എസ്ഐആർ: 'വീടുകളും രേഖകളുമില്ല, വോട്ടവകാശം നിഷേധിക്കരുത്'; അപ്പീലുമായി സോനാഗച്ചിയിലെ 12,000 ലൈംഗികത്തൊഴിലാളികൾ
സോനാഗച്ചിയിൽ ലൈംഗികത്തൊഴിലാളികൾക്കായി പ്രത്യേക വെരിഫിക്കേഷൻ ക്യാമ്പുകൾ നടത്തണമെന്നാണ് ദർബാർ മഹിളാ സമന്വയ കമ്മിറ്റിയുടെ പ്രധാന ആവശ്യം

Photo| Special Arrangement
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്ഐആർ) പ്രക്രിയ ആരംഭിച്ചതോടെ രേഖകളുടെ അഭാവം കാരണം വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കപ്പെടുമോ എന്ന ഭയത്തിലാണ് സോനാഗച്ചിയിലെ ആളുകൾ. വോട്ടവകാശം നിഷേധിക്കരുതെന്നാവശ്യപ്പെട്ട് സോനാഗച്ചിയിലെ 12,000 ലൈംഗികത്തൊഴിലാളികൾ ചീഫ് ഇലക്ടറൽ ഓഫീസർക്ക് അപ്പീൽ നൽകി.
കൊൽക്കത്തയിലെ ലൈംഗികത്തൊഴിലാളികളുടെ വോട്ടവകാശം ഉറപ്പാക്കാൻ ദർബാർ മഹിളാ സമന്വയ കമ്മിറ്റി എന്ന പ്രമുഖ എൻജിഒയാണ് പശ്ചിമ ബംഗാൾ ചീഫ് ഇലക്ടറൽ ഓഫീസർക്ക് രേഖാമൂലം അപ്പീൽ നൽകിയിരിക്കുകയാണ്. സോനാഗച്ചിയിൽ ലൈംഗികത്തൊഴിലാളികൾക്കായി പ്രത്യേക വെരിഫിക്കേഷൻ ക്യാമ്പുകൾ നടത്തണമെന്നാണ് ദർബാർ കമ്മിറ്റിയുടെ പ്രധാന ആവശ്യം.
ലൈംഗികത്തൊഴിലാളികളിൽ ഭൂരിഭാഗവും വർഷങ്ങൾക്ക് മുമ്പ് വീട് വിട്ടുപോയവരോ കുടുംബങ്ങളുമായി യാതൊരു ബന്ധവുമില്ലാത്തവരോ ആണ്. ഈ സാഹചര്യത്തിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ആവശ്യമായ യഥാർത്ഥ രേഖകൾ പലരുടെയും കൈവശം ലഭ്യമല്ല. ഈ നിയമപരമായ തടസ്സമാണ് എസ്ഐആർ പ്രക്രിയയിൽ അവർക്ക് പ്രധാന വെല്ലുവിളിയാകുന്നത്. ലഭ്യമായ മറ്റു രേഖകൾ പരിഗണിച്ച് അവർക്ക് വോട്ടവകാശം ഉറപ്പാക്കാനുള്ള പ്രത്യേക നടപടി സ്വീകരിക്കണമെന്ന് ദർബാർ മഹിളാ സമന്വയ സമിതി സെക്രട്ടറി ബിശാഖ ലാസ്കർ എഎൻഐയോട് പറഞ്ഞു.
ലൈംഗികത്തൊഴിലാളികൾക്ക് അവരുടെ താമസസ്ഥലം തെളിയിക്കാൻ എൻജിഒ അല്ലെങ്കിൽ പിയർ വെരിഫിക്കേഷൻ ഉപയോഗിച്ച് സ്വയം പ്രഖ്യാപിക്കാൻ അനുവാദം നൽകുന്ന ഓൺ-സൈറ്റ് രജിസ്ട്രേഷൻ ഡ്രൈവുകൾ നടത്തണമെന്ന് എൻജിഒ ആവശ്യപ്പെട്ടു. സോനാഗച്ചിയിൽ താമസിക്കുന്ന 8000 പേരടക്കം ആകെ 12,000 ലൈംഗികത്തൊഴിലാളികളുടെ പേരുകൾ ഉൾപ്പെടുത്തുന്നതിനുള്ള രേഖാമൂലമുള്ള അപേക്ഷ അധികാരികൾക്ക് സമർപ്പിച്ചതായും ദർബാർ കമ്മിറ്റി അറിയിച്ചു.
Adjust Story Font
16

