ഇതൊക്കെ എങ്ങനെ സംഭവിക്കുന്നു? തെരഞ്ഞെടുപ്പ് സമയത്ത് ബിഹാറില്‍ പദ്ധതി ഫണ്ട് വിതരണത്തിൽ ശരദ് പവാർ
തെരഞ്ഞെടുപ്പ് സമയത്ത് കമ്മിഷൻ എങ്ങനെ ഫണ്ട് വിതരണംചെയ്യാൻ അനുവദിച്ചുവെന്നും ശരദ് പവാര്‍

ശരദ് പവാർ Photo-PTI
മുംബൈ: തെരഞ്ഞെടുപ്പ് സമയത്ത് സ്ത്രീകള്‍ക്കുള്‍പ്പെടെ ഫണ്ട് കൈമാറ്റം ചെയ്യുന്നതില്‍ സംശയം പ്രകടിപ്പിച്ച് എന്‍സിപി നേതാവ് ശരദ് പവാര്‍. ഇക്കാര്യം പ്രതിപക്ഷ കക്ഷികളുമായി സംസാരിക്കുമെന്ന് ശരദ് പവാര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് സമയത്ത് തെരഞ്ഞെടുപ്പ് കമ്മിഷൻ എങ്ങനെ ഫണ്ട് വിതരണംചെയ്യാൻ അനുവദിച്ചുവെന്നും അദ്ദേഹം ചോദിച്ചു. ബിഹാറില്‍ എൻഡിഎ വൻ വിജയം നേടിയതിന് പിന്നാലെയായിരുന്നു ശരദ് പവാറിന്റെ പരാമര്‍ശങ്ങള്‍.
''പ്രതീക്ഷിച്ചതിനും അപ്പുറമാണ് തെരഞ്ഞെടുപ്പ് ഫലം. എന്നിരുന്നാലും, ജനങ്ങളുടെ വിധി അംഗീകരിക്കേണ്ടതുണ്ട്. മഹാരാഷ്ട്രയിലും ബിഹാറിലും ലഡ്കി ബഹിൻ പോലുള്ള പദ്ധതികളും സ്ത്രീകൾക്ക് 10,000 രൂപ നല്‍കുന്ന പദ്ധതികളൊക്കെയും തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടപ്പിലാക്കിയത് എല്ലാവരും കണ്ടു. ഇങ്ങനെ നടപ്പിലാക്കുന്നത് ഇതിന് മുമ്പ് കണ്ടിട്ടില്ല''- ശരദ് പവാര്‍ പറഞ്ഞു.
ബിഹാറിലെ ഓരോ കുടുംബത്തിലെയും ഒരു വനിതാ അംഗത്തിന് ബിസിനസ് ആരംഭിക്കുന്നതിനായാണ് പതിനായിരം രൂപ നല്‍കിയത്. മുഖ്യമന്ത്രി മഹിളാ റോസ്ഗാർ യോജന എന്നായിരുന്നു പദ്ധതിയുടെ പേര്. ഇക്കാര്യം ചൂണ്ടിക്കാണിച്ചാണ് ശരദ് പവാറിന്റെ പരാമര്‍ശങ്ങള്‍. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സമയത്ത് ഇങ്ങനെ പണം വിതരണം ചെയ്യാറുണ്ടെന്ന് കേട്ടിട്ടുണ്ടെന്നും എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് വേളകളില്‍ സ്ത്രീകൾക്ക് നേരിട്ട് 10,000 രൂപ സർക്കാർ നൽകുന്നത് പുതിയ കാര്യമാണെന്നും പവാർ പറഞ്ഞു.
ബിഹാറില്‍ എൻഡിഎ വിജയിച്ചതിന് പിന്നിൽ 10,000 രൂപ നല്‍കിയതാണെങ്കില്‍, നമ്മൾ അതിനെക്കുറിച്ച് സംസാരിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഡിസംബർ ഒന്നിനാണ് പാർലമെന്റ് സമ്മേളനം ആരംഭിക്കുന്നത്. മറ്റുപ്രതിപക്ഷ കക്ഷികളുമായി ആലോചിച്ച് അവിടെ വിഷയം ചര്‍ച്ചക്ക് കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16

