യുപിയിൽ ബിജെപി നേതാവിന്റെ ഭർത്താവിന്റെ ഫ്ലാറ്റിൽ നിന്ന് പെൺവാണിഭ സംഘം പിടിയിൽ
ഒമ്പത് സ്ത്രീകളും നാല് പുരുഷന്മാരുമുൾപ്പെടുന്ന ആറ് പെൺവാണിഭ സംഘത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ലഖ്നൗ: ഉത്തർപ്രദേശിൽ ബിജെപി നേതാവിന്റെ ഭർത്താവിന്റെ പേരിലുള്ള ഫ്ലാറ്റിൽ നിന്ന് പെൺവാണിഭ സംഘം പിടിയിൽ. വാരാണസിയിലെ സിഗ്ര പ്രദേശത്തെ രണ്ട് സ്പാകളിൽ നടത്തിയ റെയ്ഡിലാണ് പെൺവാണിഭ സംഘം വലയിലായത്. ഇതിലൊരു സ്പാ പ്രവർത്തിച്ചിരുന്നത് ബിജെപി നേതാവ് ശാലിനി യാദവിന്റെ ഭർത്താവ് അരുൺ യാദവിന്റെ പേരിലുള്ള ഫ്ലാറ്റിലാണ്.
ഇയാളുടെ പേരിലുള്ള, ശക്തി ശിഖ അപ്പാർട്ട്മെന്റിലെ 112ാം നമ്പർ ഫ്ലാറ്റിൽ നിന്നടക്കം ഒമ്പത് സ്ത്രീകളും നാല് പുരുഷന്മാരുമുൾപ്പെടുന്ന ആറ് പെൺവാണിഭ സംഘത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സമീപ ജില്ലകളിൽ നിന്നുള്ള യുവതികളാണ് പിടിയിലായത്. ഫ്ലാറ്റിൽ നിന്ന് രജിസ്റ്ററുകൾ, മൊബൈൽ ഫോണുകൾ തുടങ്ങിയവ പൊലീസ് കണ്ടെടുത്തു.
കഴിഞ്ഞദിവസം രാത്രി വൈകിയാണ് സെക്‌സ് റാക്കറ്റിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിനൊപ്പം (എസ്ഒജി) സ്പാ സെന്റർ റെയ്ഡ് ചെയ്തു. സിഗ്രയ്ക്ക് പുറമേ, മഹ്മൂർഗഞ്ച്, ഭേലുപൂർ, കാന്റ് പ്രദേശങ്ങളിലെ നിരവധി സ്പാ സെന്ററുകളിലും പൊലീസ് റെയ്ഡ് നടത്തിയിരുന്നു.
സംഭവത്തിൽ ബിജെപിക്കും ശാലിനി യാദവിനുമെതിരെ രൂക്ഷ വിമർശനമാണ് പ്രതിപക്ഷ പാർട്ടികളിൽ നിന്നുയരുന്നത്. റെയ്ഡിന്റെ നാലാം ദിവസം, ആരോപണം നിഷേധിച്ച് ശാലിനിയും ഭർത്താവും രംഗത്തെത്തി. പെൺവാണിഭ സംഘങ്ങളുമായി തനിക്ക് ബന്ധമില്ലെന്ന് അവകാശപ്പെട്ട ശാലിനി, തനിക്കെതിരായ പ്രചാരണത്തിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് അറിയിക്കുകയും ചെയ്തു.
ഇത് ദൗർഭാഗ്യകരമായ സംഭവമാണെന്നും രാഷ്ട്രീയ പകപോക്കലുകളുടെ പേരിലാണ് തനിക്കെതിരെ വിദ്വേഷകരമായ ആരോപണങ്ങൾ ഉന്നയിക്കപ്പെടുന്നതെന്നും ശാലിനി യാദവ് പറഞ്ഞു. ഫ്ലാറ്റ് ഭർത്താവിന്റെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും ശാലിനി യാദവ് സമ്മതിച്ചു. 'തന്റെ പേരിലല്ല ഫ്ലാറ്റ് രജിസ്റ്റർ ചെയ്തിരിക്കുന്നത്, ഭർത്താവിന്റെ പേരിലാണ്. രാഷ്ട്രീയ പകപോക്കലുകളുടെ പേരിൽ എന്റെ പേര് ഇതിലേക്ക് വലിച്ചിഴയ്ക്കുകയാണ്. ഞാൻ മാനനഷ്ടക്കേസ് ഫയൽ ചെയ്യും ശാലിനി വിശദമാക്കി.
സിഗ്രയിലെ ശക്തി സിഖ അപ്പാർട്ട്മെന്റിലെ 112-ാം നമ്പർ ഫ്ലാറ്റ് താൻ 2024 ഏപ്രിൽ മുതൽ വാടകയ്ക്ക് എടുത്തിരുന്നതായും അവിടെ നടക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നു എന്നുമാണ് അരുൺ യാദവിന്റെ വാദം. നഗരത്തിൽ തനിക്ക് ഒന്നിലധികം സ്വത്തുക്കൾ ഉണ്ടെന്നും പതിവ് ബിസിനസിന്റെ ഭാഗമായി വാടകയ്ക്ക് നൽകിയിട്ടുണ്ടെന്നും സ്പാ സെന്ററിലെ നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് അറിയില്ലെന്നും അരുൺ യാദവ് അവകാശപ്പെട്ടു.
2017ൽ, കാശി മേയർ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച ശാലിനി യാദവ്, 2019ൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ എസ്പി സ്ഥാനാർഥിയായും ജനവിധി തേടിയിരുന്നു. അന്ന് രണ്ട് ലക്ഷം വോട്ടുകൾക്ക് പിന്നിലായി രണ്ടാം സ്ഥാനത്തെത്തിയ ശാലിനി യാദവ്, 2023 ജൂലൈ 24നാണ് ബിജെപിയിൽ ചേർന്നത്. ഫാഷൻ ഡിസൈനറായ ശാലിനി മറ്റൊരു എസ്പി നേതാവിനൊപ്പമാണ് ബിജെപിയിലെത്തിയത്.
Adjust Story Font
16

