Quantcast

ബാബരി മസ്ജിദ് തകർത്ത ദിവസം 'ശൗര്യ ദിവസ്'; പ്രതിഷേധത്തിനൊടുവില്‍ വിവാദ ഉത്തരവ് റദ്ദാക്കി രാജസ്ഥാൻ സർക്കാർ

രാജസ്ഥാനിലെ സ്വകാര്യ-സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കാണ് നിര്‍ദേശം നല്‍കിയിരുന്നത്

MediaOne Logo

Web Desk

  • Published:

    30 Nov 2025 2:45 PM IST

ബാബരി മസ്ജിദ് തകർത്ത ദിവസം ശൗര്യ ദിവസ്; പ്രതിഷേധത്തിനൊടുവില്‍ വിവാദ ഉത്തരവ് റദ്ദാക്കി രാജസ്ഥാൻ സർക്കാർ
X

രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി മദന്‍ ദിലാവര്‍

ജയ്പൂര്‍: ബാബരി മസ്ജിദ് തകർത്ത ഡിസംബർ ആറിന് 'ശൗര്യ ദിവസ്' ആയി ആചരിക്കണമെന്ന വിവാദ ഉത്തരവ് റദ്ദാക്കി രാജസ്ഥാൻ സർക്കാർ.

രാജസ്ഥാനിലെ സ്കൂളുകൾക്കായിരുന്നു വിദ്യാഭ്യാസ മന്ത്രി മദന്‍ ദിലാവര്‍ നിർദേശം നൽകിയിരുന്നത്. ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളെ തുടർന്ന് ഉത്തരവ് പിൻവലിക്കുന്നതായാണ് വിദ്യാഭ്യാസ വകുപ്പിന്റെ അറിയിപ്പ്. വിഷയത്തിൽ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും മുസ്‌ലിം സംഘടനകളും എതിർപ്പ് ഉന്നയിച്ചിരുന്നു.

സംസ്ഥാനത്തെ സ്വകാര്യ-സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കാണ് നിര്‍ദേശം നല്‍കിയിരുന്നത്. നേരത്തെ, മന്ത്രിയുടെ ഉത്തരവ് പ്രകാരം വിദ്യാഭ്യാസ ഡയറക്ടര്‍ സ്‌കൂളുകള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ വിതരണം ചെയ്തിരുന്നു.

"ബാബരി മസ്ജിദ് തകർത്ത ദിവസം (ഡിസംബർ 6) എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകളിലും ശൗര്യ ദിവസ് ആയി ആഘോഷിക്കും. ഈ ദിവസം വിദ്യാർത്ഥികൾ അവരുടെ ദേശസ്നേഹവും ദേശീയതയും വളർത്തുന്ന വിവിധ സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കും"- സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസ ഡയറക്ടറേറ്റ് (ബിക്കാനീർ) ഇന്നലെ രാത്രി പുറപ്പെടുവിച്ച വിവാദ ഉത്തരവില്‍ ഇങ്ങനെയായിരുന്നു പരാമര്‍ശം.

അടുത്ത വർഷം മുതല്‍ ഈ ദിനം സ്കൂൾ കലണ്ടറിൽ തന്നെ ഉൾപ്പെടുത്തുമെന്നും വർഷം തോറും ആഘോഷിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. അതേസമയം നിര്‍ദേശത്തിനെതിരെ കോൺഗ്രസ് രംഗത്ത് എത്തിയിരുന്നു."ബാബരി മസ്ജിദ് തകര്‍ത്തത് തന്നെ ഒരു ക്രിമിനൽ കുറ്റമായിരുന്നു. ബിജെപി സർക്കാർ ചരിത്രത്തെ വളച്ചൊടിച്ച് സ്കൂൾ കുട്ടികളുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണ്''- വക്താവ് സ്വർണിം ചതുർവേദി പറഞ്ഞു.

നമ്മൾ ഒരു മതേതര രാജ്യത്താണ് ജീവിക്കുന്നത്. ബാബരി മസ്ജിദ് പൊളിച്ചുമാറ്റിയത് ആഘോഷിക്കാൻ എല്ലാ വിദ്യാർത്ഥികളെയും നിർബന്ധിക്കാൻ സർക്കാരിന് എങ്ങനെ കഴിയുമെന്ന് രാജസ്ഥാൻ മുസ്‌ലിം ഫോറം ജനറൽ സെക്രട്ടറി മുഹമ്മദ് നസിമുദ്ദീൻ ചോദിച്ചു.

Watch Video Report


TAGS :

Next Story