'കോൺഗ്രസ് ഉള്ളതുകൊണ്ടാണ് മുസ്‌ലിംകൾ ഉള്ളത്'; തെലങ്കാന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ അപലപിച്ച് എസ്‌ഐഒ
ഒരു സമുദായത്തിന്റെ ശക്തിയും മൂല്യവും അതിന്റെ തത്വങ്ങളിലാണ് നിലകൊള്ളുന്നതെന്നും അല്ലാതെ രാഷ്ട്രീയ ശക്തികളുടെ പ്രീണനത്തിലോ സഹായത്തിലോ അല്ലെന്നും എസ്‌ഐഒ തെലങ്കാന സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു

ഹൈദരാബാദ്: 'കോൺഗ്രസ് ഹെ തോ മുസൽമാൻ ഹെ, കോൺഗ്രസ് നഹി തോ ആപ് കുച്ച് നഹി' (കോൺഗ്രസ് ഉള്ളതുകൊണ്ടാണ് മുസ്ലിംകളുള്ളത്, കോൺഗ്രസ് ഇല്ലെങ്കിൽ നിങ്ങൾ ഒന്നുമല്ല) എന്ന തെലങ്കാന മുഖ്യമന്ത്രിയുടെ പരാമർശത്തെ അപലപിച്ച് എസ്‌ഐഒ. പരാമർശം അങ്ങേയറ്റം അപമാനകരവും വിഭജനപരവുമാണെന്ന് എസ്‌ഐഒ ഓർമിപ്പിച്ചു. ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ജൂബിലി ഹിൽസ് മണ്ഡലത്തിലെ റാലിയിലാണ് രേവന്ത് റെഡ്ഡി വിവാദ പരാമർശം നടത്തിയത്.
ഒരു സമുദായത്തിന്റെ ശക്തിയും മൂല്യവും അതിന്റെ തത്വങ്ങളിലാണ് നിലകൊള്ളുന്നതെന്നും അല്ലാതെ രാഷ്ട്രീയ ശക്തികളുടെ പ്രീണനത്തിലോ സഹായത്തിലോ അല്ലെന്നും എസ്‌ഐഒ തെലങ്കാന യൂണിറ്റ് പ്രസ്താവനയിൽ പറഞ്ഞു. ഇത്തരത്തിലുള്ള പരാമർശം രാഷ്ട്രീയ ഉത്തരവാദിത്തമില്ലാത്തത് മാത്രമല്ല, മുസ്‌ലിം സമുദായത്തിന്റെ ആത്മാഭിമാനത്തെയും അന്തസ്സിനെയും അപമാനിക്കലുമാണ്. ഭരണഘടന വിഭാവന ചെയ്യുന്ന തുല്യതയെ തുരങ്കംവയ്ക്കുന്ന ഈ പരാമർശം പിൻവലിച്ച് മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറയണമെന്നും എസ്‌ഐഒ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പരാമർശങ്ങളെ ഭാരത് രാഷ്ട്ര സമിതി വർക്കിങ് പ്രസിഡന്റ് കെ.ടി. രാമ റാവുവും അപലപിച്ചു. ഒരു വ്യക്തിയോ മതമോ തങ്ങൾ കാരണമാണ് നിലനിൽക്കുന്നതെന്ന മിഥ്യാധാരണ വ്യക്തികൾക്കോ രാഷ്ട്രീയ പാർട്ടികൾക്കോ ഉണ്ടാകരുതെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടന പൗരന്മാർക്കെല്ലാം മതസ്വാതന്ത്ര്യം അടിസ്ഥാന അവകാശമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മഹത്തായ രാജ്യത്തിന്റെ ഭരണഘടനയാണ് പൗരന്മാർക്ക് അവരുടെ മതം സ്വീകരിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനും സ്വാതന്ത്ര്യം നൽകുന്നത്. ഇന്ത്യയെ മതേതര രാഷ്ട്രമായി ഭരണഘടനയുടെ ആമുഖത്തിൽ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാൽ, ഒരു വ്യക്തിയോ മതമോ തങ്ങൾ കാരണമാണ് നിലനിൽക്കുന്നതെന്ന മിഥ്യാധാരണയിൽ നിന്ന് വ്യക്തികളും രാഷ്ട്രീയ പാർട്ടികളും പുറത്തുവരണമെന്നും ബിആർഎസ് നേതാവ് എക്സ് പോസ്റ്റിൽ പറഞ്ഞു.
Adjust Story Font
16

