Quantcast

‘മോദി സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വാശ്രയത്വം തകർക്കുന്നു’; റിപ്പോർട്ടേഴ്‌സ് കലക്ടീവ് വാർത്ത പങ്കുവെച്ച് സിദ്ധരാമയ്യ

‘ജമ്മു കശ്മീർ ബി.ജെ.പിക്ക് പണം കൊള്ളയടിക്കാനുള്ള ഉപകരണം’

MediaOne Logo

Web Desk

  • Updated:

    2024-01-19 06:17:03.0

Published:

19 Jan 2024 5:03 AM GMT

modi and sidharamayya
X

സംസ്ഥാനങ്ങളുടെ ഫണ്ട് വെട്ടിക്കുറക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രഹസ്യമായി ശ്രമിച്ചെന്ന റിപ്പോർട്ടേഴ്സ് കലക്ടീവിന്റെ വാർത്ത പങ്കുവെച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇതുസംബന്ധിച്ച് അൽജസീറയിൽ വന്ന റിപ്പോർട്ട് പങ്കുവെച്ചാണ് സിദ്ധരാമയ്യ മോദിക്കെതിരെ ആഞ്ഞടിച്ചത്.

സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വാശ്രയത്വത്തിൽ കൈകടത്തുകയാണ് നരേന്ദ്ര മോദി. സർക്കാറിന്റെ രഹസ്യ അജണ്ടയെ തുറന്നുകാട്ടുകയാണ് നിതി ആയോഗ് സി.ഇ.ഒ ബി.വി.ആർ സുബ്രഹ്മണ്യത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലെന്നും സിദ്ധരാമയ്യ സാമൂഹിക മാധ്യമമായ ‘എക്സി’ൽ ചൂണ്ടിക്കാട്ടി.

ഈ അനീതി ഞങ്ങൾ എപ്പോഴും ഉന്നയിക്കാറുണ്ട്. എന്നാൽ ബി.ജെ.പിയുടെ അന്ധരായ എം.പിമാർ ഇതൊന്നും കണ്ടില്ല. അവർ എത്രയും വേഗം ഉണരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു.ഈ നടപടികളുടെ അനന്തരഫലങ്ങൾ ദൂരവ്യാപകമാണ്. പ്രത്യേകിച്ച് ഇത്തരം അനീതികൾക്കെതിരെ ദീർഘകാലമായി പോരാട്ടം നടത്തുന്ന കർണാടക പോലുള്ള സംസ്ഥാനങ്ങൾക്ക്.

സംസ്ഥാനങ്ങളുടെ നികുതി വിഹിതം 32 ശതമാനത്തിൽനിന്ന് 42 ശതമാനമായി ഉയർത്തുന്നത് എതിർക്കുകയാണ് മോദി സർക്കാർ. സംസ്ഥാനങ്ങളെ ശാക്തീകരിക്കുമെന്ന പറഞ്ഞുനടക്കുന്ന മോദിയുടെ ഇരട്ടത്താപ്പാണ് ഇത് വ്യക്തമാക്കുന്നത്.

സംസ്ഥാനങ്ങൾക്ക് അനുവദിക്കുന്ന ഫണ്ട് ഗണ്യമായി വെട്ടിക്കുറക്കാൻ 2014 മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ധനകാര്യ കമ്മീഷനുമായി രഹസ്യ ചർച്ചകളിൽ ഏർപ്പെട്ടിരുന്നു. എന്നാൽ, അവർ ഇതിന് വഴങ്ങിയില്ല. മോദിയുടെ വാഗ്ദാനങ്ങളും അദ്ദേഹത്തിന്റെ യഥാർത്ഥ നയങ്ങളും തമ്മിലുള്ള കടുത്ത വൈരുദ്ധ്യം ഇത് വെളിപ്പെടുത്തുന്നുവെന്നും സിദ്ധരാമയ്യ പറഞ്ഞു.

കേന്ദ്രനികുതിയുടെ വലിയൊരു വിഹിതം നിലനിർത്താൻ മോദി സർക്കാറിന് 48 മണിക്കൂറിനുള്ളിൽ തങ്ങളുടെ ആദ്യ സമ്പൂർണ ബജറ്റ് തിടുക്കത്തിൽ തിരുത്തിയെഴുതേണ്ടി വന്നുവെന്ന വെളിപ്പെടുത്തൽ അവരുടെ ഇരട്ടമുഖമാണ് തുറന്നുകാണിക്കുന്നത്. തിരക്കിട്ട് ബജറ്റ് തയാറാക്കിയതോടെ നിർണായകമായ ക്ഷേമ പദ്ധതികൾക്കുള്ള തുക വെട്ടിക്കുറച്ചു. ഇത് സർക്കാറിന്റെ മുൻഗണനകളുടെ ഭയാനകമായ ചിത്രമാണ് വെളിപ്പെടുത്തുന്നത്.

വനിതാ ശിശുവികസന മന്ത്രാലയത്തിനായുള്ള വിഹിതം 36,000 കോടി രൂപയിൽ നിന്ന് 18,000 കോടി രൂപയായി കുറച്ചു. കേന്ദ്രതലത്തിലെ നയമാറ്റങ്ങൾ സമൂഹത്തിലെ ഏറ്റവും ദുർബലരായ വിഭാഗങ്ങളെ എങ്ങനെ പ്രതികൂലമായി ബാധിക്കുമെന്നതിന്റെ വ്യക്തമായ ഉദാഹരണമാണിത്. സ്‌കൂൾ വിദ്യാഭ്യാസത്തിനുള്ള വകയിരുത്തലിൽ മുൻവർഷത്തേക്കാൾ 18.4 ശതമാനമാണ് വെട്ടിക്കുറച്ചത്.

ജമ്മു കശ്മീരിലെ സാമ്പത്തിക ക്രമക്കേടിൽ ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാറിന് പങ്കുണ്ടെന്നും റിപ്പോർട്ടിലുണ്ട്. തെറ്റായ രീതിയിലാണ് പല ഫണ്ടുകളും അനുവദിച്ചത്. ജമ്മു കശ്മീർ ബി.ജെ.പിക്ക് പണം കൊള്ളയടിക്കാനുള്ള ഉപകരണമായിരുന്നു.

കശ്മീർ പോലുള്ള വൈകാരിക മേഖലയിലെ ഫണ്ടുകളുടെ ദുരുപയോഗം ശാക്തീകരണത്തിന്റെ മറവിൽ നടക്കുന്ന കൊള്ളയെയാണ് സൂചിപ്പിക്കുന്നത്. ഈ സാമ്പത്തിക ക്രമക്കേട് ജമ്മു കശ്മീരിൽ ബി.ജെ.പിയുടെ നേരിട്ടുള്ള നിയന്ത്രണത്തിനുള്ള പ്രേരണയായിരുന്നോ എന്നും സിദ്ധരാമയ്യ തന്റെ പോസ്റ്റിൽ ചോദിക്കുന്നുണ്ട്.

സംസ്ഥാനങ്ങളുടെ ധനസ്ഥിതി ചൂഷണം ചെയ്യാൻ പ്രധാനമന്ത്രിയും സംഘവും തുടക്കം മുതൽ ശ്രമിച്ചിരുന്നുവെന്ന് കേന്ദ്ര സർക്കാറിലെ ഉന്നത സർക്കാർ ഉദ്യോഗസ്ഥൻ പരസ്യമായി സമ്മതിക്കുന്നത് ഇതാദ്യമാണ്. സംസ്ഥാനങ്ങളുടെ ഫണ്ട് വെട്ടിക്കുറക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രഹസ്യമായി ശ്രമിച്ചെന്നാണ് വെളിപ്പെടുത്തല്‍. അന്വേഷണാത്മക മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ റിപ്പോർട്ടേഴ്‌സ് കലക്ടീവ് ആണ് വാർത്ത പുറത്തുവിട്ടത്. പ്രധാനമന്ത്രിയുടെ ഓഫീസിൽ ജോയിന്‍റ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന ബി.വി.ആർ സുബ്രഹ്മണ്യം ആണ് ഇക്കാര്യം തുറന്നുപറഞ്ഞതെന്ന് റിപ്പോർട്ടേഴ്‌സ് കലക്ടീവിലെ ശ്രീഗിരീഷ് ജലിഹല്‍ മീഡിയവണിനോട് പറഞ്ഞു.

നീതി ആയോഗിലൂടെ സംസ്ഥാന ഫണ്ടുകൾ വൻതോതിൽ വെട്ടിക്കുറക്കാൻ നരേന്ദ്ര മോദി നടത്തിയ ശ്രമങ്ങളെ തുറന്നുകാട്ടിയത് തികച്ചും ആകസ്മികമായായിരുന്നു. സെന്റർ ഫോർ സോഷ്യൽ ആൻഡ് ഇക്കണോമിക് പ്രോഗ്രസ് കഴിഞ്ഞ വർഷം സംഘടിപ്പിച്ച ഇന്ത്യയിലെ സാമ്പത്തിക റിപ്പോർട്ടിങ്ങിനെക്കുറിച്ചുള്ള സെമിനാറിൽ സംസാരിക്കവെയാണു നിർണായക വിവരങ്ങൾ വെളിപ്പെടുത്തിയത്. സംസ്ഥാന ഫണ്ടുകൾ വൻതോതിൽ വെട്ടിക്കുറക്കാൻ ധനകാര്യ കമ്മീഷനുമായി മോദി പിൻവാതിൽ ചർച്ചകൾ നടത്തി. പക്ഷെ സംസ്ഥാനത്തിന്റെ വിഹിതം തീരുമാനിക്കുന്ന നീതി ആയോഗ് ചെയർമാൻ വൈ.വി. റെഡ്ഡി ഇക്കാര്യം അംഗീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story