എസ്ഐആർ; പശ്ചിമബംഗാളിലെ 26 ലക്ഷം വോട്ടർമാരുടെ വിവരങ്ങളിൽ പൊരുത്തക്കേട്
കൂടുതൽ എന്യുമറേഷൻ ഫോമുകൾ തിരിച്ചെത്തുന്നതോടെ പട്ടികയിലെ പൊരുത്തക്കേട് വർധിച്ചേക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നിലവിലെ വോട്ടർ പട്ടികയിലുള്ള ഏകദേശം 26 ലക്ഷം വോട്ടർമാരുടെ പേരുകൾ 2002-ലെ വോട്ടർ പട്ടികയിലെ വിവരങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. മുമ്പ് നടന്ന എസ് ഐആറിന് ശേഷമുള്ള വോട്ടർപട്ടികയും നിലവിൽ പൂരിപ്പിച്ച് കിട്ടിയ ഫോമുകളിലെ വിവരങ്ങളും തമ്മിലാണ് പൊരുത്തക്കേടുകൾ. നിലവിൽ എസ്ഐആറിന്റെ ഭാഗമായി ആറ് കോടിയിലധികം എന്യുമറേഷൻ ഫോമുകൾ ഡിജിറ്റലൈസ് ചെയ്തു കഴിഞ്ഞു എന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
ഡിജിറ്റൈസേഷന് ശേഷം, ഓരോ ഫോമും 'മാപ്പിംഗിന് വിധേയമാക്കുന്നുണ്ട്. അപ്പോഴാണ് ഏറ്റവും പുതിയ വിവരങ്ങൾ മുമ്പത്തെ എസ്ഐആർ രേഖകളുമായി ഒത്തുനോക്കുന്നത്. ഇത്തരത്തിലുള്ള മാപ്പിംഗ് നടത്തിയപ്പോഴാണ് 26 ലക്ഷം വോട്ടർമാർക്ക് 2002 ലെ പട്ടികയുമായി പൊരുത്തക്കേടുകൾ കണ്ടെത്തിയത്. കൂടുതൽ എന്യുമറേഷൻ ഫോമുകൾ തിരിച്ചെത്തുന്നതോടെ പട്ടികയിലെ പൊരുത്തക്കേട് വർധിച്ചേക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ തന്നെ പറയുന്നുണ്ട്. അതേസമയം, ഈ ഘട്ടത്തിലെ പൊരുത്തക്കേട് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യുന്നു എന്ന് അർത്ഥമാക്കേണ്ടതില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നുണ്ട്. അന്തിമതീരുമാനം കൂടുതൽ സൂക്ഷമപരിശോധനയ്ക്കും ഫീൽഡ് പരിശോധനകൾക്കും ശേഷമായിരിക്കും.
പശ്ചിമ ബംഗാൾ ഉൾപ്പെടെ 12 ഇടങ്ങളിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ രണ്ടാം ഘട്ട എസ്ഐആർ പ്രഖ്യാപിച്ചിരിക്കുന്നത്. ധൃതിപിടിച്ചുള്ള എസ്ഐആറിനെതിരെ വലിയ പ്രതിഷേധവും നിയമപോരാട്ടവുമാണ് നടക്കുന്നത്. ബീഹാറിൽ 2025 ഓഗസ്റ്റ് 1-ന് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ നിന്ന് 65 ലക്ഷം വോട്ടർമാരെ നീക്കം ചെയ്തത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.
Adjust Story Font
16

