി, ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ, അപെക്സ് ബോഡി ഓഫ് ലേ, കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് എന്നിവയിലെ ഒമ്പത് പ്രതിനിധികൾ തുടങ്ങിയവര്‍ സമിതിയിലെ അംഗങ്ങളാണ്.

ഉന്നതാധികാര സമിതി രൂപീകരിച്ചതിന് ശേഷം ലഡാക് ജനതയെ വിഡ്ഢികളാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും എന്നാൽ സംസ്ഥാന പദവിയും ലഡാക്കിന് ആറാം ഷെഡ്യൂളും വേണമെന്ന ആവശ്യം അംഗീകരിക്കാൻ വിസമ്മതിക്കുന്നതായും ലഡാക് ബുദ്ധിസ്റ്റ് അസോസിയേഷന്‍ വൈസ് പ്രസിഡന്‍റ് ചെറിങ് ഡോർജെ ആരോപിച്ചു."അവർ ഞങ്ങളെ വിഡ്ഢികളാക്കാൻ ശ്രമിക്കുകയാണ്. സംസ്ഥാന പദവിക്കും ആറാം ഷെഡ്യൂളിനും വേണ്ടിയുള്ള ഞങ്ങളുടെ ആവശ്യത്തിന് കേന്ദ്രം എതിരാണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു," ഡോർജെ പറഞ്ഞു.

ഭരണഘടനയുടെ ആറാം ഷെഡ്യൂൾ പ്രകാരം പ്രത്യേക പദവിയും സംസ്ഥാന പദവിയും ആവശ്യപ്പെട്ട് ഒരു വർഷത്തിലേറെയായി ലഡാക്കിലെ ജനങ്ങൾ പ്രക്ഷോഭത്തിലാണ്. ലഡാക്കിലെ നിയന്ത്രണ രേഖയില്‍ ചൈനയുമായി അതിര്‍ത്തി സംഘര്‍ഷം നടന്നുകൊണ്ടിരിക്കുന്നതിനിടെ ഈ പ്രക്ഷോഭം കേന്ദ്ര സർക്കാരിന് വലിയ വെല്ലുവിളിയായിരിക്കുകയാണ്. ലഡാക്കിനെ പ്രത്യേക കേന്ദ്രഭരണ പ്രദേശമാക്കുന്നത് ചരിത്രപരമായ നീക്കമാണെന്ന് കേന്ദ്രവും ബി.ജെ.പിയും അഭിപ്രായപ്പെട്ടിരുന്നു.

TAGS :

Next Story