Quantcast

2014 മുതൽ ഇഡി രജിസ്റ്റർ ചെയ്തത് 6000ത്തിലധികം കേസുകൾ; ശിക്ഷിക്കപ്പെട്ടത് 120 പ്രതികൾ മാത്രം

രാഷ്ട്രീയക്കാർക്കെതിരെ ഫയൽ ചെയ്ത കേസുകളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോഴും മിക്ക കേസുകളും ശിക്ഷാവിധികളിലേക്കെത്താത്ത സാഹചര്യമുണ്ടെന്നതും ശ്രദ്ധേയം

MediaOne Logo

Web Desk

  • Published:

    2 Dec 2025 11:09 AM IST

2014 മുതൽ ഇഡി രജിസ്റ്റർ ചെയ്തത് 6000ത്തിലധികം കേസുകൾ; ശിക്ഷിക്കപ്പെട്ടത് 120 പ്രതികൾ മാത്രം
X

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായെങ്കിലും കോടതികളിൽ ശിക്ഷാവിധികൾ ഉറപ്പാക്കുന്നതിൽ ഏജൻസി ഏറെ പിന്നിലാണെന്ന് കണക്കുകൾ. 2014 ജൂൺ മുതൽ 2025 ഒക്ടോബർ വരെയുള്ള കാലയളവിനുള്ളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രാജ്യത്താകെ 6,312 കേസുകൾ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം പ്രകാരം രജിസ്റ്റർ ചെയ്തതായി പാർലമെന്റിൽ അവതരിപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ, ഇതേ കാലയളവിൽ വിചാരണ പൂർത്തിയാക്കി ശിക്ഷാവിധി ഉറപ്പാക്കാൻ ഏജൻസിക്ക് സാധിച്ചത് ആകെ 120 പ്രതികൾക്ക് മാത്രമാണ്. കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ അറിയിച്ചത്.

രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ, വിചാരണയിൽ വിജയിച്ച് പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കുന്നതിൽ ഇഡി നേരിടുന്ന വെല്ലുവിളി ഈ കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു. കള്ളപ്പണം വെളുപ്പിക്കൽ കുറ്റം നിലനിൽക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് 93 കേസുകളിൽ ഇഡി ക്ലോഷർ റിപ്പോർട്ടുകൾ സമർപ്പിച്ചിട്ടുണ്ടെന്നും ധനകാര്യ സഹമന്ത്രി സമർപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നു.

2019ലെ ധനകാര്യ നിയമത്തിലെ ഭേദഗതി പ്രകാരം (പിഎംഎൽഎയിലെ സെക്ഷൻ 44(1)(b) ഭേദഗതി) 2019 ഓഗസ്റ്റ് ഒന്നു മുതൽ കള്ളപ്പണം വെളുപ്പിക്കൽ കുറ്റം നിലനിൽക്കാത്ത കേസുകളിൽ ഇഡി സ്പെഷ്യൽ കോടതിയിൽ ക്ലോഷർ റിപ്പോർട്ട് ഫയൽ ചെയ്യേണ്ടതുണ്ട്. ഈ ഭേദഗതി പ്രാബല്യത്തിൽ വന്ന ശേഷം 93 കേസുകളിൽ ഇത്തരത്തിൽ ക്ലോഷർ റിപ്പോർട്ടുകൾ സമർപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ഭേദഗതിക്ക് മുമ്പുള്ള കാലയളവിൽ (പിഎഎൽഎ പ്രാബല്യത്തിൽ വന്ന 2005 ജൂലൈ ഒന്നു മുതൽ 2019 ജൂലൈ 31 വരെ) കള്ളപ്പണം വെളുപ്പിക്കൽ കുറ്റം നിലനിൽക്കാത്ത കേസുകൾ റീജിയണൽ സ്പെഷ്യൽ ഡയറക്ടർ ഓഫ് എൻഫോഴ്സ്മെന്റിന്റെ അനുമതിയോടെയാണ് അവസാനിപ്പിച്ചിരുന്നത്. ഈ കാലയളവിൽ 1,185 കേസുകൾ ഇപ്രകാരം ക്ലോസ് ചെയ്തിരുന്നു.

പ്രധാന കുറ്റകൃത്യത്തിന്റെ കേസ് അവസാനിപ്പിക്കുക, കോടതിയിൽ പ്രധാന കുറ്റകൃത്യം തെളിയിക്കപ്പെട്ടില്ല എന്ന് കണ്ടെത്തുക, പ്രഥമ വിവര റിപ്പോർട്ട് (FIR) റദ്ദാക്കുക തുടങ്ങിയവയാണ് ക്ലോഷർ റിപ്പോർട്ട് സമർപ്പിക്കാനുള്ള കാരണങ്ങളായി കാണിച്ചിട്ടുള്ളത്.

നരേന്ദ്ര മോദി ആദ്യമായി അധികാരമേറ്റതിന് തൊട്ടുപിന്നാലെയുള്ള 2014 ജൂൺ ഒന്നു മുതൽ 2025 നവംബർ ഒന്ന് വരെയുള്ള കാലയളവിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസുകളുടെയും ശിക്ഷാവിധികൾ നേടിയതിന്റെയും എണ്ണം തൃണമൂൽ കോൺഗ്രസ്സിന്റെ പശ്ചിമ ബംഗാൾ അസൻസോളിൽ നിന്നുള്ള എംപിയും മുൻ നടനുമായ ശത്രുഘ്‌നൻ സിൻഹ ആവശ്യപ്പെട്ടിരുന്നു. ചൗധരി നൽകിയ കണക്കനുസരിച്ച്, ഈ കാലയളവിൽ ഇഡി ആകെ 6,312 കേസുകൾ രജിസ്റ്റർ ചെയ്യുകയും 120 ശിക്ഷാവിധികൾ ഉറപ്പാക്കുകയും ചെയ്തു.

2019-2020 സാമ്പത്തിക വർഷത്തിന് മുമ്പ് ഇഡി രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 200 കടന്നിട്ടില്ല എന്നാൽ 2019-2020 സാമ്പത്തിക വർഷത്തിൽ അത് 557 ആയി ഉയർന്നു, 2020-21ൽ ഇത് 996 ആയും 2021-22ൽ 1,116 ആയും വർധിച്ചു. അതിനുശേഷം ചെറിയ രീതിയിൽ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ടെങ്കിലും ഒരു വർഷം 700ൽ കുറഞ്ഞിട്ടില്ല.

മോദി സർക്കാർ പിഎംഎൽഎയിൽ കൊണ്ടുവന്ന ഭേദഗതികളിലൂടെ ഇഡിയുടെ അധികാരങ്ങൾ വിപുലപ്പെടുത്തിയിട്ടുണ്ട്. ഈ ഭേദഗതികളിൽ ജാമ്യം നേടാൻ പ്രതികൾക്ക് പ്രാഥമികമായി തങ്ങളുടെ നിരപരാധിത്വം തെളിയിക്കണം എന്ന വ്യവസ്ഥയും ഉൾപ്പെടുന്നു. ബിജെപിയുടെ രാഷ്ട്രീയ എതിരാളികളെ ലക്ഷ്യം വയ്ക്കാൻ പിഎംഎൽഎ ദുരുപയോഗം ചെയ്യാൻ ഏജൻസിയെ അനുവദിക്കുന്നു എന്ന് വിമർശകർ പറയുന്നു. ഭേദഗതികളെ ശരിവെച്ചുകൊണ്ടുള്ള സുപ്രിംകോടതിയുടെ 2022ലെ വിധി വളരെയധികം വിവാദപരമായിരുന്നു. ഈ വിധിക്ക് എതിരായ ഹരജി നിലവിൽ സുപ്രിംകോടതിയിലെ മൂന്നംഗ ബെഞ്ച് പരിഗണിക്കുന്നുണ്ട്.

ഈ വർഷം ആദ്യം സുപ്രിംകോടതിയുടെ ഒരു ബെഞ്ച് ഇഡി രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ ഏജൻസിക്ക് ലഭിച്ച ശിക്ഷാവിധികൾ കുറവാണെന്ന് നിരീക്ഷിച്ചിരുന്നു. രാഷ്ട്രീയക്കാർക്കെതിരെ ഫയൽ ചെയ്ത കേസുകളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോഴും മിക്ക കേസുകളും ശിക്ഷാവിധികളിലേക്കെത്താത്ത സാഹചര്യമുണ്ടെന്നതും ശ്രദ്ധേയമാണ്.

TAGS :

Next Story