Quantcast

കർണാടകയിൽ ഹിജാബ് ധരിച്ച് സ്‌കൂളിലെത്തിയ ആറു വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തു

12 വിദ്യാർത്ഥികളെ ക്ലാസിൽ പ്രവേശിക്കാൻ അനുവദിക്കാതെ തിരിച്ചയയ്ക്കുകയും ചെയ്തിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    2 Jun 2022 3:22 PM GMT

കർണാടകയിൽ ഹിജാബ് ധരിച്ച് സ്‌കൂളിലെത്തിയ ആറു വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തു
X

ബംഗളൂരു: കർണാടകയിൽ ഹിജാബ് ധരിച്ച് ക്ലാസുകളിലെത്തിയ ആറു വിദ്യാർത്ഥികൾക്ക് സസ്‌പെൻഷന്. 12 പേരെ തിരിച്ചയയ്ക്കുകയും ചെയ്തു. ദക്ഷിണ കന്നഡയിലാണ് സംഭവം.

ഉപ്പിനങ്ങാടി ഗവൺമെന്റ് പ്രീ യൂനിവേഴ്‌സിറ്റി കോളജിലെ ആറു വിദ്യാർത്ഥികളെയാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. ഹിജാബുമായി ബന്ധപ്പെട്ട് സർക്കാർ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ നിരന്തരമായി ലംഘിച്ചെന്ന് ആരോപിച്ചാണ് നടപടി.

കോളജ് പ്രിൻസിപ്പൽ അധ്യാപകരുമായി ചർച്ച നടത്തിയ ശേഷമാണ് നടപടിയെടുത്തതെന്നാണ് വിവരം. ക്ലാസ്മുറികളിൽ ഹിജാബ് വിലക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവിനെയും ഹൈക്കോടതി വിധിയെയും കുറിച്ച് വിദ്യാർത്ഥികളെ നേരത്തെ തന്നെ ധരിപ്പിച്ചിരുന്നുവെന്നാണ് അധികൃതർ പറയുന്നത്.

അതേസമയം, ഹംപനകട്ടെയിലെ മംഗളൂരു യൂനിവേഴ്‌സിറ്റി കോളജിലെത്തിയ 12 വിദ്യാർത്ഥികളെയാണ് തിരിച്ചയച്ചത്. ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥികൾ ക്ലാസിലിരിക്കാൻ അനുവദിക്കണമെന്ന് പ്രിൻസിപ്പലിനോട് ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല. സിൻഡിക്കേറ്റ് യോഗത്തിലെ തീരുമാനപ്രകാരമായിരുന്നു നടപടിയെന്നാണ് അധികൃതർ അറിയിച്ചത്. തുടർന്ന് വിദ്യാർത്ഥികൾ ജില്ലാ കലക്ടറെ സമീപിച്ചു. ഹിജാബ് ധരിച്ച് ക്ലാസിലിരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, സർക്കാരിന്റെ മാർഗനിർദേശങ്ങളും കോടതി ഉത്തരവും പാലിക്കാൻ കലക്ടർ നിർദേശിക്കുകയായിരുന്നു.

ഉഡുപ്പിയിലെ പ്രീ യൂനിവേഴ്‌സിറ്റി ഗവൺമെന്റ് വനിതാ കോളജിൽ ഹിജാബ് ധരിച്ചെത്തിയ ആറു വിദ്യാർത്ഥികളെ സ്ഥാപനാധികൃതർ തടഞ്ഞതിനു പിന്നാലെയാണ് കർണാടകയിൽ പുതിയ വിവാദത്തിനു തുടക്കമായത്. അന്താരാഷ്ട്രതലത്തിൽ തന്നെ ഹിജാബ് വിവാദം വാർത്തകളിൽ നിറഞ്ഞു. ഒടുവിൽ, വിദ്യാർത്ഥികളുടെ ഹരജി പരിഗണിച്ച കർണാടക ഹൈക്കോടതി ക്ലാസ്മുറികളിലും കാംപസിനകത്തും ഹിജാബ് പൂർണമായി നിരോധിച്ച് ഉത്തരവിറക്കുകയായിരുന്നു.

Summary: Six students suspended, 12 sent back for wearing hijab in Karnataka

TAGS :

Next Story