എന്തുകൊണ്ടാണ് ഫഡ്നാവിസ് ഔദ്യോഗിക വസതിയിലേക്ക് താമസം മാറാത്തത്? എന്തിനെയാണ് ഭയക്കുന്നത്? സഞ്ജയ് റാവത്ത്
വര്‍ഷ പൊളിക്കാൻ പദ്ധതിയുണ്ടെന്നും ശിവസേന നേതാവ് പറഞ്ഞു

മുംബൈ: മഹാരാഷ്ട്രയില്‍ ഏകനാഥ് ഷിൻഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞെങ്കിലും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ വർഷ ഒഴിഞ്ഞിട്ടില്ല. ഇതിനിടെ പുതിയ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വർഷയിലേക്ക് കാലുകുത്താൻ ഭയപ്പെടുന്നുവെന്ന പരിഹാസവുമായി ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത് രംഗത്തെത്തി.
“വർഷ ബംഗ്ലാവിൽ എന്താണ് സംഭവിച്ചത്, അവിടെ പോകാൻ ഫഡ്‌നാവിസ് ഭയപ്പെടുന്നു,” റാവത്ത് തിങ്കളാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. മുഖ്യമന്ത്രിക്ക് സർക്കാർ അനുവദിച്ച വസതിയിലേക്ക് എന്തുകൊണ്ട് മാറുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. ഫഡ്നാവിസ് കുടുംബം അവിടെ താമസിക്കണമെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു. മറ്റാർക്കും മുഖ്യമന്ത്രി പദം കിട്ടാതിരിക്കാൻ കാമാഖ്യാദേവി ക്ഷേത്രത്തിൽ ബലിയർപ്പിച്ച ചുവന്ന മാനിൻ്റെ കൊമ്പ് ആരോ വര്‍ഷക്ക് പുറത്തുള്ള പുൽത്തകിടിയിൽ കുഴിച്ചിട്ടുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പരക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. "അങ്ങനെയൊരു സംസാരമുണ്ട്. അവരുടെ ആളുകൾ അത് പറയുന്നുണ്ട്. അവിടെയുള്ള ജീവനക്കാർ പറയുന്നു. ഇത് സത്യമാണോ ശരിയാണോ എന്നെനിക്കറിയില്ല," റാവത്ത് അവകാശപ്പെട്ടു.
വര്‍ഷ പൊളിക്കാന്‍ പദ്ധതിയുണ്ടെന്നും ശിവസേന നേതാവ് പറഞ്ഞു. ബംഗ്ലാവ് പൊളിച്ച് പുതിയത് നിർമിക്കാൻ തീരുമാനമെടുത്തിട്ടുണ്ടെന്ന് തനിക്ക് വിവരം ലഭിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഈ വിവരങ്ങള്‍ നിഷേധിച്ച ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി ആശിഷ് ഷെലാർ വർഷ ബംഗ്ലാവിൻ്റെ അറ്റകുറ്റപ്പണികൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണെന്നും കുറച്ച് ദിവസങ്ങൾക്ക് ശേഷം ഫഡ്‌നാവിസ് താമസം മാറുമെന്നും വ്യക്തമാക്കി. മറ്റ് ബംഗ്ലാവുകളെ കുറിച്ച് പറയുന്നതിന് മുമ്പ് എങ്ങനെയാണ് മാതോശ്രീ 2 ബംഗ്ലാവ് നിർമിച്ചതെന്ന് റാവത്ത് വിശദീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Adjust Story Font
16

