ശൈഖ് ഹസീനയുടെ ഡൽഹിയിലെ മാധ്യമ പരിപാടി: കേന്ദ്ര സർക്കാരിന് പങ്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം
ശൈഖ് ഹസീനയുടെ പരിപാടിയെക്കുറിച്ച് ബംഗ്ലാദേശ് സർക്കാർ ആശങ്ക പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ വിശദീകരണം

ന്യൂഡൽഹി: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീന ഡൽഹിയിൽ നടത്തുന്ന മാധ്യമ സംവാദ പരിപാടിയുമായി കേന്ദ്ര സർക്കാരിന് യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം. ഒരു സ്വകാര്യ മാധ്യമ സ്ഥാപനമാണ് ഈ പരിപാടി സംഘടിപ്പിക്കുന്നതെന്നും, ഇതിൽ ഉയർന്നുവരുന്ന യാതൊരു അഭിപ്രായങ്ങളെയും സർക്കാർ പിന്തുണയ്ക്കുന്നില്ലെന്നും മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചു.
ശൈഖ് ഹസീനയുടെ പരിപാടിയെക്കുറിച്ച് ബംഗ്ലാദേശ് സർക്കാർ ആശങ്ക പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ ഈ വിശദീകരണം. ഇന്ത്യയുടെ മണ്ണിൽ നിന്നുകൊണ്ട് ബംഗ്ലാദേശിന്റെ സമാധാനാന്തരീക്ഷം തകർക്കുന്നതോ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കുന്നതോ ആയ രാഷ്ട്രീയ പ്രസ്താവനകൾ നടത്താൻ ഹസീനയെയും മറ്റ് അവാമി ലീഗ് നേതാക്കളെയും അനുവദിക്കരുതെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പരിപാടിയുമായി യാതൊരു ബന്ധവുമില്ലെന്ന് ഇന്ത്യ ഔദ്യോഗികമായി വ്യക്തമാക്കിയത്.
2024ൽ വലിയ തോതിലുള്ള വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് അധികാരം നഷ്‌ടപ്പെട്ട് ഇന്ത്യയിൽ അഭയം പ്രാപിച്ചതിന് ശേഷം ശൈഖ് ഹസീന നടത്തുന്ന ആദ്യത്തെ പരസ്യ പ്രതികരണമാണിത്. ആഗസ്റ്റ് അഞ്ചിന് ന്യൂഡൽഹിയിലെ ഫോറിൻ കറസ്‌പോണ്ടന്റ്‌സ് ക്ലബ് ഓഫ് സൗത്ത് ഏഷ്യയിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. വെർച്വലായി നടക്കുന്ന ഈ പരിപാടിയിൽ തന്റെ ഭാവി പദ്ധതികളെക്കുറിച്ചും ബംഗ്ലാദേശിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ചും അവർ സംസാരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹസീനയുടെ മകൻ സജീബ് വാസെദ് ജോയ്, മുൻ മന്ത്രി മുഹിബുൽ ഹസൻ ചൗധരി തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തേക്കും.
ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാരുമായി മികച്ച ബന്ധം നിലനിർത്താനും നയതന്ത്ര ബന്ധങ്ങൾ മെച്ചപ്പെടുത്താനും ഇന്ത്യ ശ്രമിക്കുന്നതിനിടെയാണ് ഈ സംഭവം. ശൈഖ് ഹസീനയുടെ ഇന്ത്യയിലെ സാന്നിധ്യവും അവരുടെ രാഷ്ട്രീയ പ്രസ്താവനകളും ഇരു രാജ്യങ്ങൾക്കുമിടയിൽ നയതന്ത്ര വെല്ലുവിളികൾ സൃഷ്ടിക്കുന്നുണ്ട്. എന്നിരുന്നാലും, ഇതൊരു സ്വകാര്യ ചടങ്ങാണെന്ന് ചൂണ്ടിക്കാട്ടി വിവാദങ്ങളിൽ നിന്ന് അകലം പാലിക്കാനാണ് കേന്ദ്ര സർക്കാർ നിലവിൽ ശ്രമിക്കുന്നത്.
Adjust Story Font
16

