രണ്ടര മാസത്തിനിടെ 35 അതിക്രമങ്ങൾ; ബംഗാളിൽ ക്രൈസ്തവർക്ക് നേരെ ഹിന്ദുത്വ സംഘടനകളുടെ വ്യാപക അക്രമം
മതപരിവർത്തനം ആരോപിച്ച് ഹിന്ദു ജാഗരൺ മഞ്ച്, വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗ് ദൾ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് ഗ്രാമീണ മേഖലകളിൽ അക്രമങ്ങളും ഭീഷണികളും അരങ്ങേറുന്നത്

- Published:
27 Sept 2026 3:02 PM IST

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ കഴിഞ്ഞ മേയ് മാസത്തിൽ ഭാരതീയ ജനതാ പാർട്ടി (ബിജെപി) അധികാരമേറ്റതിനു പിന്നാലെ, ക്രൈസ്തവ സമൂഹങ്ങൾക്കും പ്രാർഥനാ കേന്ദ്രങ്ങൾക്കും നേരെ സംഘ്പരിവാർ-ഹിന്ദുത്വ സംഘടനകൾ നടത്തുന്ന അതിക്രമങ്ങൾ വ്യാപകമാകുന്നതായി റിപ്പോർട്ട്. ജൂലൈ മുതൽ സെപ്റ്റംബർ 20 വരെയുള്ള രണ്ടര മാസത്തിനിടെ പ്രാർഥനാ യോഗങ്ങൾ തടസപ്പെടുത്തലും ദേവാലയങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളും ഉൾപ്പെടെ 35-ഓളം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി വസ്തുതാന്വേഷണ പോർട്ടലായ ആൾട്ട് ന്യൂസ് പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
മതപരിവർത്തനം ആരോപിച്ച് ഹിന്ദു ജാഗരൺ മഞ്ച്, വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി), ബജ്റംഗ് ദൾ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രധാനമായും ഗ്രാമീണ മേഖലകളിൽ അക്രമങ്ങളും ഭീഷണികളും അരങ്ങേറുന്നത്. സ്വന്തമായി കെട്ടിടമുള്ള പരമ്പരാഗത ദേവാലയങ്ങളേക്കാൾ, വീടുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചെറു പ്രാർഥനാ കൂട്ടായ്മകളെയാണ് (ഹൗസ് ചർച്ചുകൾ) സംഘം പ്രധാനമായും ലക്ഷ്യമിടുന്നത്. പല സംഭവങ്ങളിലും പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും അക്രമികൾക്കെതിരെ കാര്യക്ഷമമായ നടപടിയുണ്ടാകുന്നില്ലെന്നും ഇരകളെയാണ് പലപ്പോഴും സ്റ്റേഷനുകളിലേക്ക് വിളിപ്പിക്കുന്നതെന്നും പരാതിയുണ്ട്.
വിവിധ ജില്ലകളിൽ ഇത്തരത്തിലുള്ള ആക്രമണങ്ങൾ ഒരു പ്രത്യേക രീതിയിൽ വർധിച്ചുവരികയാണെന്ന് ബംഗീയ ക്രിസ്തീയ പരിസേബ (ബംഗാൾ ക്രിസ്ത്യൻ കൗൺസിൽ) സ്ഥാപകൻ ഹെറോഡ് മല്ലിക് ചൂണ്ടിക്കാട്ടി. നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് പലതവണ ശ്രമിച്ചെങ്കിലും സർക്കാർ ചെവികൊള്ളുന്നില്ലെന്നും കുരിശുകൾ തകർക്കപ്പെടുകയും ആളുകൾ മർദനത്തിനിരയാവുകയും ചെയ്യുമ്പോൾ സർക്കാർ മൗനം പാലിക്കുന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭയപ്പെടുത്തിയോ നിർബന്ധിച്ചോ ഉള്ള മതപരിവർത്തനത്തോട് ക്രൈസ്തവ സഭ പൂർണമായും എതിരാണെന്നും അടിസ്ഥാനരഹിതമായ പ്രചാരണങ്ങളാണ് അക്രമികൾ അഴിച്ചുവിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വിവിധ ജില്ലകളിൽ അരങ്ങേറിയ പ്രധാന അതിക്രമങ്ങൾ
ഈസ്റ്റ് മിഡ്നാപൂർ (സെപ്റ്റംബർ 20): ഖേജൂരി ബ്ലോക്ക് രണ്ടിന് കീഴിലുള്ള ദേഖാലി ജൽപായ് ഗ്രാമത്തിലെ പ്രാർഥനാ കേന്ദ്രത്തിലേക്ക് വിഎച്ച്പി, ബജ്റംഗ് ദൾ പ്രവർത്തകരായ അമ്പതോളം പേർ ഇരച്ചുകയറുകയും പ്രാർഥന തടസപ്പെടുത്തുകയും ചെയ്തു. ക്രിസ്തുമതം ഇന്ത്യൻ സംസ്‌കാരമല്ലെന്ന് ആക്രോശിച്ച സംഘം, പാസ്റ്ററുടെ കൊച്ചുമകൻ ഉൾപ്പെടെയുള്ളവരെ കൈയേറ്റം ചെയ്യുകയും പള്ളി പൂട്ടി ഭിത്തികളിൽ 'റാം' എന്ന് എഴുതിവെക്കുകയും ചെയ്തു. സംഭവത്തിൽ ഖേജൂരി പൊലീസ് കേസെടുത്തിട്ടുണ്ട്.
ഹൗറ (സെപ്റ്റംബർ 16): അംതയിലെ ഘോരാബേരിയ ദക്ഷിൺ ഭത്തോറ ഗ്രാമത്തിൽ വീട്ടുപ്രാർഥന നടത്തുകയായിരുന്ന പുതുൽ മന്ന, കാഞ്ചൻ മന്ന ദമ്പതികളുടെ വീട്ടിലേക്ക് സംഘടിച്ചെത്തിയവർ അതിക്രമിച്ചുകയറി. ക്രിസ്തുമതം ഉപേക്ഷിച്ച് ഹിന്ദുമതത്തിലേക്ക് മാറിയില്ലെങ്കിൽ വീട്ടിൽനിന്ന് പുറത്താക്കുമെന്ന് സംഘം ഭീഷണിപ്പെടുത്തിയതായി ദമ്പതികൾ ആരോപിച്ചു. എന്നാൽ സംഭവത്തിൽ രേഖാമൂലം പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് ജയ്പൂർ പൊലീസ് നൽകുന്ന വിശദീകരണം.
വെസ്റ്റ് മിഡ്നാപൂർ (സെപ്റ്റംബർ 13): ദന്തനിലെ സിർണി ഗ്രാമത്തിൽ വീട്ടുപ്രാർഥന നടക്കവെ കാവി വസ്ത്രധാരികളായ സംഘം 'ജയ് ശ്രീറാം' വിളികളോടെ ആക്രമിച്ചു. ഇന്ത്യയിൽ പള്ളികളും പള്ളിക്കൂടങ്ങളും അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവിറക്കിയിട്ടുണ്ടെന്ന് അവകാശപ്പെട്ട സംഘം, പ്രാർഥനയിൽ പങ്കെടുത്തവരെ മരത്തിൽ കെട്ടിയിടുമെന്ന് ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തു.
ബാങ്കുര (സെപ്റ്റംബർ 12): ജയ്പൂരിലെ ശ്യാമനഗറിൽ അധ്യാപികയായ തുളസി ദാസിന്റെ വീട്ടിലേക്ക് ഹിന്ദു ജാഗരൺ മഞ്ച്, ബജ്റംഗ് ദൾ പ്രവർത്തകർ ഇരച്ചുകയറി മതപരിവർത്തനം ആരോപിച്ച് ഭീഷണി മുഴക്കി. താൻ ഹിന്ദുമത വിശ്വാസിയാണെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് യേശുവിനോട് പ്രാർഥിക്കുന്നതെന്നും തുളസി ദാസ് വ്യക്തമാക്കിയെങ്കിലും, സ്‌കൂളിൽനിന്ന് സസ്പെൻഡ് ചെയ്യിക്കുമെന്നും ഊരുവിലക്ക് ഏർപ്പെടുത്തുമെന്നും അക്രമികൾ ഭീഷണിപ്പെടുത്തി.
സൗത്ത് 24 പർഗാനാസ് (സെപ്റ്റംബർ 10): കുൽപിയിലെ പട്കേൽബേരിയയിൽ ബജ്റംഗ് ദൾ, വിഎച്ച്പി പ്രവർത്തകർ പ്രാർഥനാ യോഗത്തിൽ പങ്കെടുത്ത പ്രായമായ സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ ഭീഷണിപ്പെടുത്തുകയും ബൈബിൾ വലിച്ചുകീറുകയും ചെയ്തു. തങ്ങൾ സ്വന്തം ഇഷ്ടപ്രകാരമാണ് പ്രാർഥിക്കുന്നതെന്ന് വ്യക്തമാക്കിയ സ്ത്രീകൾക്കു നേരെ ക്രൂരമായ അസഭ്യവർഷവും ഭീഷണിയുമാണ് ഉണ്ടായത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ രീതിയിൽ നടക്കുന്ന സംഘടിത അതിക്രമങ്ങൾക്കെതിരെ ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ കടുത്ത അരക്ഷിതാവസ്ഥ നിലനിൽക്കുകയാണ്.
Adjust Story Font
16
