Quantcast

തരൂർ റെഡി, മുപ്പതിന് പത്രിക സമർപ്പിക്കും; എതിരാളിയായില്ല

എഐസിസി ട്രഷറർ പവൻ കുമാർ ബൻസലും നാമനിർദേശ പത്രിക വാങ്ങിയിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    27 Sept 2022 6:14 PM IST

തരൂർ റെഡി, മുപ്പതിന് പത്രിക സമർപ്പിക്കും; എതിരാളിയായില്ല
X

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് സെപ്തംബർ 30ന് രാവിലെ പതിനൊന്നു മണിക്ക് നാമനിർദേശ പത്രിക സമർപ്പിക്കാനൊരുങ്ങി ശശി തരൂർ എംപി. നെഹ്‌റു കുടുംബത്തിന്റെ പിന്തുണയുള്ള സ്ഥാനാർത്ഥിയുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്ന വേളയിലാണ് തരൂര്‍ സ്ഥാനാര്‍ത്ഥിത്വവുമായി മുമ്പോട്ടു പോകുന്നത്.

എഐസിസി ട്രഷറർ പവൻ കുമാർ ബൻസലും നാമനിർദേശ പത്രിക വാങ്ങിയതായി തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദനൻ മിസ്ത്രി പറഞ്ഞു. അത് മറ്റാർക്കോ വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യുന്നതിന്റെ ഭാഗമായി മിസ്ത്രി ചൊവ്വാഴ്ച രാവിലെ ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

സെപ്തംബർ 24 മുതൽ മുപ്പതു വരെയാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം. ഒക്ടോബർ ഒന്നിന് സൂക്ഷ്മ പരിശോധന നടക്കും. ഒക്ടോബർ എട്ടു വരെ പത്രിക പിൻവലിക്കാനുള്ള സമയമുണ്ട്. ഒക്ടോബർ എട്ടിന് വൈകിട്ട് അഞ്ചിന് അന്തിമ സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിക്കും. ഒക്ടോബർ 17നാണ് തെരഞ്ഞെടുപ്പ്. 19ന് ഫലം പ്രസിദ്ധീകരിക്കും.

മത്സര സന്നദ്ധത അറിയിച്ച് നേരത്തെ തരൂര്‍ ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മുതിര്‍ന്ന നേതാവ് രാഹുല്‍ ഗാന്ധിയുമായും അദ്ദേഹം ചര്‍ച്ച നടത്തി. എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ തരൂരിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തോട് പുറംതിരിഞ്ഞു നില്‍ക്കുകയാണ്.

ഗെഹ്‌ലോട്ടിന് പകരക്കാരനായില്ല

രാജസ്ഥാനിലെ അപ്രതീക്ഷിത വിമത നീക്കത്തിന് പിന്നാലെ അശോക് ഗെഹ്‌ലോട്ടിന്റെ സ്ഥാനാർത്ഥിത്വത്തിൽ അനിശ്ചിതത്വമുണ്ട്. തന്റെ അറിവോടെയല്ല എംഎൽഎമാർ രാജി ഭീഷണി മുഴക്കിയത് എന്ന് ഗെഹ്‌ലോട്ട് വിശദീകരിച്ചെങ്കിലും നെഹ്‌റു കുടുംബം അതു വിശ്വാസത്തിലെടുത്തിട്ടില്ല. രാജസ്ഥാനിലെ നാടകീയ സംഭവങ്ങൾ നാണക്കേടുണ്ടാക്കി എന്ന വിലയിരുത്തലിലാണ് ഹൈക്കമാൻഡ്.

ഗെഹ്‌ലോട്ടിന് പകരം മുകുൾ വാസ്‌നിക്, മല്ലികാർജ്ജുൻ ഖാർഗെ, ദിഗ്‌വിജയ് സിങ്, കെസി വേണുഗോപാൽ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. വിശാലമായ സംഘടനാ പരിചയമുള്ള നേതാവാണ് മുകുൾ വാസ്‌നിക്. യൂത്ത് കോൺഗ്രസിന്റെയും എൻ.എസ്.യു.ഐയുടെയും അധ്യക്ഷനായിരുന്നു. എന്നാൽ തരൂരിനെ പോലെ, സംഘടനയിൽ അഴിച്ചുപണി ആവശ്യപ്പെട്ട ജി23 നേതാക്കളിൽപ്പെട്ടയാളാണ് വാസ്‌നിക്.

പത്തു തവണ തുടർച്ചയായി തെരഞ്ഞെടുപ്പിൽ വിജയിച്ച മല്ലികാർജ്ജുൻ ഖാർഗെ ഗാന്ധി കുടുംബത്തോട് അടുത്തയാളാണ്. എന്നാൽ ഗുൽബർഗയ്ക്ക് പുറത്ത് എണ്‍പതുകാരനായ ഖാർഗെയ്ക്ക് ജനപ്രീതിയില്ല. പ്രായവും പ്രശ്‌നമായി നിൽക്കുന്നു.

ഹിന്ദുത്വയ്‌ക്കെതിരെ കടുത്ത എതിർപ്പുയർത്തുന്ന നേതാവാണ് ദിഗ് വിജയ് സിങ്. രണ്ടു തവണ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്നു. ഠാക്കൂർ വിഭാഗത്തിൽ നിന്നുള്ള നേതാവാണ്. എന്നാൽ പലകുറി നടത്തിയ വിവാദ പരാമർശങ്ങൾ പാർട്ടിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

ഗാന്ധി കുടുംബത്തോട് ചേർന്നു നിൽക്കുന്ന കെ.സി വേണുഗോപാലിന് സ്വന്തം തട്ടകമായ കേരളത്തിൽ നിന്നാകും ഏറ്റവും കൂടുതൽ എതിർപ്പു നേരിടേണ്ടി വരിക. ജനപ്രീതിയില്ലാത്തതും പാർട്ടിയിലെ ഗ്രൂപ്പു വഴക്കും ഇദ്ദേഹത്തിന്റെ സാധ്യതകൾക്കു മേൽ മങ്ങലേൽപ്പിക്കുന്നു. മുന്‍ കേന്ദ്രമന്ത്രി കമല്‍നാഥിന്‍റെ പേരും പരിഗണനയിലുണ്ട്. എന്നാല്‍ ഗാന്ധി കുടുംബത്തിന്‍റെ ഗുഡ് ബുക്കിലുള്ള നേതാവല്ല കമല്‍നാഥ്.

TAGS :

Next Story