ന്യൂനപക്ഷ സ്കോളർഷിപ്പുകളുടെ വിതരണത്തിലെ അനാസ്ഥ; അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് എസ്ഐഒ എംപിമാർക്ക് നിവേദനം നൽകി
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള എസ്‌ഐഒ പ്രതിനിധികളാണ് എംപിമാർക്ക് നിവേദനം നൽകിയത്.

ന്യൂഡൽഹി: മൗലാന ആസാദ് നാഷണൽ ഫെലോഷിപ്പ് (MANF), ഒബിസി, എസ്‌സി, എസ്ടി നോൺ - നെറ്റ് ഫെലോഷിപ്പ് തുടങ്ങിയവയുടെ വിതരണത്തിലെ കാലതാമസം, വിവിധ സ്‌കോളർഷിപ്പുകൾ, നിർത്തലാക്കിയത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പാർലമെന്റിന്റെ അടിയന്തിര ഇടപെടൽ ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് എസ്ഐഒ നേതാക്കൾ പാർലമെന്റ് അംഗങ്ങൾക്ക് നിവേദനങ്ങൾ കൈമാറി. ഫെല്ലോഷിപ്പ് വിതരണത്തിലെ അനാസ്ഥയും വിവിധ സ്കോളർഷിപ്പുകൾ കേന്ദ്ര സർക്കാർ നിർത്തലാക്കിയതും ന്യൂനപക്ഷ, പിന്നാക്ക മേഖലയിലെ വിദ്യാർഥികളുടെ ഉന്നത വിദ്യാഭ്യാസത്തെ ആസൂത്രിതമായി തകർക്കുന്ന നടപടിയാണെന്ന് നേതാക്കൾ പറഞ്ഞു.
കാലതാമസത്തിനുള്ള നഷ്ടപരിഹാരം ഉൾപ്പെടെ എല്ലാ MANF ഫെലോഷിപ്പുകളും ഉടൻ വിതരണം ചെയ്യണമെന്നും പ്രീ-മെട്രിക് ന്യൂനപക്ഷ പദ്ധതികൾ തുടങ്ങിയവ പുനഃസ്ഥാപിക്കണമെന്നും സ്കോളർഷിപ്പുകൾക്ക് ബജറ്റ് വെട്ടിക്കുറച്ചതടക്കം തിരുത്തണമെന്നും ഫെലോഷിപ്പ് അവാർഡുകളിൽ സുതാര്യത പുനഃസ്ഥാപിച്ചുകൊണ്ട് മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കുള്ള നാഷണൽ ഫെലോഷിപ്പ് (NFOBC) സെലക്ഷൻ ലിസ്റ്റ് സമയബന്ധിതമായി പ്രസിദ്ധീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
രാജസ്ഥാനിലെ സിക്കർ എംപി അമ്ര റാം, ആന്ധ്രാപ്രദേശിലെ വിജയവാഡ എംപി കെശിനേനി ചിന്നി, തെലങ്കാനയിലെ പെദ്ദപ്പള്ളി എംപി വംശി കൃഷ്ണ ഗദ്ദാം, എറണാകുളം എംപി ഹൈബി ഈഡൻ, പൊന്നാനി എംപി ഇടി മുഹമ്മദ് ബഷീർ, കോഴിക്കോട് എംപി എംകെ രാഘവൻ, രാജ്യസഭ എംപി അഡ്വ. ഹാരിസ് ബീരാൻ, തമിഴ്നാട് ട്രിച്ചി എംപി ദുരൈ വൈകോ, പശ്ചിമ ബംഗാളിലെ ജംഗിപൂർ എംപി ഖലീലുർ റഹ്മാൻ, കർണാടക റായ്ച്ചൂർ എംപി ജി. കുമാർ നായിക്, പശ്ചിമ ബംഗാളിലെ കിഷൻഗഞ്ച് എംപി മുഹമ്മദ് ജാവേദ്, തെലങ്കാനയിലെ സഹീറാബാദ് എംപി സുരേഷ് ഷെട്കർ തുടങ്ങിയ പാർലിമെന്റ് അംഗങ്ങളുമായി വിവിധ സംസ്ഥാനങ്ങളിലെ എസ്ഐഒ നേതാക്കൾ കൂടിക്കാഴ്ച നടത്തുകയും നിവേദനം കൈമാറുകയും ചെയ്തു.
ബിഹാറിലെ കോൺഗ്രസ് എം പി മുഹമ്മദ് ജാവേദിന് നൽകിയ നിവേദനത്തിനു പിന്നാലെ വിഷയം കേന്ദ്ര ഗവണ്മെന്റിന്റെ ശ്രദ്ധയിൽ പെടുത്തുകയും മൗലാന ആസാദ് നാഷണൽ ഫെലോഷിപ്പ് പ്രകാരം കുടിശ്ശികയുള്ള ഫണ്ടുകൾ പിഎം യശ്വസ്വി പദ്ധതിയിലൂടെ അനുവദിക്കുന്നതിനുള്ള തുക അംഗീകാരം നൽകിയതായി കേന്ദ്ര മന്ത്രി പങ്കജ് ചൗധരിയുടെ മറുപടി മുഹമ്മദ് ജാവേദ് എക്സ് അകൗണ്ടിൽ പങ്കു വെച്ചു. എസ്ഐഒ നടത്തിയ ഇടപെടലുകളുടെ ഭാഗമായുള്ള നേട്ടമാണിത്.
എല്ലാ ഫെലോഷിപ്പുകളുടെയും കൃത്യമായ വിതരണത്തിനു വേണ്ടിയും സ്കോളർഷിപ്പുകൾ അന്യായമായി റദ്ദ് ചെയ്യുന്നതിനെതിരെയും ശക്തമായ പ്രതിഷേധം തുടരുമെന്ന് എസ്ഐഒ നേതാക്കൾ പറഞ്ഞു.
Adjust Story Font
16

