നിരന്തരം സ്ത്രീകള്‍ക്കെതിരെ ലൈംഗികാതിക്രമം; 60 കാരനെ വെട്ടിക്കൊന്ന ശേഷം മൃതദേഹം കത്തിച്ചു, ഒഡിഷയിൽ 8 യുവതികൾ അറസ്റ്റിൽ
ഒഡിഷയിലെ ഗജപതി ജില്ലയിലാണ് സംഭവം

ഭുവനേശ്വര്‍: പ്രദേശത്തെ സ്ത്രീകൾക്കെതിരെ നിരന്തരം ലൈംഗികാതിക്രമം നടത്തിയിരുന്ന മധ്യവയസ്കനെ ഗ്രാമത്തിലെ സ്ത്രീകൾ ചേര്‍ന്ന് കൊലപ്പെടുത്തി. തുടര്‍ന്ന് മൃതദേഹം കത്തിക്കുകയും ചെയ്തു. ഒഡിഷയിലെ ഗജപതി ജില്ലയിലാണ് സംഭവം.
കുയിഹുരു ഗ്രാമവാസിയായ കാംബി മാലിക് ആണ് മരിച്ചത്. ജൂൺ 2 ന് കാംബിയുടെ കുടുംബം സ്ഥലത്തില്ലായിരുന്ന സമയത്താണ് കൊലപാതകം നടന്നത്. അഞ്ച് ദിവസത്തിന് ശേഷം, ആളെ കാണാനില്ലെന്ന് കാണിച്ച് കുടുംബം മോഹന പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിക്കുകയും ഗ്രാമത്തിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള ഒരു വനപ്രദേശത്ത് നിന്ന് കാംബിയുടെ പകുതി കത്തിയ മൃതദേഹം കണ്ടെത്തുകയും ചെയ്തു.
വീട്ടിൽ തനിച്ചായിരുന്നപ്പോൾ കാംബി തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കസ്റ്റഡിയിലെടുത്ത ഒരു സ്ത്രീ പൊലീസിനോട് പറഞ്ഞു."ഞാൻ ആരോടും പറഞ്ഞില്ല. പിന്നീട്, കാംബി വീടിന്‍റെ വരാന്തയിൽ ഉറങ്ങുമ്പോൾ, മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ഞാൻ അവനെ ആക്രമിച്ചു," യുവതി ചോദ്യം ചെയ്യലിൽ വിശദീകരിച്ചു. കാടിനടുത്ത് നിന്നാണ് പിതാവിന്‍റെ മൃതദേഹം കണ്ടെത്തിയതെന്ന് കാംബിയുടെ മകൾ സുന്ദരി മാലിക് പറഞ്ഞു. കാംബി സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്ന കാര്യം നാട്ടുകാര്‍ക്ക് അറിയാമായിരുന്നു.നിരവധി സ്ത്രീകളെ, പ്രത്യേകിച്ച് വിധവകളെയും പ്രായമായ സ്ത്രീകളെയും ലൈംഗികമായി പീഡിപ്പിച്ചിരുന്നു. നിരവധി തവണ മുന്നറിയിപ്പുകൾ നൽകിയിരുന്നെങ്കിലും കാംബി ഇത് അവഗണിക്കുകയായിരുന്നു. നാണക്കേട് ഭയന്ന് പല സ്ത്രീകളും തങ്ങൾക്ക് നേരിട്ട അതിക്രമങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നില്ല. കൂടാതെ കാംബി മന്ത്രവാദം പോലുള്ള പ്രവര്‍ത്തനങ്ങളും ചെയ്തിരുന്നതായി ഗ്രാമവാസികൾ പറയുന്നു.
സംഭവത്തെ തുടർന്ന് പൊലീസ് കൊലപാതക കേസ് രജിസ്റ്റർ ചെയ്യുകയും 8 സ്ത്രീകളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൊലപാതകത്തിന് പിന്നിലെ മുഴുവൻ വിവരങ്ങളും ലക്ഷ്യങ്ങളും കണ്ടെത്തുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണ്.
Adjust Story Font
16

