Quantcast

'അവൾ കുഴപ്പം ക്ഷണിച്ചുവരുത്തുകയായിരുന്നു'; പീഡനക്കേസിൽ അലഹബാദ് ഹൈക്കോടതി ജഡ്ജിയുടെ ഉത്തരവ് വിവാദത്തിൽ

പരാതിക്കാരിയുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നും ഉഭയ സമ്മതത്തോടെയുള്ള ലൈം​ഗികബന്ധമാണ് നടന്നതെന്നുമാണ് കോടതി നിരീക്ഷണം.

MediaOne Logo

Web Desk

  • Published:

    10 April 2025 4:09 PM IST

She Invited Trouble: Allahabad High Court Judges Bail Order In Rape Case
X

അലഹബാദ്: പീഡനക്കേസ് പ്രതിക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് വിവാദത്തിൽ. മാറിടത്തിൽ സ്പർശിക്കുന്നതും പൈജമയുടെ ചരട് അഴിക്കാൻ ശ്രമിക്കുന്നതും പീഡനശ്രമമായി കാണാനാവില്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് അടുത്തിടെ വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിവാദ ഉത്തരവ്.

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ബിരുദാനന്തര ബിരുദ വിദ്യാർഥിയായ യുവതി ഡൽഹിയിൽ പെയിങ് ഗസ്റ്റായി താമസിച്ചുവരികയായിരുന്നു. സെപ്റ്റംബർ 21ന് ഇവർ സുഹൃത്തുക്കൾക്കൊപ്പം ഹൗസ് ഖാസിലെ ഒരു റസ്‌റ്റോറന്റിലെത്തി. പുലർച്ചെ മൂന്ന് മണി വരെ മദ്യപിച്ച് ക്ഷീണിതയായ യുവതി പ്രതിയോട് സഹായം അഭ്യർഥിക്കുകയും അവന്റെ വീട്ടിൽ വിശ്രമിക്കാൻ സ്വയം തയ്യാറാവുകയുമായിരുന്നു എന്നാണ് ജസ്റ്റിസ് സഞ്ജയ് കുമാർ സിങ്ങിന്റെ ഉത്തരവിൽ പറയുന്നത്.

എന്നാൽ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകുന്നതിന് പകരം ബന്ധുവിന്റെ വീട്ടിലേക്ക് കൊണ്ടുപോയി തന്നെ രണ്ടു തവണ ബലാത്സംഗം ചെയ്‌തെന്നാണ് അതിജീവിതയുടെ ആരോപണം. എന്നാൽ അതിജീവിതയുടെ തന്നെ മൊഴികൾ പരിശോധിക്കുമ്പോൾ ഇതൊരു പീഡനമല്ലെന്നും ഉഭയ സമ്മതത്തോടെയുള്ള ലൈംഗികബന്ധമാണെന്നാണ് മനസ്സിലാകുന്നതെന്നും കോടതി പറഞ്ഞു.

ജാമ്യം അനുവദിച്ചാൽ പ്രതി രക്ഷപ്പെടാൻ ശ്രമിക്കുകയോ തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുകയോ ചെയ്യില്ലെന്ന് പ്രതിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചതായി ജഡ്ജി പറഞ്ഞു. പ്രതിയായ നിശ്ചൽ ഡിസംബർ 11 മുതൽ ജയിലിലാണ്. പ്രതിക്ക് നേരത്തെ യാതൊരു ക്രിമിനൽ പശ്ചാത്തലവുമില്ല. ജാമ്യം ദുരുപയോഗം ചെയ്യില്ലെന്ന് പ്രതിയുടെ അഭിഭാഷകൻ ഉറപ്പ് നൽകിയെന്നും ജസ്റ്റിസ് സിങ് പറഞ്ഞു. സർക്കാർ അഭിഭാഷകൻ ജാമ്യ ഹരജിയെ എതിർത്തെങ്കിലും വസ്തുതകളെ ഖണ്ഡിക്കാൻ കഴിഞ്ഞില്ലെന്ന് കോടതി ഉത്തരവിൽ പറയുന്നു.

കക്ഷികളുടെ അഭിഭാഷകരെ കേട്ട് വിഷയം പൂർണമായും പരിശോധിച്ചതിൽ നിന്ന്, ഇരയും കുറ്റാരോപിതനും പ്രായപൂർത്തിയായവരാണ് എന്നാണ് മനസ്സിലാകുന്നത്. അതിജീവിത എംഎ വിദ്യാർത്ഥിനിയായതിനാൽ, അവളുടെ പ്രവൃത്തിയുടെ ധാർമികതയും പ്രാധാന്യവും മനസ്സിലാക്കാൻ അവൾക്ക് കഴിവുണ്ടായിരുന്നു. ഇരയുടെ ആരോപണം ശരിയാണെന്ന് അംഗീകരിക്കപ്പെട്ടാലും, അവൾ തന്നെ കുഴപ്പങ്ങൾ ക്ഷണിച്ചുവരുത്തിയതാണെന്നും അതിന് അവൾ കൂടി ഉത്തരവാദിയാണെന്നും പറയേണ്ടിവരും. അവളുടെ വൈദ്യപരിശോധനയിൽ യുവതിയുടെ കന്യാചർമം കീറിയതായി കണ്ടെത്തി, പക്ഷേ ലൈംഗികാതിക്രമത്തെ കുറിച്ച് ഡോക്ടർ ഒന്നും പറഞ്ഞിട്ടില്ലെന്നും പ്രതി നിശ്ചൽ ചന്ദകിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിൽ ജഡ്ജി പറഞ്ഞു.

TAGS :

Next Story