ബിഹാറിൽ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ബിജെപി എംഎൽഎ ആര്‍ജെഡിയിൽ ചേര്‍ന്നു
പിർപൈന്തി എംഎൽഎയായ ലാലൻ കുമാർ ആണ് ബുധനാഴ്ച ബിജെപിയിൽ നിന്നും രാജിവച്ചത്

Photo| X
പറ്റ്ന: ബിഹാറിൽ രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ബിജെപി എംഎൽഎ പാര്‍ട്ടിവിട്ട് ആര്‍ജെഡിയിൽ ചേര്‍ന്നു. പിർപൈന്തി എംഎൽഎയായ ലാലൻ കുമാർ ആണ് ബുധനാഴ്ച ബിജെപിയിൽ നിന്നും രാജിവച്ചത്.
ഭഗൽപൂർ ജില്ലയിലെ സംവരണ പട്ടികജാതി സീറ്റായ പിർപൈന്തി നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ആയിരുന്നു ലാലൻ കുമാർ. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിന് ഒരു ദിവസം മാത്രം ശേഷിക്കെ, കുമാര്‍ പാർട്ടി വിട്ടത് ബിജെപിക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. 2020 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ കുമാർ വിജയം ഉറപ്പാക്കിയിരുന്നു. എന്നാൽ ഇത്തവണ ബിജെപി സീറ്റ് നൽകാത്തതിൽ അദ്ദേഹം അസ്വസ്ഥനായിരുന്നു. പകരം ബിജെപി മുരാരി പാസ്വാനെയാണ് മത്സരിപ്പിച്ചത്.
പ്രതിപക്ഷമായ ആർജെഡിയിൽ ചേർന്നതിന് ശേഷം ലാലൻ കുമാർ ബിഹാർ പ്രതിപക്ഷ നേതാവ് (എൽഒപി) തേജസ്വി യാദവിനെയും മുൻ മുഖ്യമന്ത്രി റാബ്റി ദേവിയെയും കണ്ടു." രാഷ്ട്രീയ ജനതാദളിന്റെ സംഘം വളർന്നു കൊണ്ടേയിരിക്കട്ടെ. ഇന്നു മുതൽ ഞാനും അതിൽ ചേർന്നു. ബിഹാറിനെ തേജസ്വിക്ക് സമർപ്പിച്ചിരിക്കുന്ന ഒരു സംസ്ഥാനമാക്കണം. നാമെല്ലാവരും ഇത് ഒരുമിച്ച് ചെയ്യാൻ ദൃഢനിശ്ചയം ചെയ്തിട്ടുണ്ട്. തേജസ്വിയാണ് വർത്തമാനവും തേജസ്വിയാണ് ഭാവിയും. ജയ് ഭീം" എന്ന് ലാലൻ കുമാർ തന്‍റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.
"ബിജെപിയുടെ ലോബിയിംഗ് കാരണം, നിലവിലെ എംഎൽഎ ശ്രീ ലാലൻ പാസ്വാൻ ഇന്ന് ബിജെപി വിട്ട് ആർജെഡി കുടുംബത്തിൽ ചേർന്നു" എന്ന് ആർജെഡി എക്‌സിൽ പോസ്റ്റ് ചെയ്തു. പിർപൈന്തിയിൽ ബിജെപിയുടെ മുരാരി പാസ്വാനും ആർജെഡിയുടെ രാംവിലാസ് പാസ്വാനും തമ്മിലാണ് മത്സരം. അതേസമയം, ജൻ സൂരജ് പാർട്ടി (ജെഎസ്പി) ഘനശ്യാം ദാസിനെ സ്ഥാനാർഥിയാക്കി.
121 നിയമസഭാ സീറ്റുകളിലേക്ക് നവംബർ 6 ന് ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കും. ബാക്കിയുള്ള 122 മണ്ഡലങ്ങളിലേക്ക് നവംബർ 11 ന് രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കും.
Adjust Story Font
16

