Quantcast

രാഹുൽ ഗാന്ധിയെ രാജ്യത്തുനിന്ന് പുറത്താക്കണം: പ്രഗ്യാ സിങ് ഠാക്കൂർ

2008ലെ മലേഗാവ് സ്‌ഫോടനക്കേസിൽ അന്വേഷണം നേരിടുന്ന വ്യക്തിയാണ് പ്രഗ്യാ സിങ്. ജാമ്യത്തിലിറങ്ങിയ ഇവർ ഭോപ്പാലിൽനിന്നുള്ള ബി.ജെ.പി എം.പിയാണ്.

MediaOne Logo

Web Desk

  • Published:

    12 March 2023 5:17 AM GMT

Should be thrown out of country: Pragya Thakur slams Rahul Gandhi
X

Pragya Thakur

ഭോപ്പാൽ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ രാജ്യത്തുനിന്ന് പുറത്താക്കണമെന്ന് ബി.ജെ.പി നേതാവും ഭോപ്പാൽ എം.പിയുമായ പ്രഗ്യാ സിങ് ഠാക്കൂർ. വിദേശ വനിതയുടെ മകന് ഒരിക്കലും രാജ്യസ്‌നേഹിയാകാൻ കഴിയില്ലെന്ന് ചാണക്യൻ പറഞ്ഞിട്ടുണ്ട്. അത് ശരിയാണെന്ന് രാഹുൽ ഗാന്ധി തെളിയിച്ചെന്നും പ്രഗ്യ സിങ് പറഞ്ഞു.

അടുത്തിടെ യു.കെയിൽ നടന്ന പരിപാടിയിൽ സംസാരിച്ച രാഹുൽ ഗാന്ധി മോദി സർക്കാർ പ്രതിപക്ഷത്തെ സംസാരിക്കാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ചിരുന്നു. പാർലമെന്റിൽ സംസാരിക്കുമ്പോൾ പലപ്പോഴും പ്രതിപക്ഷ അംഗങ്ങളുടെ മൈക്ക് ഓഫ് ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെതിരെയാണ് പ്രഗ്യ സിങ്ങിന്റെ പരാമർശം.

''താങ്കൾ വിദേശത്ത് പോയി പാർലമെന്റിൽ സംസാരിക്കാൻ അവസരം ലഭിക്കുന്നില്ലെന്ന് പറഞ്ഞു. ഇതിനേക്കാൾ അപമാനകരമായി മറ്റൊന്നുമില്ല. രാഹുൽ ഗാന്ധിക്ക് രാഷ്ട്രീയത്തിൽ ഇനിയും അവസരം കൊടുക്കരുത്. രാജ്യത്തുനിന്ന് പുറത്താക്കണം''- പ്രഗ്യ സിങ് പറഞ്ഞു.

പാർലമെന്റ് സുഗമമായി പ്രവർത്തിച്ചാൽ കൂടുതൽ കാര്യങ്ങൾ നടക്കും. അങ്ങനെ സംഭവിച്ചാൽ കോൺഗ്രസിന് ഒരിക്കലും അതിജീവിക്കാനാവില്ല. അവർ അവസാനിക്കാൻ പോവുകയാണ്. ഇപ്പോൾ അവരുടെ മനസും ദുഷിച്ചിരിക്കുന്നുവെന്നും പ്രഗ്യ സിങ് പറഞ്ഞു.

ലണ്ടനിൽ നടത്തിയ പ്രഭാഷണത്തിൽ ഇന്ത്യയിലെ ജനാധിപത്യം വെല്ലുവിളി നേരിടുകയാണെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിപക്ഷം എന്ന ആശയത്തെ തന്നെ നിലവിലെ സർക്കാർ അംഗീകരിക്കുന്നില്ല. അതിർത്തിയിലെ ചൈനയുടെ കയ്യേറ്റം പാർലമെന്റിൽ ചർച്ച ചെയ്യാൻ പോലും സർക്കാർ തയ്യാറാകുന്നില്ലെന്നും രാഹുൽ ആരോപിച്ചിരുന്നു.

2008ലെ മലേഗാവ് സ്‌ഫോടനക്കേസിൽ അന്വേഷണം നേരിടുന്ന വ്യക്തിയാണ് പ്രഗ്യ സിങ് ഠാക്കൂർ. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇവർ ജാമ്യത്തിലിറങ്ങിയത്. എന്നാൽ ജാമ്യത്തിലിറങ്ങിയ ശേഷം ഭോപ്പാലിൽനിന്ന് ബി.ജെ.പി സ്ഥാനാർഥിയായി പാർലമെന്റിലേക്ക് മത്സരിച്ചു ജയിച്ചു. വിചാരണയ്ക്ക് പോലും ഹാജരാകാൻ പറ്റാത്ത ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നാണ് പ്രഗ്യാ സിങ് കോടതിയെ അറിയിച്ചത്. അതിന് ശേഷം നിരവധി പൊതുപരിപാടികളിൽ പങ്കെടുത്തെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

TAGS :

Next Story